ന്യൂഡൽഹി :കൊവിഡിൽ വലഞ്ഞ രാജ്യത്തെ തൊഴിലാളികൾക്ക് വേണ്ടതെല്ലാം കേന്ദ്രസർക്കാർ ചെയ്‌തെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ബിഹാറിലെ ബി.ജെ.പി. പ്രവർത്തകരെ വെർച്വൽ റാലിയിലൂടെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ബിഹാറിൽ ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. തൊഴിലാളികളുടെ വിഷയങ്ങൾ അവർ രാഷ്ട്രീയവത്കരിക്കുന്നു. തൊഴിലാളികളുടെ ദുരിതം സർക്കാരിന് വലിയ വേദനയായിരുന്നു. അതുകൊണ്ട് 85 ശതമാനം യാത്രാ ചെലവും കേന്ദ്രസർക്കാർ വഹിച്ചു. ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ആരോപിക്കുന്നവർ വക്ര ദൃഷ്ടിക്കാരാണ്. പ്രതിപക്ഷം തൊഴിലാളികൾക്ക് വേണ്ടി എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.
കൊവിഡ് പ്രതിരോധത്തിൽ എല്ലാവരും ഒന്നിച്ച് പോരാടണം. പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ വാഗ്ദാനങ്ങൾ പാലിക്കും. കൊവിഡ് പ്രതിസന്ധി മറികടക്കാൻ മോദി സർക്കാരിന്റെ നടപടികൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഉറി, പുൽവാമ ആക്രമണങ്ങൾക്ക് കേന്ദ്രസർക്കാർ തക്ക മറുപടി നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൂർണ്ണമായും മുഴുകിയിരിക്കുകയാണ്. ജനതാ കർഫ്യുവിലൂടെ മോദിയുടെ ജനപിന്തുണ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
വിർച്വൽ റാലി കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് ശക്തിപകരാനാണെന്ന് അമിത് ഷാ പറഞ്ഞു.ആത്മ നിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായാണ് വിർച്വൽ റാലി. രാജ്യത്തുള്ള ജനങ്ങളെ ഒരുമിപ്പിക്കുകയാണ് വെർച്വൽ റാലിയിലൂടെ ബി.ജെ.പി. ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് (8ന്) ഒഡീഷയിലെയും നാളെ ( 9ന് ) പശ്ചിമ ബംഗാളിലെയും പ്രവർത്തകരെ അമിത് ഷാ വെർച്വൽ റാലിയിലൂടെ അഭിസംബോധന ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |