എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്നു പറയുന്നതു ബൈജു സന്തോഷിന്റെ കാര്യത്തിൽ നൂറുശതമാനം ശരി.മികച്ച കഥാപാത്രങ്ങളിലൂടെ ബൈജു തിളങ്ങുന്നു.ആൾക്കൂട്ടത്തിനു നടുവിലും വന്നു മറഞ്ഞും നിന്ന സ്ഥാനത്ത് നായക വേഷം വരെ എത്തി പോയ വർഷം. പുത്തൻ പണത്തിലെ ന്യൂട്രൽ കുഞ്ഞപ്പനാണ് കരിയർ ബ്രേക്കിന് വഴിതുറന്നത്. പിന്നാലെ സഖാവ് എത്തി. ഒടുവിൽ ലൂസിഫർ.നായകനായി മേര നാം ഷാജി. ബൈജു സന്തോഷ് സംസാരിക്കുന്നു.
വീണ്ടും സിനിമയിൽ സജീവമാവുകയാണല്ലോ ?
ഇപ്പോഴാണ് മികച്ച വേഷങ്ങൾ വരുന്നത്. സിനിമയിൽ വന്നിട്ട് 36 വർഷമായി. അവസരങ്ങൾ കുറഞ്ഞു വന്നപ്പോഴാണ് പുത്തൻ പണത്തിനു വേണ്ടി സംവിധായകൻ രഞ്ജിത് വിളിക്കുന്നത്. അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത ഈ അടുത്ത കാലത്ത് സിനിമയിൽ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചു. അതിലെ പ്രകടനം കണ്ടാണ് പുത്തൻ പണത്തിലെ ന്യൂട്രൽ കുഞ്ഞപ്പനെ അവതരിപ്പിക്കാൻ വിളിക്കുന്നത്.
സഖാവിൽ മികച്ച വേഷമായിരുന്നല്ലോ?
ഗംഭീര ഗെറ്റപ്പായിരുന്നു. മികച്ച വേഷമാണെന്ന അഭിപ്രായം എനിക്കില്ല. ഒരുപാട് സാദ്ധ്യതകളുള്ള കഥാപാത്രമായിരുന്നു ഗരുഡ കങ്കാണി. പക്ഷേ വേണ്ട രീതിയിൽ ആ കഥാപാത്രത്തെ സിനിമയിൽ ഉപയോഗിച്ചില്ല. ദാ വന്നു ദേ പോയി എന്ന് പറയുംപോലെയുള്ള അവസ്ഥയായിരുന്നു. മറ്റൊരാൾ ചെയ്യേണ്ട കഥാപാത്രമായിരുന്നു അത്. ആ ആർട്ടിസ്റ്റിനെ ലഭിക്കാതെ വന്നപ്പോഴാണ് എനിക്ക് അവസരം കിട്ടിയത്. പലർക്കും ആ കഥാപാത്രം കണ്ടിട്ട് ഞാനാണെന്ന് മനസിലായില്ല. നടൻ മുകേഷ് ഉൾപ്പെടെ ഒരുപാടുപേർ നല്ല അഭിപ്രായം പറഞ്ഞു.ഡബ്ബിംഗ് പോലും അന്നുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായിരുന്നു. മലയാളവും തമിഴും ഇടകലർന്ന ഭാഷ ഡബ്ബ് ചെയ്യാൻ അല്പം ബുദ്ധിമുട്ടി . തല മൊട്ടയടിക്കാനൊക്കെ ആദ്യം എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. മറ്റ് ഗെറ്റപ്പുകളിൽ വരുന്ന വേഷങ്ങൾ ചിലപ്പോൾ നഷ്ടമായേക്കാം. പിന്നെ എന്നെത്തേടിവന്ന ഒരു നല്ല കഥാപാത്രം നഷ്ടപ്പെടുത്തേണ്ടെന്ന് വിചാരിച്ചതുകൊണ്ടാണ് ആ കഥാപാത്രം സ്വീകരിച്ചത്.
കുട്ടിക്കാലത്ത് തന്നെ സിനിമയിൽ വന്നല്ലോ?
പന്ത്രണ്ടാമത്തെ വയസിൽ ബാലചന്ദ്രമേേനാൻ സംവിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. തിരുവനന്തപുരം വിദ്യാധിരാജ സ്കൂളിലാണ് പഠിച്ചത്. സ്കൂളിൽ പഠിക്കുമ്പോൾ ഒന്നോ രണ്ടോ നാടകത്തിൽ അഭിനയിച്ച ഓർമ്മയാണ് അഭിനയത്തെക്കുറിച്ചു ആകെയുള്ളത്. അഭിനയത്തിന്റെയോ സിനിമയുടെയോ ഗൗരവം അറിഞ്ഞു വരുന്നതിനു മുൻപേ ഞാൻ സിനിമയിൽ സജീവമായി. സംവിധായകൻ പറയുന്നതുപോലെ ചെയ്യുമെന്നല്ലാതെ പ്രത്യേകിച്ചൊന്നും അപ്പോൾ ചിന്തിച്ചിരുന്നില്ല. അന്ന് തൊട്ടേ വളരെ വേഗത്തിലാണ് ഡയലോഗ് പറയുന്നത്. തിരുവനന്തപുരം എം.ജി കോളേജിലാണ് പ്രീഡിഗ്രിക്ക് പഠിച്ചത്. സിനിമയിൽ തിരക്കേറിയ സമയമായതുകൊണ്ടു തന്നെ ഡിഗ്രി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. മൂന്നു നേരം സുഭിക്ഷമായി ആഹാരം കഴിക്കാനുള്ള വക വീട്ടിലും ഉണ്ടായിരുന്നു. തൊഴിൽ നേടുന്നതിന് വേണ്ടിയാണല്ലോ സാധാരണ എല്ലാവരും പഠിക്കുന്നത്. സിനിമയിൽ നിന്ന് അത്യാവശ്യം വരുമാനമൊക്കെ ലഭിച്ചു തുടങ്ങിയപ്പോൾ പിന്നെ പഠിക്കേണ്ടെന്നു ഞാനും കരുതി.കൂടുതൽ പഠിച്ചെന്തിനാ വെറുതേ തലപുകയ്ക്കുന്നത് .സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ ഒരു പൊലീസ് ഓഫീസറാകാനായിരുന്നു ആഗ്രഹം.
മേരാ നാം ഷാജിയിൽ നായകനായി. നേരത്തേ നായകനാകേണ്ടിയിരുന്നില്ലേ?
സത്യത്തിൽ ആ ചോദ്യത്തിനുള്ള ഉത്തരം എനിക്കറിയില്ല. ഞാൻ ഒറ്റയ്ക്ക് വിജയിപ്പിച്ചിട്ടുള്ള സിനിമകൾ ഇല്ലെന്നതായിരിക്കാം അതിന്റെ കാരണം. മാട്ടുപ്പെട്ടി മച്ചാൻ ഇറങ്ങിയപ്പോൾ എല്ലാവരും കരുതി ഞാൻ നായകനായി തിളങ്ങാൻ സാദ്ധ്യതയുണ്ടെന്ന്. പക്ഷേ എന്നെത്തേടി നായക കഥാപാത്രങ്ങളൊന്നും വന്നില്ല. ഞാൻ വിധിയിൽ വിശ്വസിക്കുന്ന ആളാണ്. എനിക്കതിനുള്ള യോഗമില്ലെന്ന് കരുതുന്നു. എല്ലാം ചില നിമിത്തങ്ങളാണ് . കല്യാണ ഉണ്ണികൾ എന്ന ചിത്രമാണ് ഞാൻ നായക തുല്യവേഷം ചെയ്ത ഒരേഒരു ചിത്രം. ജഗതിച്ചേട്ടനാണ് ചിത്രം സംവിധാനം ചെയ്തത്. 1990 ൽ ചിത്രീകരിച്ച സിനിമ ഇറങ്ങിയത് 1997 ലാണ്. വൈകി റിലീസായതുകൊണ്ടു തന്നെ ചിത്രം പ്രേക്ഷക ശ്രദ്ധ നേടാതെ പോയി.നായകനാകാൻ കഴിയാത്തതുകൊണ്ട് എനിക്ക് അല്പം പോലും വിഷമമില്ല. നായകനാകുന്നതിലുപരി എല്ലാ സിനിമകളിലും അഭിനയിച്ച് ഇതുപോലെ എപ്പോഴും ലൈം ലൈറ്റിൽ നിൽക്കാനാണ് എന്റെ ആഗ്രഹം.
സിനിമയിൽ വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?
സിനിമയിൽ എന്നെ ആരും വേദനിപ്പിച്ചതായി ഓർക്കുന്നില്ല. പല സ്ഥലങ്ങളിലും കടുത്ത അവഗണനയ്ക്ക് പാത്രമായിട്ടുണ്ട്. ഒളിഞ്ഞു നിന്നാണ് നമ്മളെ പലരും അവഗണിച്ചിട്ടുള്ളത്. ഒരു സിനിമ റിലീസാകുമ്പോൾ അതിന്റെ പോസ്റ്ററിൽ എന്റെ ഫോട്ടോ മാത്രം കൊടുക്കില്ല. പ്രധാനപ്പെട്ട വേഷം ചെയ്ത ചിത്രങ്ങളിൽപ്പോലും. പേരെഴുതി കാണിക്കുമ്പോൾ ഏറ്റവും പ്രാധാന്യം കുറഞ്ഞ ആർട്ടിസ്റ്റുകളുടെ കൂട്ടത്തിലായിരിക്കും എന്റെ പേര് . ആരെല്ലാമാണ് ഇതൊക്കെ ചെയ്യുന്നതെന്ന് എനിക്ക് അറിയാം. വളരെ പുച്ഛത്തോടെയാണ് ഞാൻ ഇപ്പോൾ അതിനെയെല്ലാം കാണുന്നത്. സമയം വരുമ്പോൾ അതിനു പകരം കൊടുക്കാൻ എനിക്കറിയാം. ആരെയും വേദനിപ്പിക്കാതെ നേരെ വാ നേരെ പോ എന്ന നിലപാടാണ് എനിക്കുള്ളത്. ആരെയും ഇന്ന് വരെ സിനിമയിൽ അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചിട്ടില്ല. കരിയർ തുടങ്ങിയ സമയംമുതൽ ഇന്നുവരെ വർഷത്തിൽ മൂന്നോ നാലോ സിനിമകളിൽ കുറയാതെ ഞാൻ അഭിനയിച്ചിട്ടുണ്ട്. വെറുതേ അഭിനയിച്ചു എന്നല്ലാതെ സാമ്പത്തികമായി വലിയ മെച്ചമുണ്ട് എന്നൊന്നും പറയാൻ കഴിയില്ല. അത്യാവശ്യം മോശമല്ലാത്ത കാശ് കിട്ടിത്തുടങ്ങിയത് ഈ അടുത്ത സമയത്താണ്. ഒരു വിവാദത്തിനും പോകാതെ സ്വസ്ഥമായി ജീവിച്ചുപോകണം എന്നാഗ്രഹിക്കുന്ന വ്യക്തിയാണ്. സിനിമയ്ക്കുള്ളിൽ നടക്കുന്ന പ്രശ്നങ്ങളിലൊന്നും ഇതുവരെ ഒരു പ്രസ്താവനയ്ക്കും ഞാൻ മുതിർന്നിട്ടില്ല. എനിക്ക് എല്ലാവരെയും വ്യക്തമായി അറിയാമെന്നുള്ളതുകൊണ്ടു തന്നെ ഞാൻ ഇതുവരെ ആരുടെയും പക്ഷം പിടിക്കാൻ പോയിട്ടില്ല.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |