പോത്തൻകോട്: മദ്യലഹരിയിൽ വീട്ടിൽ വഴക്കിട്ട് ഭാര്യയെയും മകളെയും മർദ്ദിച്ചെന്ന പരാതി കിട്ടിയതിനെത്തുടന്ന് പൊലീസ് സ്‌റ്രേഷനിലേക്ക് വിളിപ്പിച്ച യുവാവ് പോകാൻകൂട്ടാക്കാതെ തൂങ്ങിമരിച്ചു.
ചെമ്പഴന്തി ആഹ്ലാദപുരം രജു ഭവനിൽ ജെ.എസ്.രജുകുമാർ (38 ) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം. ശനിയാഴ്ച വൈകിട്ട് മദ്യപിച്ച് വീട്ടിലെത്തിയ രജുകുമാർ,ഓൺലൈൻ പഠനത്തിലേർപ്പെട്ടിരുന്ന എട്ടാംക്ലാസ് വിദ്യാർത്ഥിനിയായ മകളുടെ ഫോൺ യാതൊരു പ്രകോപനവുമില്ലാതെ എടുത്ത് കിണറ്റിൽ ഇട്ടു. ഇതിനെ തുടർന്നുണ്ടായ വഴക്കിൽ അമ്മയെയും മകളെയും ഇയാൾ ക്രൂരമായി മർദ്ദിച്ചു.മർദ്ദനത്തെ തുടർന്ന് പ്രാണരക്ഷാർത്ഥം വീടുവിട്ടിറങ്ങിയ ഇവർ കാര്യവട്ടത്തെ ഒരു അഭയ കേന്ദ്രത്തിൽ രാത്രി കഴിച്ചുകൂട്ടുകയും ഇന്നലെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു. ഇതേത്തുടർന്നാണ് സ്റ്റേഷനിലേക്ക് വരാൻ സി.ഐ.ഫോണിലൂടെ ഇയാളോട് ആവശ്യപ്പെട്ടത്. ആദ്യം വരാമെന്ന് പറഞ്ഞെങ്കിലും പിന്നീട് സി.ഐ.യെ തിരികെ വിളിച്ച്, അങ്ങോട്ട് വരുന്നില്ലെന്നും തൂങ്ങിമരിക്കാൻ പോവുകയാണെന്നും അറിയിച്ചു. സി .ഐ, പൊലീസ് സംഘത്തോടൊപ്പം ആഹ്ലാദപുരത്തെ വീട്ടിലെത്തുമ്പോൾ ഫാൻ ക്ലാമ്പിൽ തൂങ്ങി നിൽക്കുന്ന രജുകുമാറിനെയാണ് കണ്ടത്. ഉടൻ പൊലീസ് വാഹനത്തിൽ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ :വിനിമോൾ .മകൾ : അനൂജ. മാതാവ് :ശ്രീദേവി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |