അരിമ്പൂർ: സഹായങ്ങൾക്ക് കാത്തുനിൽക്കാതെ തന്നെ രക്ഷിക്കാൻ പണമുണ്ടാക്കാൻ കടൽ കടന്ന അമ്മയെ ഒരുനോക്ക് കാണാതെ അളകനന്ദ യാത്രയായി. ഹൃദയവാൽവ് തകരാറിലായി എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 11 വയസുകാരി അളകനന്ദ വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ചത്.
കുവൈറ്റിൽ കുടുങ്ങിയ അമ്മ സുനിതയ്ക്ക് ലോക്ക് ഡൗണിനെ തുടർന്ന് നാട്ടിലെത്താനായിട്ടില്ല.
ആട്ടോറിക്ഷാ ഡ്രൈവറായ നാടോടി വീട്ടിൽ ബിനോഷിന്റെയും സുനിതയുടെയും മകളായ അളകനന്ദ ജന്മനായുള്ള ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ചികിത്സാച്ചെലവ് ഭാരിച്ചതോടെ അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായി സഹായ സമിതി രൂപവത്കരിച്ചിരുന്നു. ഇതിന്റെ പ്രവർത്തനം നടന്നുവരവെയാണ് കുട്ടിയുടെ മരണം. അളകനന്ദയുടെ ചികിത്സ ഉൾപ്പെടെയുള്ള ബാദ്ധ്യതകൾ തീർക്കുന്നതിനും ബാക്കി ചികിത്സകൾക്ക് പണമുണ്ടാക്കാനുമാണ് അമ്മ സുനിത കുവൈറ്റിൽ ജോലിക്ക് പോയത്.
എന്നാൽ കൊവിഡ് കാലത്തെ തൊഴിൽ പ്രതിസന്ധിയും വിസാ കാലാവധി തീർന്നതും കാരണം മടങ്ങിവരാനാകാത്ത അവസ്ഥയിലാണ് സുനിത. മകളെ അവസാനമായി കാണണമെന്ന ആഗ്രഹം അറിയിച്ചതോടെ അളകനന്ദയുടെ മൃതശരീരം തൃശൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സുനിതയെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളുമായി ടി.എൻ. പ്രതാപൻ എം.പി ഉൾപ്പെടെയുള്ളവരുണ്ട്. മനക്കൊടി സെന്റ് ജെമ്മാസ് സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു അളകനന്ദ. ആര്യനന്ദയാണ് സഹോദരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |