മണ്ണാർക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറ തെയ്യംകുണ്ട് വെള്ളിയാറിൽ ഗർഭിണിയായ കാട്ടാന പടക്കം പൊട്ടി ചരിഞ്ഞ സംഭവത്തിൽ പൊലീസും വനംവകുപ്പും സംയുക്തമായി ആന്വേഷണം ആരംഭിച്ചു. ഷൊർണൂർ ഡിവൈ.എസ്.പി എൻ.മുരളീധരന്റെയും മണ്ണാർക്കാട് ഡി.എഫ്.ഒ കെ.കെ.സുനിൽകുമാറിന്റെയും നേതൃത്വത്തിലാണ് അന്വേഷണം.
പൊലീസിലെ സ്നിഫർ - ട്രാക്കിംഗ് ഡോഗുകളെ കൊണ്ടുവന്ന് ആനത്താരകൾ കണ്ടെത്താനുള്ള അന്വേഷണമാണ് ആദ്യം നടത്തുക. കഴിഞ്ഞ 23ന് അമ്പലപ്പാറ മേഖലയിൽ കാട്ടാനയെ കണ്ട നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിച്ചെങ്കിലും പുഴയിൽ നിന്ന് ആനയെ കരയ്ക്കെത്തിക്കാനും അടിയന്തര ചികിത്സ ലഭ്യമാക്കാനും വൈകിയെന്നും ആരോപണമുണ്ട്.
ചരിഞ്ഞ കാട്ടാനയുടെ ശരീരത്തിലെ മുറിവുകൾക്ക് രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്ഫോടനത്തിൽ വായും നാവും തകർന്ന നിലയിലായിരുന്നു. വലതുവശത്തെ താടിയെല്ലുകൾ പുറത്തുകാണുന്ന രീതിയിലും. ശരീരത്തിൽ മറ്റെവിടെയും മുറിപ്പാടുകളില്ലെന്നും ശ്വാസകേശത്തിൽ വെള്ളം കയറിയതിനെ തുടർന്നാണ് ആന ചരിഞ്ഞതെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സാരമായി പരിക്കേറ്റതിനെ തുടർന്ന് രണ്ടാഴ്ചയോളമായി ഭക്ഷണം കഴിക്കാത്തതിനാൽ ആന അവശനിലയിലായിരുന്നു. ആനയ്ക്ക് എവിടെനിന്ന് പരിക്കേറ്റെന്ന് വ്യക്തമല്ലാത്തതിനാൽ പൊലീസും വനംവകുപ്പും നിലമ്പൂർ മുതൽ മണ്ണാർക്കാട് മേഖലകൾ വരെയുള്ള വിവിധ തോട്ടങ്ങളിലും സൈലന്റ് വാലി വനമേഖലയോട് ചേർന്നുള്ള ആനത്താരകളിലും പരിശോധന നടത്തുന്നു.
കുറ്റക്കാർക്കെതിരെ
കർശന നടപടി
തിരുവനന്തപുരം: ഗർഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തരവാദികളെ കണ്ടെത്തി കനത്ത ശിക്ഷ നൽകുമെന്ന് ചീഫ് വൈൽഡ് വാർഡൻ സുരേന്ദ്രകുമാർ അറിയിച്ചു. സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്ന വാർത്തകൾ ശരിയല്ല. പാലക്കാട് മണ്ണാർക്കാട് വനം ഡിവിഷനിലാണ്.
പടക്കം നിറച്ച പൈനാപ്പിൾ ആനയെ തീറ്റിച്ചതാണെന്ന പ്രചാരണവും വിശ്വാസ്യയോഗ്യമല്ല. പൈനാപ്പിൾ, ചക്ക, വാഴപ്പഴം എന്നിവയിലേതിലെങ്കിലും പടക്കം നിറച്ച് വന്യമൃഗങ്ങളെ തുരത്താനായി കൃഷിയിടങ്ങളിൽ ഇട്ടിരിക്കാനാണ് സാദ്ധ്യത. വനാതിർത്തികളോടു ചേർന്നുള്ള എല്ലാ കൃഷിയിടങ്ങളിലും ദ്രുതപരിശോധന നടത്തും. ആന കൊല്ലപ്പെട്ട സംഭവം അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ഇതുസംബന്ധിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം നൽകും. നാട്ടാന പരിപാലനത്തിനും സംരക്ഷണത്തിനും നിയമം പാസാക്കിയ ആദ്യസംസ്ഥാനമാണ് കേരളം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |