തിരികെ ജോലിക്കെത്താൻ സർട്ടിഫിക്കറ്റ് വേണം
തിരുവനന്തപുരം : കൊവിഡ് പ്രതിരോധത്തിലുള്ള ആരോഗ്യപ്രവർത്തകർ ഡ്യൂട്ടിക്ക് ശേഷം നിരീക്ഷണത്തിൽ പോകണമെന്ന നിർദ്ദേശം പാലിക്കാത്ത സാഹചര്യത്തിൽ നിരീക്ഷണം നിർബന്ധമാക്കി ആരോഗ്യവകുപ്പ് സർക്കുലർ ഇറക്കി.
ഹെൽത്ത് ഇൻസ്‌പെക്ടർമാരും നഴ്‌സുമാരുമടക്കം നാൽപതോളം ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിലാണിത്. 14ദിവസം ജോലി ചെയ്ത ശേഷം 14ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നതാണ് നിലവിലുള്ള നിർദേശം. നിരീക്ഷണത്തിൽ പോകുന്നവരുടെ വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം. നിരീക്ഷണം പൂർത്തിയായെന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്ന് വാങ്ങിയ ശേഷമേ തിരികെ ഡ്യൂട്ടിയിൽ പ്രവേശിക്കാവൂയെന്നും നിർദ്ദേശമുണ്ട്.
കൊവിഡ് ബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ട ആരോഗ്യപ്രവർത്തകരെ സംശയത്തിനിടയാക്കാതെ നിരീക്ഷത്തിലേക്ക് അയയ്‌ക്കണം. ഹോട്ട്‌സ്‌പോട്ടുകളിലും കണ്ടെയ്ൻമെൻറ് സോണുകളിലും താമസിക്കുന്ന ജീവനക്കാർ ആശുപത്രിയിൽ എത്തണമെന്നില്ല. ഇവർക്ക് പ്രത്യേക താമസസൗകര്യമൊരുക്കും. ഇക്കാര്യങ്ങൾ സ്ഥാപന മേധാവികൾ പ്രത്യേകം ശ്രദ്ധിക്കണം. നിർദ്ദേശങ്ങൾ ലംഘിച്ചാൽ നിയമ, വകുപ്പുതല നടപടികളുണ്ടാകുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ മുന്നറിയിപ്പ് നൽകുന്നു. പല ആശുപത്രികളും ഡ്യൂട്ടിക്ക് ശേഷം നിരീക്ഷണം അനുവദിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി
ഉയർന്നിരുന്നു.
മെഡിക്കൽ കോളേജിൽ നിരീക്ഷണം വെട്ടിക്കുറച്ചു
ആരോഗ്യവകുപ്പ് ഡയറക്ടർ നിരീക്ഷണം കർശനമാക്കണമെന്ന് നിർദ്ദേശിക്കുന്നതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് നഴ്‌സുമാരടക്കമുള്ള ജീവനക്കാരുടെ നിരീക്ഷണ കാലാവധി വെട്ടിക്കുറച്ചു. കൊവിഡ് ഐ.സി.യുവിൽ 10 ദിവസം ജോലി ചെയ്താൽ തുടർന്നുളള 7 ദിവസം അവധിയെന്നാണ് പുതിയ സർക്കുലർ. ഐസൊലേഷൻ വാർഡിലുള്ളവർക്ക് മൂന്ന് ദിവസമാണ് അവധി. സുരക്ഷ ക്യത്യമായി പാലിച്ചാൽ നിരീക്ഷണം വേണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഇതിനെതിരെ പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകൾ ഇന്ന് കരിദിനമാചരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |