കുന്ദമംഗലം: ഇതിങ്ങനെ പോയാൽ എവിടെച്ചെന്നെത്തും?. ഒരു വശത്ത് ലോക്ക് ഡൗൺ ഇളവുകൾക്ക് അയവേറുമ്പോൾ മറുവശത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെയെന്നോണം ഉയരുന്നത് കണ്ട് പൊതുവെ ഉത്കണ്ഠ പടരുകയാണ്.
ഇളവുകൾക്കിടയിലും കർശന നിയന്ത്രണം പാലിച്ചില്ലെങ്കിൽ സമൂഹവ്യാപനത്തിന്റെ വിപത്താവും നേരിടേണ്ടി വരികയെന്ന് ആരോഗ്യവകുപ്പ് അധികൃതരും ശാസ്ത‌്രമേഖലയിലെ വിദഗ്ദരും മറ്റും ആവർത്തിക്കുന്നുണ്ട്. പക്ഷേ, സാമൂഹിക അകലമെന്ന നിബന്ധനയൊന്നും പലയിടങ്ങളിലും അങ്ങനെ പാലിക്കപ്പെടുന്നില്ല. ആശങ്ക അശേഷമില്ലാത്തവർ ഗ്രാമപ്രദേശങ്ങളിൽ പോലും ഓരോ കടയ്ക്ക് മുന്നിലും കൂടി നിന്നാണ് നിന്നാണ് സാധനങ്ങൾ വാങ്ങുന്നത്. പലരുടെയും മാസ്‌ക് താടിയിലേക്ക് ഇറങ്ങിക്കഴിഞ്ഞു.
ചെറിയ ഹോട്ടലുകളിൽ ദിവസങ്ങൾക്ക് മുമ്പു തന്നെ ആളുകൾ ചായയും പലഹാരവും ഇരുന്നു കഴിച്ചുതുടങ്ങിയിരുന്നു. നാട്ടിൻപുറങ്ങളിലെ വിവാഹവും മരണാനന്തരചടങ്ങുകളുമൊക്കെ സർക്കാർ നിബന്ധനകൾ മറികടക്കുന്ന നിലയിലേക്ക് എത്തുകയാണ്.
ഞായറാഴ്ച അവശ്യവിഭാഗക്കാർ മാത്രമേ ഇറങ്ങാവൂ എന്നു നിഷ്‌കർഷിച്ചിട്ടുള്ളതും മിക്കവർക്കും ദഹിക്കുന്നില്ല. ഇത്തരക്കാർ ആവശ്യമുണ്ടാക്കി വണ്ടിയുമായി ആരെയും കൂസാതെ പുറത്തിറങ്ങുകയാണ്.
സാഹചര്യം തിരിച്ചറിഞ്ഞ് സ്വയം നിയന്ത്രണം പാലിക്കുകയും സ്വന്തക്കാരെയെല്ലാം അതിനു പ്രേരിപ്പിക്കുകയും ചെയ്തില്ലെങ്കിൽ അടച്ചിടലിന്റെ പൂട്ട് വീണ്ടും വീഴുമെന്ന് ഓർമ്മിപ്പിക്കുകയാണ് വിവിധ തുറകളിലുള്ളവർ ഇവിടെ:
രോഗവ്യാപനം തടയാൻ ഓരോ പൗരനും കടമയുണ്ട്. ഇത് നമുക്ക് മാത്രമല്ല, വീട്ടുകാർക്കും സമൂഹത്തിനും വേണ്ടിയാണെന്ന തിരിച്ചറിവ് ഓരോരുത്തർക്കുമുണ്ടായാൽ തന്നെ നമുക്ക് ഈ മഹാമാരിയെ പ്രതിരോധിക്കാൻ സാധിക്കും. കണ്ടെയ്ൻമെന്റ് സോണിൽ ലോക്ക് ഡൗൺ കർശനമായി പാലിക്കണം.
പോൾ
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ,
കുന്ദമംഗലം
എന്ത് തുറന്നാലും നിയന്ത്രണങ്ങളിൽ വല്ലാത്ത അയവ് പാടില്ല. കൊവിഡ് വൈകാതെ തീർത്തും അപ്രത്യക്ഷമാവുമെന്ന് പ്രതീക്ഷിക്കാനാവില്ല. കൊവിഡിനൊപ്പം ജീവിക്കാൻ കഴിയണം. ഇളവുകൾ ചിലത് തന്നെന്ന് കരുതി ആളുകൾ ഒരു നിയന്ത്രണവുമില്ലാതെ പുറത്തിറങ്ങുന്നത് അപകടം വിതയ്ക്കലാവും.
പിവി കൃഷ്ണൻ നമ്പൂതിരി പാതിരിശ്ശേരി (അദ്ധ്യാപകൻ)
ആളുകൾ സ്വയം നിയന്ത്രണങ്ങൾ പാലിക്കാൻ തയ്യാറാകണം. ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ പോലും കൂടുതൽ ജാഗ്രത പുലത്തിയേ മതിയാവൂ. കൊവിഡ് വ്യാപനത്തിനെതിരെ ഇതുവരെ തുടർന്നുവന്ന കരുതൽ കൈവിട്ടുകൂടാ. ഈ നിർണായക ഘട്ടത്തിൽ കൂടുതൽ ജാഗ്രത കാണിച്ചേ പറ്റൂ.
ഖാലിദ് കിളിമുണ്ട, കൺവീനർ,
യുഡിഎഫ് കുന്ദമംഗലം നിയോജകമണ്ഡലം കമ്മിറ്റി
അനിശ്ചിതമായി ലോക്ക് ഡൗൺ എന്നത് നമുക്ക് പ്രയോഗികമല്ല. പേരിനും പ്രശസ്തിക്കും വേണ്ടി നടത്തുന്ന പ്രവൃത്തികൾക്കപ്പുറത്ത്, പ്രായോഗികമായ പ്രവർത്തനങ്ങളാണ് വേണ്ടത്. രോഗവ്യാപനം തടയണമെങ്കിൽ പൊലീസിന്റ ശക്തമായ ഇടപെടൽ തുടരണം. ലോക്ക് ഡൗൺ നിബന്ധനകൾ കർശനമായി പാലക്കപ്പെടണം.
ബാബു നെല്ലുളി, പ്രസിഡന്റ്
കോൺഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റി
ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിൽ സമ്പൂർണ ലോക്ക് ഡൗൺ തന്നെ വേണം. പക്ഷേ, നിത്യവൃത്തിക്കാരുടെ പ്രശ്നം പരിഹരിക്കപ്പെടണം. ആരോഗ്യ വകുപ്പ് അധികൃതരെയും ജനങ്ങളെയും വെല്ലുവിളിച്ച് വിലക്കുകൾ ലംഘിച്ച് ചിലർ പുറത്തിറങ്ങുന്നത് കർശനമായി തടയേണ്ടതുണ്ട്. അതല്ലെങ്കിൽ ഇതുവരെ കൈവരിച്ചതെല്ലാം പാഴാവും.
നൗഷാദ് തെക്കെയിൽ,
മനുഷ്യാവകാശ പ്രവർത്തകൻ
ഓരോ ദിവസവും വൈറസ് ബാധിതരുടെ എണ്ണം പെരുകുകയാണ്. അപ്പോഴും ചാവേറുകളെപ്പോലെയാണ് ചിലർ നമ്മുടെ നാട്ടിൽ പരക്കം പായുന്നത്. അവർക്ക് വൈറസ് പ്രശ്നമേയല്ല. ലോക്ക് ഡൗൺ ഇളവ് ആഘോഷിക്കുന്നവർ കൊവിഡിനെ ആലിംഗനം ചെയ്യുകയാണ്. ഇളവുകളോട് ഈ സമീപനമായാൽ കാര്യമില്ല. സമ്പൂർണ ലോക് ഡൗൺ വീണ്ടും വരണം.
എം.കെ രമേഷ്‌കുമാർ (ചെയർമാൻ സദയം ചാരിറ്റബിൾ ട്രസ്റ്റ്)
ലോക്ക് ഡൗൺ നീട്ടേണ്ട ആവശ്യമില്ല. എങ്ങനെ കരുതലോടെ ജീവിക്കാം, കൈ ശുചിത്വത്തിന്റെ പ്രാധാന്യം, സുരക്ഷിതമായ അകലം പാലിക്കൽ എന്നിവ ലോക്ക് ഡൗൺ നമ്മെ പഠിപ്പിച്ചുകഴിഞ്ഞു. അത് പൂർണമായും ഉൾക്കൊള്ളണം. ശുചിത്വവും സാമൂഹിക അകലവും പാലിക്കുന്നതിനൊപ്പം അനാവശ്യ യാത്രകൾ ഒഴിവാക്കുക കൂടി ചെയ്താൽ തന്നെ കൊവിഡിനെ അതിജീവിക്കാം.
കെ.പി.വസന്തരാജ്, പ്രസിഡന്റ്,
കുന്ദമംഗലം ഡവലപ്പ്മെന്റ് കമ്മറ്റി
ഉറവിടം വ്യക്തമാകാത്ത കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്നുവെന്നത് വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. നിയന്ത്രണങ്ങൾ പാലിച്ച് അതീവ ജാഗ്രത്ര പുലർത്തേണ്ടത് അത്യാവശ്യമാണ്. ലോക്ക് ഡൗൺ കർശനമാക്കിയില്ലെങ്കിൽ പിടിവിടും. സമ്പർക്കം മൂലമുള്ള രോഗവ്യാപനം നിയന്ത്രിക്കാൻ കഴിയാതെ വരും.
കുമാരൻ പടനിലം,
ആരോഗ്യപ്രവർത്തകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |