തൃശൂർ: പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ.ആർ. സച്ചിദാനന്ദൻ-48) അന്തരിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ രാത്രി പത്തര മണിയോടെ ആയിരുന്നു.
ഇടുപ്പിലെ ശസ്ത്രക്രിയയ്ക്ക് വിധേയനായി മറ്റൊരു ആശുപത്രിയിൽ കഴിയവേയാണ് ഹൃദയാഘാതം ഉണ്ടായത്
പതിനഞ്ചോളം സിനിമകളുടെ തിരക്കഥാരചനയും സംവിധാനവും നിർവഹിച്ച സച്ചി മുപ്പതോളം നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
16ന് പുലർച്ചെയാണ് അദ്ദേഹത്തെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്കം പ്രതികരിക്കാത്ത അവസ്ഥയിലായിരുന്നു. ഇടുപ്പ് സംബന്ധമായ അസുഖത്തിന് മേയ് ഒന്നിനായിരുന്നു ആദ്യ ശസ്ത്രക്രിയ. രണ്ടാംഘട്ട ശസ്ത്രക്രിയയ്ക്കായി ജൂൺ പതിമൂന്നിന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷം ബോധം തിരിച്ചുകിട്ടിയ സച്ചി ഐ.സി.യുവിൽ ഭാര്യയോട് സംസാരിച്ചിരുന്നു. ഓർമ്മ തിരിച്ചു വന്നശേഷം പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് സച്ചിയെ ഗുരുതരാവസ്ഥയിലാക്കിയത്. തുടർന്ന് ജൂബിലി മിഷൻ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
2007ൽ ചോക്ലേറ്റ് എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് സുഹൃത്ത് സേതുവുമായി ചേർന്ന് തിരക്കഥ എഴുതിയാണ് സച്ചി സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. അതിന് മുൻപ് റോബിൻഹുഡിന്റെ തിരക്കഥ പൂർത്തിയാക്കിയിരുന്നു. മേക്കപ്പ്മാൻ, സീനിയേഴ്‌സ്, ഡബിൾസ് തുടങ്ങിയ സിനിമകളുടെ തിരക്കഥകൾ അവർ ഒന്നിച്ചൊരുക്കി. 2012ൽ ജോഷി സംവിധാനം ചെയ്ത റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി.
അയ്യപ്പനും കോശിക്കും ശേഷം, ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയൊരുക്കാനുളള ശ്രമത്തിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |