അഞ്ചാലുംമൂട് (കൊല്ലം): അമ്മയ്ക്കൊപ്പം വീട്ടുപരിസരത്തുണ്ടായിരുന്ന പതിനൊന്നുകാരിയെ 15 മിനിട്ടിനകം കിടപ്പുമുറിയിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്രാക്കുളം കരുവാവിള വടക്കതിൽ കൂലിപ്പണിക്കാരനായ മുഹമ്മദ് കുഞ്ഞിന്റെയും അനീഷയുടെയും മകൾ അമീനയാണ് വെള്ളിയാഴ്ച സന്ധ്യയോടെ മരിച്ചത്. പ്രാക്കുളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ളാസ് വിദ്യാർത്ഥിനിയാണ്. സംഭവത്തിൽ ദുരൂഹത സംശയിക്കുന്ന കുട്ടിയുടെ രക്ഷിതാക്കളും അയൽക്കാരും അന്വേഷണം ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ, ഉമ്മ അനീഷയ്ക്കൊപ്പം മുറ്രത്ത് മരപ്പൊടി വാരിക്കൊണ്ടിരിക്കെ വീട്ടിൽ പോയി നിസ്കരിക്കാൻ അമീനയെ പറഞ്ഞയച്ചു. 15 മിനിട്ടു കഴിഞ്ഞ് വീട്ടിലെത്തിയ മാതാവ്, അമീനയെ ഉത്തരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കിടക്കയ്ക്കു മുകളിൽ കസേര മറിഞ്ഞു കിടന്നിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയ അയൽവാസികൾ അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
നോട്ട്ബുക്കിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്ന് അഞ്ചാലുംമൂട് പൊലീസ് പറഞ്ഞെങ്കിലും വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ചശേഷം കൂടുതൽ പറയാമെന്ന നിലപാടിലാണ് പൊലീസ്. ഫോറൻസിക്, വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തി. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അഞ്ചു വയസുള്ള അജ്മൽ, രണ്ടു വയസുള്ള ആസിയ എന്നിവർ സഹോദരങ്ങൾ. സംഭവം നടക്കുമ്പോൾ ഇവർ അമ്മയ്ക്കൊപ്പമായിരുന്നു.
അതിനിടെ, ഓൺലൈൻ വിദ്യാഭ്യാസത്തിന് കുട്ടി ബുദ്ധിമുട്ടിയതാണ് ആത്മഹത്യയ്‌ക്കു കാരണമെന്ന് അഭ്യൂഹം പരന്നെങ്കിലും തൊട്ടടുത്തുള്ള ഗ്രന്ഥശാലയിലൊരുക്കിയ ഓൺലൈൻ ക്ളാസിൽ പങ്കെടുത്തിരുന്നു. സംഭവത്തിനു തൊട്ടു മുൻപും കുട്ടി കളിചിരിയോടെ നടക്കുന്നതു കണ്ടെന്ന് അയൽവാസിയും ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ കുമാരൻ പറഞ്ഞു. കഞ്ചാവ് ഉൾപ്പെടെ ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരുടെയും മദ്യപന്മാരുടെയും താവളമാണ് ഇവിടം. കുട്ടിയുടെ മരണത്തിനു പിന്നിൽ പുറത്തുനിന്നുള്ള ആർക്കെങ്കിലും പങ്കുണ്ടോ എന്ന് സംശയമുയരുന്നതിനു കാരണം ഇതാണ്.
'കൊച്ചുകുഞ്ഞല്ലേ, അവളിത്
സ്വയം ചെയ്യുമോ: ഉമ്മ '
എന്റെ മകൾ ആത്മഹത്യ ചെയ്യില്ല, അതൊന്നും ആലോചിക്കാൻ പോലുമുള്ള പ്രായം അവൾക്കില്ലല്ലോ..." അനീഷ പൊട്ടിക്കരഞ്ഞുകൊണ്ട് കേരളകൗമുദിയോട് പറഞ്ഞു. സംഭവത്തിന് അല്പം മുമ്പ് വീട്ടിലേക്ക് പറഞ്ഞയയ്ക്കുമ്പോഴും പെരുമാറ്റത്തിൽ അസ്വാഭാവികമായി ഒന്നുമുണ്ടായിരുന്നില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ കത്തെഴുതിവച്ച് ജീവനൊടുക്കിയെന്ന് വിശ്വസിക്കാൻ വയ്യ. പതിനൊന്ന് വയസ് മാത്രമുള്ള കുട്ടി ഇതു ചെയ്യുമോ? ഉമ്മ ചോദിക്കുന്നു.
ഉത്തരം കിട്ടേണ്ടത്
1. 11 വയസുകാരി കത്തെഴുതി വച്ച് ഉത്തരത്തിൽ കുരുക്കിട്ട് തൂങ്ങുമോ?
2. കളിച്ചുചിരിച്ച് അമ്മയ്ക്കൊപ്പമിരുന്ന കുട്ടി പെട്ടെന്നിതു ചെയ്യാൻ കാരണം?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |