നഗ്നനേത്രങ്ങൾക്ക് നേരിൽ കാണാൻ കഴിയാത്ത കാഴ്ചകളെ അകക്കണ്ണു കൊണ്ട്, ഭാവനാപരമായി സ്വപ്നദർശനം നടത്താൻ കഴിയുന്ന ഉൾക്കാഴ്ചയാണ് 'വിഷൻ " എന്ന ഇംഗ്ലീഷ് വാക്കിന്റെ പൊരുൾ. ഇങ്ങനെ ഭാവനാപരമായി സ്വപ്നം കാണാൻ കഴിയുന്ന അപൂർവ പ്രതിഭാശാലികളായ സ്വപ്ന ജീവികളാണ് 'വിഷനറീസ്". ഡോ. വിക്രം സാരാഭായിയും ഡോ. അബ്ദുൾകലാമും ഡോ. എം.എസ്. സ്വാമിനാഥനുമെല്ലാം ശാസ്ത്രപ്രതിഭകളായ വിഷനറീസ് ആയിരുന്നു. കലാകാരന്മാരും കവികളും കഥാകൃത്തുക്കളും ശിൽപ്പികളും സിനിമാ സംവിധായകരും ആർക്കിടെക്ടുകളും ഒക്കെ വിഷനറീസാണ്. ലോകാത്ഭുതങ്ങളായി നിലകൊള്ളുന്ന താജ്മഹലും ഈഫൽ ഗോപുരവും സൃഷ്ടിച്ച ഭാവനാശാലികളായ പ്രതിഭകൾ അവയുടെ രൂപം സ്വപ്നദർശനം നടത്തി സ്വന്തം മനസിലെ തിരശീലയിൽ പതിപ്പിച്ചശേഷമാണ് പുറത്ത് നിർമാണം നടത്തുന്നത്. സൃഷ്ടി പുരോഗമിക്കുമ്പോൾ പലപ്പോഴും ഭാവനക്കനുസരിച്ച് ഗുണമേന്മ വർദ്ധിപ്പിക്കാൻ മാറ്റങ്ങളും വന്നേക്കാം.
ഒരു നല്ല സിനിമാസംവിധായകന്റെ കാര്യം നോക്കാം. ഏകദേശം മൂന്നു മണിക്കൂറോളം സ്ക്രീനിൽ നാം കാണുന്ന ചലിക്കുന്ന സംഭവപരമ്പരകളുടെ സൃഷ്ടി ഒരു നല്ല വിഷണറി ചെയ്താൽ മാത്രമേ പ്രേക്ഷകരായ നമ്മൾ എല്ലാം മറന്ന് പൂർണമനസോടെ യാത്ര ചെയ്ത് അത് ആനന്ദിക്കുകയുള്ളു.
മഹാനായ ഡോ. കലാം കുട്ടികളോടും യുവാക്കളോടും സംവദിക്കുമ്പോൾ ഉപദേശിക്കുമായിരുന്നു- 'ഉണർന്നിരിക്കുമ്പോൾ സ്വപ്നം കാണാൻ ശീലിക്കുക."പുതിയ ലക്ഷ്യങ്ങൾ മനസിൽ കണ്ട് അതിന്റെ സാഫല്യത്തിനുവേണ്ടി, ഭാവനാപരമായി ചിന്തിക്കുക. അറിവിന്റെ ഭണ്ഡാരമായ മനസിൽനിന്നും അവശ്യാനുസരണം വിവരങ്ങൾ വീണ്ടെടുത്ത് ചിന്തയിൽ ഉൾപ്പെടുത്തി ലക്ഷ്യത്തിന് ഒരു ഏകദേശ രൂപം നൽകുക. ചിന്താവിശകലനം തുടർച്ചയായി നടത്തി, ഉൾക്കാഴ്ചയിലെ രൂപത്തിന്/ ലക്ഷ്യത്തിന് സാമ്യതയുള്ളതാക്കി പൂർണത നേടുക. മനസിലുള്ളതുമായി താരതമ്യം ചെയ്ത് തൃപ്തികരമായാൽ, പ്രായോഗിക പ്രവൃത്തിയിലൂടെ ഉപയോഗിച്ച് ആസ്വദിക്കാൻ പറ്റിയ രീതിയിൽ നിർമാണം നടത്തുക. നമ്മൾ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന പല ഉൽപന്നങ്ങളും സാമഗ്രികളും ഉപകരണങ്ങളും യന്ത്രങ്ങളുമെല്ലാം ഓരോ മഹത് വ്യക്തികളുടെ ഉൾക്കാഴ്ചയിൽ നിന്നും ഉടലെടുത്ത കണ്ടുപിടിത്തങ്ങളാണ്.
മരത്തിൽ നിന്നോ കല്ലിൽ നിന്നോ ഒരു ശിൽപം നിർമിക്കാൻ തുടങ്ങുന്ന വിഷണറിയായ ശിൽപി മരത്തിലേക്കോ കല്ലിലേക്കോ തന്റെ അകക്കണ്ണുകൊണ്ട് നോക്കുമ്പോൾ കാണുന്നത് മനസിലെ ശിൽപം മാത്രമാണ്. ശിൽപത്തിന് പുറത്തുള്ള അധികദ്രവ്യം എങ്ങനെ കൃത്യമായി ചെത്തി മാറ്റാമെന്നായിരിക്കും ചിന്തിക്കുക. പല നിലകളുള്ള കെട്ടിടങ്ങളും ബൃഹത്തായ പാലങ്ങളും നിർമിക്കുന്ന ആർക്കിടെക്ടുകളും ഇതുപോലെയാണ്. പേരെടുത്ത ശിൽപങ്ങളുടെ സ്രഷ്ടാവായ കാനായി കുഞ്ഞിരാമൻ ശിൽപ്പങ്ങളുണ്ടാക്കാനുള്ള വസ്തുക്കൾ പോലും നിരവധി ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തിയ ശേഷമാണ് തെരഞ്ഞെടുക്കുന്നത്. വർഷങ്ങളോളും കാറ്റും മഴയും വെയിലുമേറ്റാലും ശിൽപത്തിന്റെ രൂപഭംഗി നിലനിൽക്കണമെന്ന വിഷൻ ആണ് അതിനുപിന്നിൽ. സ്വന്തം മനസിനുള്ളിൽ അരൂപിയായി ജന്മമെടുത്ത ഒരു ആശയത്തിന് മറ്റുള്ളവരുടെ ഇന്ദ്രിയങ്ങൾക്ക് അനുഭവിച്ച് ആസ്വദിക്കാൻ പാകത്തിൽ രൂപം നൽകുന്ന സൃഷ്ടിയാണ് വിഷനറീസ് ചെയ്യുന്നത്. പല തുറകളിലും പ്രഗൽഭരായവരുടെ സംഭാവന സമാഹരിച്ചാണ് സൃഷ്ടി പൂർത്തിയാക്കുന്നത്. ഒരു സംഗീത സംവിധായകനും സിനിമാ സംവിധായകനും നോവലിസ്റ്റുമെല്ലാം വിഷനറീസാണ്.
മിടുക്കരായ വിഷനറീസ് ഒരു രാജ്യത്തിന്റെ വിലയേറിയ സമ്പത്താണ്. അവരുടെ ഉൾക്കാഴ്ചയും ദീർഘവീക്ഷണവും അറിവിന്റെ കലവറയും ഒത്തുചേരുമ്പോൾ പല സ്ഥാപനങ്ങളും അനുദിനം പുരോഗമിച്ച് വിജയക്കൊടി നാട്ടുന്നത് നമുക്കു കാണാം. ലോകവ്യാപാര കരാർ ഒപ്പുവെച്ചിട്ടുള്ള എല്ലാ രാജ്യങ്ങളും വിപണി പരമാവധി കയ്യടക്കാൻ മത്സരിക്കുമ്പോൾ ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങൾ (ശാസ്ത്രസാങ്കേതിക വിദ്യയിലും അസംസ്കൃത വസ്തുക്കളുടെ ലഭ്യതയിലും മനുഷ്യശക്തിയുടെ നൈപുണ്യത്തിലും) സൂക്ഷ്മമായി നിരീക്ഷിച്ച് യഥാസമയം തീരുമാനമെടുക്കാനും നടപ്പിലാക്കാനുമുള്ള സംവിധാനങ്ങൾ ഉണ്ടായിരിക്കണം. ഇവിടെയാണ് ശരിക്കും വിഷനറീസിന്റെ ആവശ്യം. ഇന്നത്തെ കാര്യങ്ങളെല്ലാം നന്നായി നടക്കുമ്പോഴും നാളെ എന്താകും എന്ന ചിന്ത എപ്പോഴും വേണം.
നിസ്വാർത്ഥതയും അർപ്പണ മനോഭാവവുമുള്ള ഒരു വിഷനറി ഒരു രാജ്യത്തിന്റെയോ ദേശത്തിന്റെയോ സ്ഥാപത്തിന്റെയോ മേധാവിയായി വളരെ നാൾ തുടർച്ചയായി നയിക്കാൻ കഴിഞ്ഞാൽ, വളർച്ച തികച്ചും ദൃശ്യമായിരിക്കും. സിംഗപ്പൂർ പ്രധാനമന്ത്രി ലീ ഒരു ഉദാഹരണമാണ്. അനുദിനം വളരുന്ന ശാസ്ത്രസാങ്കേതിക വിദ്യകൾ വിപണിയിലെ പല ഉൽപന്നങ്ങളുടെയും നിർമാണപ്രക്രിയയിൽ വലിയ മാറ്റങ്ങൾ വരുത്തും. ഉൽപന്നങ്ങൾ ഉയർന്ന ഗുണമേന്മയിലും താഴ്ന്ന വിലയിലും ലഭ്യമാകും. വിപണിയിൽ മത്സരം വർദ്ധിക്കും. ഒരുകാലത്ത് നമ്മുടെ രാജ്യത്ത് ഗ്രാമപ്രദേശങ്ങളിലെ മുക്കിലും മൂലയിലും എസ്ടിഡി/ഐഎസ്ഡി ബൂത്തുകൾ പലർക്കും തൊഴിൽ നൽകി. പുതിയ മൊബൈൽ ഫോണുകൾ ബൂത്തുകളെ നിശേഷം തുടച്ചുമാറ്റി. ഫോട്ടോഗ്രാഫിയിലും അച്ചടിയിലും ഡിജിറ്റൽ സാങ്കേതികവിദ്യ വരുത്തിയ മാറ്റങ്ങൾ അത്ഭുതങ്ങളാണ്. ഫിലിം ഉപയോഗിച്ച് ഫോട്ടോ എടുക്കുന്ന കാമറകൾ പാഴ്വസ്തുക്കളായി. കാലത്തിനൊത്ത് നമ്മുടെ നാട്ടിലെ ഫോട്ടോ സ്റ്റുഡിയോകളും അച്ചടികേന്ദ്രങ്ങളും മാറ്റങ്ങൾ സ്വീകരിച്ചു തൊഴിലുറപ്പിച്ചു. ഇങ്ങനെ നിരന്തരം ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ മനസിലാക്കാൻ നമ്മുടെ ഇന്ദ്രിയങ്ങളെ സൂക്ഷ്മതയോടെ, ശ്രദ്ധയോടെ സദാസമയവും പ്രവർത്തനക്ഷമമാക്കണം. അങ്ങനെ നേടുന്ന അറിവുകൾ മനസിന്റെ ചിന്താപ്രക്രിയയിലേക്ക് കടത്തി തനതായ പുതിയ വിദ്യകളും രീതികളുമാക്കി മാറ്റണം. ഇത്രയുമാകുമ്പോൾ നിങ്ങളും ഒരു വിഷനറിയാകും. പുതിയ ആശയങ്ങൾ പ്രവൃത്തിയിലേക്ക് കൊണ്ടുവന്ന് വിജയിക്കുമ്പോൾ കൂടുതൽ ആത്മവിശ്വാസം നേടാം. വ്യാപാര, വ്യവസായ, തൊഴിൽസംരംഭങ്ങളിൽ വിജയക്കൊടി നേടിയ പലരും ഈ പാത പിന്തുടർന്നവരാണ്.
പുതിയ തലമുറയെ എങ്ങനെ വിഷനറീസ് ആക്കാമെന്ന് നോക്കാം. വിവരങ്ങൾ, അറിവുകൾ, കണ്ടും കേട്ടും അറിഞ്ഞ് ഒപ്പിയെടുത്ത് തലച്ചോറിലെ കണികകളിലേക്ക് പകർന്ന്, അവിടെ ശേഖരിച്ചുവയ്ക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക. വിദ്യാലയങ്ങളിലെ പഠനസമ്പ്രദായം അതിനുവേണ്ടി പാകപ്പെടുത്തുക. പുതിയ കാര്യങ്ങൾ കൂടുതൽ അറിയാനും മനസിലാക്കാനുമുള്ള ജിജ്ഞാസ ഒരു ഉൾവിളിപോലെ പൊട്ടി വിടരണം. രക്ഷകർത്താക്കളും അദ്ധ്യാപകരും കുട്ടികളുമായി നിരന്തരം ഇടപഴകുന്ന മറ്റു അഭ്യുദയകാംക്ഷികളും കിട്ടുന്ന ഓരോ നിമിഷവും പുതിയ കാര്യങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധയെ വഴികാട്ടുക. ഇന്ദ്രിയങ്ങളുടെ സൂക്ഷ്മതയും മൂർച്ചയും കൂട്ടി പൂർണ മനസോടെ അറിവ് ശേഖരിക്കാനുള്ള ശീലം വളർത്തണം. അപ്പോൾ അറിവിന്റെ കലവറ സമ്പുഷ്ടമാകും. ഈ അവസരത്തിൽ മനസിനെ ലക്ഷ്യത്തിലേക്ക് ഏകാഗ്രമാക്കി സ്വപ്നം കാണുക. പലയാവർത്തി ചിന്തിച്ച് പുതിയ ആശയങ്ങൾക്ക് രൂപം നൽകുക. രൂപസൃഷ്ടി പൂർണമായാൽ അതിനെ പ്രാവർത്തികമാക്കുക. സമൂഹത്തിന് ഉപകാരപ്പെടുത്തുക. ഇത്രയും നൽകിയാൽ നമ്മുടെ പുതിയ തലമുറയിൽ പലരും വിഷനറിയായി വരും. അങ്ങനെ അവരെല്ലാം സ്വന്തം കഴിവിൽ ആത്മവിശ്വാസം നേടി സമൂഹത്തിന്റെ നന്മയ്ക്കും സുഖത്തിനും സന്തോഷത്തിനും വേണ്ടി കർമം ചെയ്യും. നമ്മുടെ നാടിന്റെ വിജയം ഉറപ്പാണ്.
(ലേഖകന്റെ ഫോൺ: 9447176476)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |