ലോക്ക് ഡൗണിൽ കുടുങ്ങി അവതാർ 2
ജെയിംസ് കാമറൂണിന്റെ അവതാർ രണ്ടാം ഭാഗം തിയേറ്ററിൽ എത്തുംമുമ്പേ വിവാദത്തിന് തിരികൊളുത്തി. കോവിഡ് ഭീതിയിലും കാമറൂണിനും അണിയറപ്രവർത്തകരടങ്ങുന്ന 55 അംഗ സംഘത്തിനും ന്യൂസിലൻഡിലേക്ക് പറക്കാൻ പ്രത്യേക അനുമതി നൽകിയതാണ് വിവാദങ്ങൾക്ക് കാരണം. മാർച്ച് 16നാണ് കോവിഡിനെ തുടർന്ന് രാജ്യത്തിന്റെ അതിർത്തികൾ അടയ്ക്കാൻ പ്രധാനമന്ത്റി ജസീന്ത ആർഡെൻ ഉത്തരവിട്ടത്. കർശനമായ ലോക്ക് ഡൗൺ നിയമങ്ങളിലൂടെ ന്യൂസിലാൻഡ് ശക്തമായി കോവിഡിനെ നേരിട്ടതും വാർത്തയായിരുന്നു.
ഇതിനിടെ കാമറൂണും സംഘവും സ്വകാര്യ വിമാനത്തിൽ രാജ്യത്ത് എത്തിയത് ജനങ്ങൾക്കിടയിൽ കടുത്ത അമർഷത്തിന് കാരണമായി. എന്നാൽ 14 ദിവസത്തെ ക്വാറന്റൈനിനു ശേഷം മാത്രമേ ചിത്രൂകരണം തുടങ്ങൂവെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
വെള്ളിത്തിരയൽ വിസ്മയം തീർത്ത അവതാറിന്റെ രണ്ടാം ഭാഗത്തിനായി ലോകമെമ്പാടുമുള്ള പ്രേക്ഷകർ കാത്തിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം നേരത്തേ തന്നെ ആരംഭിച്ചിരുന്നു. ലൊക്കേഷൻ ചിത്രങ്ങളും വൈറലായിരുന്നു. സിനിമയുടെ ഭൂരിഭാഗം സീനുകളും ചിത്രീകരിക്കുന്നത് വെള്ളത്തിനടിയിലാണ്. സാം വർത്തിംഗ്ടൺ, സൊയേ സൽഡാന, സിഗോർണി വീവർ എന്നിവരാണ് അഭിനേതാക്കൾ.
മനുഷ്യരും പണ്ടോരയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറഞ്ഞ അവതാർ 2009ലാണ് കാമറൂൺ വെള്ളിത്തിരയിലെത്തിച്ചത്. 2,789 ദശലക്ഷം ഡോളാണ് ചിത്രം തിയേറ്ററിൽ നിന്ന് വാരിയത്. നാലര വർഷം കൊണ്ടാണ് ചിത്രം യാഥാർത്ഥ്യമായത്.
ആകാശ വനിത അടിത്തട്ടിൽ!
നാസയുടെ മുൻ വനിതാ ബഹിരാകാശ സഞ്ചാരിയായ കാത്തി സള്ളിവൻ 68ാം വയസിൽ ഭൂമിയിലെ ഏറ്റവും ആഴമുള്ള സമുദ്ര ഗർത്തമായ മരിയാന ട്രഞ്ചിന്റെ ഏറ്റവും അടിത്തട്ടായ ചലഞ്ചർ ഡീപ് വരെ എത്തി ചരിത്രം സൃഷ്ടിച്ചത് കഴിഞ്ഞയാഴ്ചയാണ്.ചലഞ്ചർ ഡീപ്പിൽ എത്തുന്ന ആദ്യത്തെ വനിതയാണ് കാത്തി സള്ളിവൻ. ശാന്തസമുദ്രത്തിൽ 35,000 അടി ആഴത്തിലാണ് ചലഞ്ചർ ഡീപ്.ഫ്ലോറിഡയിലെ ട്രൈറ്റോൺ സബ്മറൈൻസ് എന്ന കമ്പനി നിർമ്മിച്ച ലിമിറ്റിംഗ് ഫാക്ടർ എന്ന ചെറിയ അന്തർവാഹിനിയിലാണ് കാത്തി സള്ളിവൻ സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് പോയത്. അന്തർവാഹിനിയുടെ പരിചയസമ്പന്നനായ പൈലറ്റും സമുദ്രപര്യവേക്ഷകനുമായ വിക്ടർ വെസ്കോവോക്കൊപ്പം ആയിരുന്നു ദൗത്യം. ചലഞ്ചർ ഡീപ്പിൽ എത്തുന്ന എട്ടാമത്തെ വ്യക്തിയാണ് കാത്തി.1960ൽ ഡോൺ വാൽഷും ജാക്വസ് പിക്കാർഡും ആണ് ആദ്യം മഹാ ഗർത്തത്തിൽ എത്തിയത്. 2012ൽ ടൈറ്റാനിക് സിനിമയുടെ സംവിധായകൻ ജയിംസ് കാമറൂൺ ഇവിടെ എത്തിയിരുന്നു.
ഇക്കൊല്ലം മാഗ്‌സസെ ഇല്ല
ഏഷ്യൻ നോബൽ പുരസ്‌കാരം എന്നറിയപ്പെടുന്ന രമൺ മാഗ്‌സസെ പുരസ്‌കാരം ഈ വർഷം നൽകുന്നില്ലെന്ന് തീരുമാനം. ലോകമാകെ കോവിഡിന്റെ പിടിയിലായ സാഹചര്യത്തിലാണ് പുരസ്‌കാരം ഇക്കുറി വേണ്ടെന്ന തീരുമാനം. വിവിധ മേഖലകളിലെ മികച്ച സേവനത്തിന് ഫിലിപ്പൈൻസ് പ്രസിഡന്റ് രമൺ മാഗ്‌സസെയുടെ ഓർമ്മയ്ക്കായി ഫിലിപ്പൈൻസ് സർക്കാരാണ് ഈ പുരസ്‌കാരം നൽകുന്നത്. അറുപത് വർഷത്തിനിടെ മൂന്നാം തവണയാണ് പുരസ്‌കാരം ഉപേക്ഷിക്കുന്നത്.
കോവിഡിൽ കൊറോ- ബോട്ട്
കോവിഡ് രോഗികൾക്ക് സമയത്തിന് ആഹാരവും വെള്ളവും മരുന്നും വേണ്ടി വന്നാൽ ഉപദേശവും നൽകാൻ കൊറോ- ബോട്ട് റെഡി. മഹാരാഷ്ടയിലെ താനെ സ്വദേശി പ്രതിക് തിരോദ്കറാണ് ഇന്റർനെറ്റ് വഴി നിയന്ത്റിക്കുന്ന ഈ റോബോട്ടിന്റെ കണ്ടുപിടിത്തത്തിനു പിന്നിൽ. കൊറോ-ബോട്ടിനെ നിയന്ത്റിക്കാൻ വ്യക്തികളുടെ സഹായം ആവശ്യമേ ഇല്ല, ഇന്റർനെറ്റ് മാത്രറം മതി. മഹാരാഷ്ട്രയിലെ കല്യാണിൽ ആദ്യ റോബോ സേവനം തുടങ്ങിക്കഴിഞ്ഞു. പി. എൻ.ടി സൊല്യൂഷൻസ് എന്ന സ്റ്റാർട്ടപ്പ് സ്ഥാപകൻ കൂടിയാണ് 23കാരനായ പ്രതിക് .
കൊവിഡിനിടയിലും കണ്ണ് ബഹിരാകാശത്ത്
കൊറോണയുടെ ആദ്യ പ്രഹരം ഏറ്റുവാങ്ങിയ ചൈനയുടെ കണ്ണ് ഇപ്പോൾ ബഹിരാകാശത്താണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ നാല് ഉപഗ്രഹങ്ങളാണ് ചൈന വിക്ഷേപിച്ചതെന്ന് ചൈനീസ് മാദ്ധ്യമങ്ങൾ അവകാശപ്പെടുന്നു. മേയ് 30ന് നാസയുടെ ആദ്യ സ്വകാര്യദൗത്യമായ സ്‌പേസ് എക്‌സ് ഡ്രാഗൺ കാപ്‌സ്യൂളിനു പിന്നാലെയായിരുന്നു സാങ്കേതികരംഗത്തെ മികവു ലക്ഷ്യമിടുന്ന ചൈനയുടെ
രണ്ട് ഉപഗ്രഹങ്ങളുടെ വിക്ഷേപണം. പിന്നാലെ ഗവോഫെൻ 9, ഹെഡ് 4 എന്നിങ്ങനെ രണ്ട് ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിച്ചതായി ചൈനീസ് മാദ്ധ്യമങ്ങൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |