ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കോൺഗ്രസ് വിട്ടുവന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ ബി.ജെ.പി ബാന്ധവത്തിൽ കല്ലുകടിയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ അദ്ദേഹത്തിന്റെ ട്വിറ്റർ ബയോയിൽ നിന്ന് (വ്യക്തി വിവരങ്ങൾ നൽകുന്ന ഭാഗം) ബി.ജെ.പി' എന്ന ഭാഗം ഒഴിവാക്കി. തുടർന്ന് സിന്ധ്യ പാർട്ടി വിടുകയാണെന്ന് വാർത്ത പരന്നു. പിന്നീട്, ട്വിറ്റർ ബയോയിൽ ബി.ജെ.പി എന്ന് ചേർത്തിട്ടില്ലെന്ന് സിന്ധ്യ വ്യക്തമാക്കി.
ബി.ജെ.പിയുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും ട്വിറ്റർ ബയോ സംബന്ധിച്ച ഊഹാപോഹങ്ങൾ അസംബന്ധമാണെന്നും സിന്ധ്യ പറഞ്ഞു. അഭ്യൂഹങ്ങൾ സംസ്ഥാന ബി.ജെ.പി നേതൃത്വവും തള്ളിയിട്ടുണ്ട്. 'ക്രിക്കറ്റ് പ്രേമി, പൊതുപ്രവർത്തകൻ' എന്നതാണ് സിന്ധ്യയുടെ ഇപ്പോഴത്തെ ബയോ. ട്വിറ്റർ ബയോയിൽ നിന്ന് 'കോൺഗ്രസ്' എന്ന ഭാഗം നീക്കം ചെയ്‌തുകൊണ്ടാണ് അദ്ദേഹം പാർട്ടി വിടുന്ന കാര്യം വിളംബരം ചെയ‌്തത്. വൈകാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തി കഴിഞ്ഞ മാർച്ചിൽ 18 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു. എന്നാൽ അതിനു ശേഷം ബി.ജെ.പി എന്നു ചേർത്തിട്ടില്ലെന്നാണ് ട്വിറ്റർ അക്കൗണ്ട് ചരിത്രം വ്യക്തമാക്കുന്നത്. അതേസമയം പ്രതീക്ഷിച്ച അംഗീകാരം ലഭിക്കാത്തതിനാൽ ബി.ജെ.പിക്കുള്ളിൽ സിന്ധ്യ അതൃപ്‌തനാണെന്ന അഭ്യൂഹം ശക്തമാണ്.
സിന്ധ്യ രാജ്യസഭയിലേക്കോ?
ബാലേന്ദു ശുക്ല കോൺഗ്രസിൽ
ജൂൺ 19 ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി സിന്ധ്യ മദ്ധ്യപ്രദേശിൽ നിന്ന് മത്സരിക്കുമെന്നും അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ, ബി.ജെ.പി മുൻ മന്ത്രി ബാലേന്ദു ശുക്ല കോൺഗ്രസിൽ ചേർന്നു. കോൺഗ്രസിൽ നിന്ന് രാജിവച്ചാണ് 2009ൽ അദ്ദേഹം ബി.ജെ.പിയിൽ ചേക്കേറിയത്. സിന്ധ്യ ബി.ജെ.പിയിൽ വരുന്നത് എതിർത്ത ശുക്ള അവിടെ തുടരാനാകില്ലെന്ന് വ്യക്തമായതോടെ കോൺഗ്രസിൽ മടങ്ങിയെത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |