തിരുവനന്തപുരം: കൊവിഡ് പരിശോധനയ്ക്ക് സൗകര്യമില്ലാത്ത രാജ്യങ്ങളിലെ പ്രവാസികൾക്ക് കൊവിഡ് ടെസ്റ്റ് നടത്തുന്നതിന് ട്രൂ നാറ്റ് ടെസ്റ്റ് കിറ്റ് സംസ്ഥാന സർക്കാർ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുകയാണ്. വിമാനക്കമ്പനികളുടെ സഹകരണവും ഇന്ത്യൻ എംബസികളുടെ അനുവാദവും ഇതിനാവശ്യമാണ്. യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിൽ കൊവിഡ് പരിശോധനയ്ക്ക് സൗകര്യമുണ്ട്. സൗദി, കുവൈറ്റ്, ബഹറിൻ, ഒമാൻ എന്നീ രാജ്യങ്ങളിൽനിന്ന് തിരിച്ചു വരുന്നവരുടെ പരിശോധനയ്ക്ക് ഇത് സഹായിക്കും. 2,79,657 ആളുകൾ മറ്റു സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും സംസ്ഥാനത്തേക്ക് എത്തി. ഇതിൽ 1172 പേർക്ക് പരിശോധനയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചു.
ആരോഗ്യപ്രവർത്തകരുടെ
സേവനമുറപ്പാക്കാൻ പദ്ധതി
കൊവിഡ് വ്യാപനം ഉയർന്നാൽ കൂടുതൽ ആരോഗ്യപ്രവർത്തകരുടെ സേവനം വേണ്ടി വരുന്നത് മുന്നിൽ കണ്ട് സർക്കാർ വിപുലമായ പദ്ധതി തയ്യാറാക്കി. സർക്കാർ സർവീസിലുള്ള 45 വയസിനു താഴെയുള്ളവരിൽനിന്ന് പ്രത്യേകം ആളുകളെ റിക്രൂട്ട് ചെയ്ത് ആവശ്യമായ പരിശീലനം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ആരോഗ്യ മേഖലയിൽ വിവിധ കോഴ്സുകൾ പഠിക്കുന്ന അവസാന വർഷ വിദ്യാർത്ഥികളിൽ താത്പര്യമുള്ളവരെയും തൊഴിൽരഹിതരായ ആരോഗ്യപ്രവർത്തകരെയും വിരമിച്ച ആരോഗ്യപ്രവർത്തകരെയും സജ്ജമാക്കും. ഏത് ജില്ലയിലാണോ പ്രദേശത്താണോ ആവശ്യം അവിടെ അവരെ നിയോഗിക്കും. വീടുകളിലിരുന്ന് ജോലി ചെയ്യുന്നത് തുടരണമെന്നും ഓഫീസ് യോഗങ്ങൾ ഓൺലൈൻ വഴിയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |