ന്യൂഡൽഹി:അതിത്തിയിലെ ചൈനീസ് കടന്നു കയറ്റം സംബന്ധിച്ച് രാജ്യം ഇരുട്ടിലാണെന്ന് സർവകക്ഷിയോഗത്തിൽ സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി.
ചൈനീസ് സേന കടന്നുകയറിയത് എന്നാണ്. ഇക്കാര്യം സർക്കാർ അറിഞ്ഞതെപ്പോൾ. ആദ്യം തർക്കമുണ്ടായ മെയ് മാസത്തിനു മുൻപേ ചൈനീസ് സാന്നിധ്യം അറിഞ്ഞിരുന്നോ. അതിർത്തിയിലെ ഉപഗ്രഹ ചിത്രങ്ങൾ കൈവശമുണ്ടോ. അസാധാരണ നീക്കങ്ങളെപ്പറ്റി മിലിട്ടറി ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നോ. ഇന്റലിജൻസ് പരാജയമുണ്ടായോ തുടങ്ങിയ ചോദ്യങ്ങൾക്ക് സർക്കാർ മറുപടി പറയണം. ഏപ്രിൽ മുതലുള്ള സംഭവവികാസങ്ങൾ വെളിപ്പെടുത്തണം ചൈനീസ് സേന പിൻവലിയുമെന്നും തൽസ്ഥിതി നിലനിറുത്തുമെന്നും സർക്കാർ ഉറപ്പു നൽകണമെന്നും സോണിയ ആവശ്യപ്പെട്ടു.
കോൺഗ്രസ് നേതാവ് ഗുലാബ് നദി ആസാദും പങ്കെടുത്തു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ,വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലും 20 കക്ഷികളുടെ നേതാക്കൾ വീഡിയോ കോൺഫറൻസ് വഴിയുമാണ് പങ്കെടുത്തത്. വൈകിട്ട് അഞ്ചുമണിക്ക് തുടങ്ങിയ യോഗം മൂന്നര മണിക്കൂറോളം നീണ്ടു.
ഇന്ത്യൻ സൈനികർ നിയന്ത്രണ രേഖയ്‌ക്ക് സമീപം ആയുധമില്ലാതെ പോയിട്ടുണ്ടോ എന്നത് ചർച്ച ചെയ്യണെന്നും വൈകാരിക വിഷയമായതിനാൽ ആദരവ് പുലർത്തണമെന്നും എൻ. സി. പി നേതാവ് ശരദ് പവാർ ചൂണ്ടിക്കാട്ടി. ജനാധിപത്യമില്ലാത്ത ചൈനയെപ്പോലയല്ല ഇന്ത്യയെന്നും എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും തൃണമൂൽ നേതാവ് മമതാ ബാനർജി ചൂണ്ടിക്കാട്ടി. ഇന്ത്യൻ വിപണിയിലുള്ള നിലവാരമില്ലാത്ത ചൈനീസ് പ്ളാസ്റ്റിക് ഉൽപന്നങ്ങളെ പുറത്താക്കണമെന്ന് ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ ആവശ്യപ്പെട്ടു. പഞ്ചശീല തത്ത്വങ്ങളിൽ മുറുകെ പിടിക്കണമെന്ന് സി.പി.എം നേതാവ് സീതാറാം യെച്ചൂരിയും ഇന്ത്യയെ സംഖ്യകക്ഷിയാക്കാനുള്ള യു.എസിന്റെ തന്ത്രത്തിൽ വീഴരുതെന്ന് സി.പി.ഐ നേതാവ് ഡി. രാജയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |