ഭൂതകാലം വിസ്മരിക്കുന്നവർ അതാവർത്തിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു എന്ന ജോർജ് സാന്റായാനയുടെ വാക്കുകളാണ് ഓഷ്വിറ്റ്സ് കോൺസെൻട്രേഷൻ ക്യാമ്പിന് മുന്നിൽ ബസ് ഇറങ്ങിയപ്പോൾ മനസിൽ തെളിഞ്ഞത്.
വളരെ വർഷങ്ങളായുള്ള കാത്തിരിപ്പിന്റെയും തയ്യാറെടുപ്പിന്റെയും പരിസമാപ്തിയാണ് ഇന്ന്. സ്കൂൾ കാലഘട്ടം മുതൽ കേട്ട് പരിചയിച്ച രണ്ടാം ലോകമഹായുദ്ധം, ഹിറ്റ്ലറുടെ ജൂത വംശനിർമ്മാർജനത്തിന്റെ കഥകൾ, അതിശയോക്തിപരം എന്ന് പലപ്പോഴും തോന്നിയിട്ടുള്ള ക്രൂരതയുടെ ഇപ്പോഴും നിലനിൽക്കുന്ന സ്മാരകം, ഇങ്ങനെ മനസിൽ മുൻവിധികൾ പലതും ഉണ്ടായിരുന്നു.
ഔദ്യോഗിക ജോലിയുടെ ഭാഗമായി നേരത്തെയും യൂറോപ്പ് സന്ദർശിച്ചിരുന്നെങ്കിലും പോളണ്ടിലെ ഓഷ്വിറ്റ്സിലേക്ക് പോയിരുന്നില്ല. ആ കുറവ് നികത്തണമെന്ന ആഗ്രഹവുമായാണ് ഇത്തവണ യൂറോപ്പിലേക്ക് വിമാനം കയറിയത്. ഡെന്മാർക്കിൽ നാലുദിവസം നീണ്ടു നിൽക്കുന്ന കോൺഫറൻസ്, അതിനു ശേഷം പോളണ്ടിലേക്ക്. കൃത്യമായി പറഞ്ഞാൽ ക്രാക്കോ എന്ന പോളിഷ് നഗരത്തിലേക്ക്. പതിനാറു മണിക്കൂർ നീണ്ടു നിന്ന ഒരു ബസ് യാത്രയാണ് ഡെന്മാർക്കിൽ നിന്ന് പോളണ്ടിലേക്കു പോകാൻ തിരഞ്ഞെടുത്തത്.
വളരെയധികം ചരിത്രപ്രാധാന്യമുള്ള നഗരമാണ് ക്രാക്കോ. ലോകയുദ്ധ കാലത്തു, കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്ക് നാട് കടത്തുന്ന ജൂതന്മാരുടെ ഒരു കളക്ഷൻ പോയിന്റായിരുന്നു ഇവിടം. ആ കറുത്ത അദ്ധ്യായങ്ങൾക്കിടെ തന്നെ ആയിരക്കണക്കിന് ജൂതന്മാരുടെ ജീവൻ രക്ഷിച്ച ഓസ്കാർ ഷിൻഡ്ലെർ എന്ന, മനുഷ്യസ്നേഹിയായ ജർമൻ വ്യവസായിയുടെ ഫാക്ടറിയുണ്ടായിരുന്ന ഒരു പട്ടണമായി ഇതിനെ വിശേഷിപ്പിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.
ക്രാക്കോ ബസ് സ്റ്റേഷനിൽ നിന്ന് ഓഷ്വിറ്റ്സ് ക്യാമ്പിലേക്ക് ഒരു ബസ് ടിക്കറ്റ് തരപ്പെടുത്തി. മൂന്നു യൂറോ ആണ് ബസ് ചാർജ്. ഏകദേശം ഒരു മണിക്കൂർ യാത്ര. പുലർച്ചെ അതിരാവിലെ തന്നെ ബസ് സ്റ്റേഷനിൽ എത്തി. കൂടെ യാത്രകളിലെ സന്തതസഹചാരിയായ ഭാര്യയും ഉണ്ട്. ഡിസംബർ മാസം ആയതു കൊണ്ട് അതികഠിനമായ തണുപ്പാണ് പോളണ്ടിൽ. നഗരവെളിച്ചവും പിന്നിട്ടാണ് യാത്ര. തീരെ ചെറിയ ഒരു പട്ടണമാണ് ഓഷ്വിറ്റ്സ്. കോൺസെൻട്രേഷൻ ക്യാമ്പ് ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ഒരിക്കലും ചരിത്രത്തിലോ ടൂറിസ്റ്റ് മാപ്പിലോ സ്ഥാനം പിടിക്കാൻ സാദ്ധ്യത ഇല്ലാത്ത, അപ്രധാനമായ ഒരു ചെറുപട്ടണം.
ഒൻപതുമണിയോടെ ക്യാമ്പിന്റെ പ്രവേശന കവാടത്തിൽ യാത്ര അവസാനിച്ചു. പ്രവേശനം സൗജന്യമാണ്. എന്നാലും നേരത്തെ ഓൺലൈനിൽ ബുക്ക് ചെയ്യണം. ഓഷ്വിറ്റ്സ് എന്ന് പറയുന്നത് പ്രധാനമായും മൂന്ന് ക്യാമ്പുകളുടെ ഒരു കളക്ടീവ് വിളിപ്പേരാണ്. അതിൽ ഒന്നാമത്തെ ക്യാമ്പ് ആയ ഓഷ്വിറ്റ്സ് ഒന്നിൽ ആണ് ഞാനിപ്പോൾ നിൽക്കുന്നത്. ഒരു പോളിഷ് പട്ടാള ബറാക്ക് ആയിരുന്നു ഈ ക്യാമ്പ്. ജർമൻ അധിനിവേശത്തിനു ഏതാനും മാസങ്ങൾക്കു ശേഷം ജർമൻ പട്ടാളക്കാർ ഈ ക്യാമ്പ് ഏറ്റെടുത്ത് അതിനെ കോൺസെൻട്രേഷൻ ക്യാമ്പ് ആക്കി മാറ്റി.
ഡിസംബർ മാസത്തെ നരച്ച കാലാവസ്ഥ ആണ്. മരങ്ങൾ ഇല പൊഴിച്ച് നിൽക്കുന്നു. ജനത്തിരക്കുണ്ടെങ്കിലും സൂചി വീണാൽ കേൾക്കാൻ പാകത്തിനുള്ള നിശബ്ദത. ഒരു പട്ടാള ബാരക്കായതിനാലാവണം ചെങ്കല്ല് കൊണ്ട് നിർമിച്ച നിരനിരയായി സ്ഥിതി ചെയ്യുന്ന ബ്ലോക്കുകൾ ആണ്. ഒരു കിലോമീറ്റർ നീളവും ഏകദേശം 400 മീറ്റർ വീതിയും ഉണ്ടാകും. ഓഷ്വിറ്റ്സ് ഒന്ന് ക്യാമ്പിന്. എത്രയോ നിരപരാധികളുടെ ഒടുങ്ങാത്ത വേദനകളുടെയും കണ്ണീരിന്റെയും കഥകൾ ഈ ചുമരുകൾക്ക് പറയാനുണ്ടാകും.
1940, മേയ് മാസത്തിൽ ഇരുപതു തടവുകാരുടെ വരവോടെ ഓഷ്വിറ്റ്സ് ഒന്ന് ക്യാമ്പിന്റെ പ്രവർത്തനം ഔദ്യോഗികമായി തുടങ്ങി. തുടർന്ന് ജൂൺ മാസത്തിൽ 728 തടവുകാരുടെ വരവോടെ എല്ലാ അർത്ഥത്തിലും ക്യാമ്പ് പ്രവർത്തനനിരതമായി. ജൂതന്മാർക്കു പുറമെ കത്തോലിക്കാ പാതിരിമാർ, രാഷ്ട്രീയ തടവുകാർ അങ്ങനെ പല തടവുകാരും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഏകദേശം ഈ കാലഘട്ടത്തിൽ തന്നെ ഗ്യാസ് ചേംബറുകളുടെ നിർമാണവും തുടങ്ങി. അധികം വൈകാതെ 340 ശവശരീരങ്ങൾ ദഹിപ്പിക്കാൻ ശേഷിയുള്ള മൂന്ന് ഓവനുകൾ സ്ഥാപിക്കുകയുണ്ടായി. ഇതിലൊന്ന് കേടുപാട് കൂടാതെ ഇപ്പോഴും ഒരു സ്മാരകമായി സൂക്ഷിച്ചിരിക്കുന്നു. ജോലി ചെയ്യാൻ ശേഷി ഇല്ലാത്ത തടവുകാരെ ക്യാമ്പിലെത്തിയ ഉടനെ ഗ്യാസ് ചേംബറിലേക്കു അയക്കുന്നതായിരുന്നു പതിവ്.
അങ്ങേയറ്റം മനസ് മരവിക്കുന്ന ഒരു അന്തരീക്ഷമാണ് ഈ ഗ്യാസ് ചേംബറിലേത്. 'നിങ്ങൾ നിൽക്കുന്നത് അനേകായിരം മനുഷ്യർ പിടഞ്ഞു മരിച്ച ഒരു സ്ഥാനത്താണ്. ആയതിനാൽ ആ ആത്മാക്കളോടുള്ള ബഹുമാനാർത്ഥം നിശബ്ദത പാലിക്കുക" എന്ന് അർത്ഥം വരുന്ന ഒരു അറിയിപ്പ് ഗ്യാസ് ചേംബറിന്റെ കവാടത്തിലുണ്ട്. അണു നശീകരണ കുളി എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഓരോ ബാച്ച് തടവുകരെയും ഗ്യാസ് ചേംബറിനുള്ളിൽ പ്രവേശിപ്പിച്ചിരുന്നത്. ഇതിനു മുൻപ് തന്നെ അവരെ വിവസ്ത്രരാക്കുകയും കൈയിൽ കരുതിയിട്ടുള്ള സാധനങ്ങൾ അക്കമിട്ടു രസീത് നൽകുകയും ചെയ്യും. വായു പോലും ഉള്ളിൽ കടക്കാത്ത കോൺക്രീറ്റിൽ തീർത്ത ഒരു ഇരുട്ടറ. പ്രധാന കവാടത്തിനുള്ളിലൂടെ ഉള്ളിൽ പ്രവേശിച്ചു കഴിഞ്ഞാൽ വാതിൽ അടയ്ക്കും. വാതിൽ കൊട്ടി അടക്കപ്പെട്ടു കഴിഞ്ഞാൽ മുകളിൽ ഉള്ള ഒരു സുഷിരത്തിൽ കൂടെ സൈക്ലോൺ ബി എന്ന മാരകമായ വിഷവാതകം പുറപ്പെടുവിക്കുന്നു. ഉള്ളിൽ നടക്കുന്ന ഈ പ്രക്രിയ കാര്യക്ഷമമാണോ എന്ന് പരിശോധിക്കാൻ ക്യാമ്പ് ഗാർഡിൽ ഒരാൾ ചില്ലു ജാലകത്തിലൂടെ വീക്ഷിക്കുന്നുണ്ടാകും.
ഏകദേശം 20 മിനിറ്റ് കൊണ്ട് മരണം അവസാനത്തെ ഇരയേയും അനുഗ്രഹിച്ചു കഴിഞ്ഞാൽ പ്രധാനവാതിൽ തുറക്കും. സോൻഡർ കമാൻഡോ എന്ന് പേരിട്ടു വിളിക്കുന്ന തടവുകാരിൽ നിന്ന് തന്നെ തിരഞ്ഞെടുക്കുന്ന പ്രത്യേക വിഭാഗം ഉള്ളിൽ പ്രവേശിച്ചു ജീവനറ്റ ശരീരങ്ങളെ ഓവനിൽ വച്ച് ദഹിപ്പിക്കുന്നു. ഗ്യാസ് ചേംബറിന്റെ തൊട്ടു പിന്നിൽ തന്നെയാണ് കഴുമരം. യുദ്ധാനന്തരം ക്യാമ്പ് കമാൻഡർ ആയിരുന്ന റുഡോൾഫ് ഹെസ്സ് എന്ന നാസി ഉദ്യോഗസ്ഥനെ ഇതേ കഴുമരത്തിൽ പോളിഷ് സുപ്രീം നാഷണൽ ട്രിബ്യൂണലിന്റെ വിചാരണയ്ക്ക് ശേഷം 1947ൽ തൂക്കിലേറ്റി എന്ന ഒരു ബോർഡ് അവിടെ ഉണ്ട്. ഇവിടെ മരണപ്പെട്ട അനേകായിരം ജന്മങ്ങളുടെ ആത്മാക്കൾക്ക് ലഭിച്ച ഒരേയൊരു നീതി.
ഗ്യാസ് ചേംബറിന്റെ മനസ് മടുപ്പിക്കുന്ന അന്തരീക്ഷത്തിൽ നിന്ന് ക്യാമ്പിന്റെ പ്രധാനപ്പെട്ട മറ്റു ബ്ലോക്കുകൾ സന്ദർശിക്കുകയുണ്ടായി. ബ്ലോക്ക് 20 എന്ന് അറിയപ്പെടുന്നതാണ് ഹോസ്പിറ്റൽ ബ്ലോക്ക്. പകർച്ച വ്യാധികൾ ഉൾപ്പെടെ രോഗം ബാധിച്ച തടവുകാരെ മരുന്ന് കുത്തിവച്ച് കൊന്നിരുന്നു അവിടെ. 121 സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു ഗ്രൂപ്പിനെ ഇപ്രകാരം ഒറ്റ ദിവസം കൊന്നു കൊണ്ടായിരുന്നു ബ്ലോക്ക് 20 ചരിത്രത്തിൽ ഇടം പിടിച്ചത്. ജീവൻ രക്ഷിക്കേണ്ട ഡോക്ടർമാർ തന്നെ ആ കൂട്ടക്കൊലകളിൽ പങ്കാളികളായി.
ഇവിടെ മരണപ്പെട്ട ജൂതന്മാരുടെയും മറ്റനേകം തടവുകാരുടെയും സ്വകാര്യ സമ്പാദ്യങ്ങൾ കൊള്ളയടിക്കുക എന്ന ഒരു സമാന്തര സമ്പദ് വ്യവസ്ഥ തന്നെ നാസി ജർമ്മനിയിലുണ്ടായിരുന്നു. അവരുടെ വസ്തുക്കൾ കൂമ്പാരം പോലെ പ്രദർശിപ്പിച്ചിരിക്കുന്നത് കാണാൻ ഇടയായി. കുന്നോളം വരുന്ന ഷൂ, കണ്ണട, ഫോട്ടോകൾ, വസ്ത്രങ്ങൾ അങ്ങനെ പലതും. കുഞ്ഞുടുപ്പുകളുടെ ഒരു കൂമ്പാരം കാണുമ്പോൾ മനുഷ്യനാണ് പ്രപഞ്ചം കണ്ടതിൽ ഏറ്റവും ക്രൂരനെന്ന് ബോദ്ധ്യപ്പെട്ടു. ഇടനാഴികൾ മുഴുവനും വികാരമില്ലാതെ തുറിച്ചു നോക്കുന്ന നൂറുകണക്കിന് മനുഷ്യരുടെ ഫോട്ടോകൾ കൊണ്ട് നിറഞ്ഞിരുന്നു. ആദ്യകാലത്ത് ക്യാമ്പിലെത്തിയിരുന്ന തടവുകാരുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കുമായിരുന്നു.
ബ്ലോക്ക് 11, ഡെത്ത് ബ്ലോക്ക് അഥവാ മരണ ബ്ലോക്ക് എന്ന പേരിൽ അറിയപ്പെട്ടു. പേരുപോലെ കൊടിയ മർദ്ദന, പീഡന മുറകൾക്കു സാക്ഷ്യം വഹിച്ച ഇടം. തടവുകാരുടെ യൂണിഫോം പ്രദർശിപ്പിചിട്ടുള്ളത് മറ്റൊരു ബ്ലോക്കിലാണ്. തണുപ്പും ഉള്ളു പൊള്ളിക്കുന്ന കാഴ്ചകളും കണ്ട് അപ്പോഴേക്കും ഏറെക്കുറെ മനസ് മരവിച്ചു കഴിഞ്ഞിരുന്നു. എന്നിരുന്നാലും ഈ യാത്ര പൂർത്തിയാക്കണമെങ്കിൽ ഒരു സന്ദർശനം കൂടെ നടത്തേണ്ടതുണ്ട്. ഓഷ് വിറ്റ്സ് 2 എന്ന വിപുലമായ അനുബന്ധ ക്യാമ്പ്.
ഏകദേശം മൂന്നുകിലോമീറ്റർ മാറിയുള്ള ഈ ക്യാമ്പിലേക്ക് മ്യൂസിയം അധികൃതർ ഒരു ഷട്ടിൽ ബസ് സർവീസ് നടത്തുന്നുണ്ട്. തലവൻ ഹൈന്റിക്ക് ഹിംലറുടെ 1941 സന്ദർശനത്തോടെയാണ് ഒരു അനുബന്ധ ക്യാമ്പ് എന്ന ആശയമുണ്ടായത്. 89 ലക്ഷം ജർമൻ മാർക് ബഡ്ജറ്റിൽ ആരംഭിച്ച ക്യാമ്പിൽ ഒരേ സമയം 97000 തടവുകാരെ പാർപ്പിക്കാമായിരുന്നു. 550 പേരെ പാർപ്പിക്കാൻ പ്രാപ്തി ഉള്ള 174 ബാരക്കുകൾ ആയിരുന്നു ആദ്യം വിഭാവനം ചെയ്തിരുന്നെങ്കിലും പിന്നീട് ഒരു ബാരക്കിൽ 750 പേർ എന്ന കണക്കിലേക്കു മാറി. അങ്ങനെ ഒരേ സമയം 125000 പേരെ കുത്തിനിറക്കുക എന്നതായി ക്യാമ്പിന്റെ ധർമം. ഒരു സാധാരണ മനുഷ്യന് ജീവനും ആരോഗ്യവും നിലനിർത്താൻ ആവശ്യമായ കലോറിയുടെ നാലിൽ ഒന്ന് മാത്രം ലഭിക്കുന്ന ഭക്ഷണക്രമമായിരുന്നു ക്യാമ്പിൽ. 12 മണിക്കൂറോ അധികമോ ആയിരുന്നു ജോലിക്രമം. 15 മിനിറ്റ് ബസ് യാത്രയോടു കൂടി, ഞങ്ങൾ ക്യാമ്പ് രണ്ടിൽ എത്തി. ഭീമാകാരമായ ഒരു എടുപ്പും അതിനുള്ളിലേക്ക് കടന്നു ചെല്ലുന്ന ഒരു റെയിൽവേ ട്രാക്കും.
യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിക്കുന്ന ജൂതന്മാരെ, കന്നുകാലികളെ കൊണ്ട് പോകുന്ന അടച്ചു മൂടിയ ഗുഡ്സ് വാഗണിൽ നേരിട്ട് ഇവിടെ എത്തിക്കും. ക്യാമ്പിനുള്ളിലേക്കു നീളുന്ന റെയിൽവേ ട്രാക്കുകൾ. പുറത്തേക്കു വലിച്ചു എറിയപ്പെട്ടിരുന്നവരെ വരവേറ്റിരുന്നത് ആയുധധാരികൾ ആയ ഗാർഡുകളും, കൊടും തണുപ്പും, നിർത്താതെ എരിയുന്ന ചിമ്മിനിയിൽ നിന്നുള്ള തീ നാളങ്ങളും ആയിരുന്നു. ട്രെയിനിൽ നിന്ന് ഇറങ്ങുന്ന തടവുകാരെ, ഡോക്ടർമാരുടെ ഒരു സംഘം ജോലി ചെയ്യാൻ പ്രാപ്തരാണോ അല്ലയോ എന്ന് പരിശോധിക്കും. അല്ല എന്ന് കാണുന്നവരെ അപ്പോൾ തന്നെ ഗ്യാസ് ചേംബറിലേക്കു അയക്കും, ക്യാമ്പ് ഒന്നിൽ കണ്ട രംഗങ്ങൾ തന്നെ ഇവിടെയും ആവർത്തിക്കും.
മൂകസാക്ഷിയായി ഒരു റെയിൽവേ വാഗൺ സ്മാരകമായുണ്ട്. മഹായുദ്ധത്തിന്റെ അവസാന നാളുകളിൽ തോൽവി ഉറപ്പായ സാഹചര്യത്തിൽ ഈ പാളയങ്ങൾ നശിപ്പിച്ചിരുന്നു. അതിനാൽ, ഭൂരിഭാഗം വരുന്ന ക്യാമ്പിന്റെ കെട്ടിടങ്ങൾ എല്ലാം തന്നെ തീർത്തും നശിച്ച അവസ്ഥയിലോ, ഇല്ലാത്ത രീതിയിലോ ആണ്. എന്നിരുന്നാലും വരും തലമുറകൾക്ക് ഒരു പാഠം എന്ന നിലയിൽ കുറച്ച് സ്മാരകങ്ങളുണ്ട്. 2007 ഇൽ ഓഷ്വിറ്റ്സ് കോൺസെൻട്രേഷൻ ക്യാമ്പ് സ്മാരകങ്ങളെ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റ് ആയി പ്രഖ്യാപിക്കുകയും ചെയ്തു, അതിന്റെ പ്രതീകമായി ക്യാമ്പിന്റെ വടക്കേ മൂലയിൽ ഒരു മെമ്മോറിയൽ ശിൽപം പണി കഴിപ്പിച്ചിട്ടുണ്ട്. കണക്കുകൾ പ്രകാരം 60 ലക്ഷം ജൂതൻമാർ ഹിറ്റ്ലറുടെയും നാസി ജർമനിയുടെയും വംശ ഹത്യ നയങ്ങൾക്ക് ഇരയായി മരണപ്പെട്ടിട്ടുണ്ട്. ഇന്നും ഓഷ്വിറ്റ്സ് ക്യാമ്പുകൾ മനുഷ്യ മനസാക്ഷിക്ക് നേരെയുള്ള ഒരു ചോദ്യ ചിഹ്നമായി നിലകൊള്ളുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |