ചേർത്തല: കേരളം കണ്ട ഏറ്റവും നല്ല വിദ്യാഭ്യാസ മന്ത്റിയാണ് പ്രൊഫ.സി.രവീന്ദ്രനാഥെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സമംഗ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ആർ.ശങ്കർ സ്മാരക വിദ്യാഭ്യാസ സഹായ നിധിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാതിരുന്ന നിർദ്ധന കുട്ടിക്കുള്ള ടി.വിയുടെ വിതരണവും കണിച്ചുകുളങ്ങരയിലെ വസതിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ രംഗത്ത് എന്തെല്ലാം മാറ്റങ്ങൾ വരുത്തണമെന്നും അതൊക്കെ എങ്ങനെ പ്രയോജനകരമാക്കി തീർക്കാമെന്നും വിദ്യാഭ്യാസ മന്ത്റിക്ക് നന്നായറിയാം.തകർച്ചയിലായിരുന്ന സർക്കാർ വിദ്യാലയങ്ങളെ വളർച്ചയിലെത്തിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ മികവാണ്. ഏത് കാര്യങ്ങൾക്കെതിരേയും പ്രതികരിക്കുക എന്നത് മാത്രമാണ് പ്രതിപക്ഷം ഇപ്പോൾ ചെയ്യുന്നത്. ഓൺലൈൻ പാഠ്യ പദ്ധതിയിൽ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് സർക്കാർ സൗകര്യം ഒരുക്കുമെന്നുള്ള പ്രഖ്യാപനം വേഗത്തിൽ നടപ്പാക്കാൻ ശ്രദ്ധിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മാസം തോറും ഇരുപത്തഞ്ചോളം കുട്ടികൾക്ക് വിദ്യാഭ്യസ സഹായവും സ്‌കൂൾ തുറക്കലിനോടനുബന്ധിച്ച് ഇരുന്നൂറോളം കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനമാണ് ജനറൽ സെക്രട്ടറി നിർവഹിച്ചത്.ചടങ്ങിൽ സമംഗ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ജിതിൻ ചന്ദ്രൻ,സെക്രട്ടറി അനിൽരാജ് പീതാംബരൻ,എക്സിക്യുട്ടീവ് അംഗങ്ങളായ അറോൺ ലാവൻഡർ,അജീഷ് ഗംഗാധരൻ എന്നിവർ പങ്കെടുത്തു.ശിവഗിരി മഠം ട്രഷറർ ശാരദാനന്ദ സ്വാമിയാണ് സംഘടനയുടെ രക്ഷാധികാരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |