കൊച്ചി: ഒരു ദിവസം അട്ടപ്പാടിയിലെ വീട്ടിലെത്തി കാണാമെന്ന് നഞ്ചിയമ്മയ്ക്ക് സച്ചി വാക്കുകൊടുത്തിരുന്നു. ചെറിയ വീടാണെങ്കിലും നാട് കണ്ട് സന്തോഷത്തോടെ നിൽക്കാമെന്ന് നഞ്ചിയമ്മയും പറഞ്ഞു. എന്നാൽ സച്ചിയുടെ അപ്രതീക്ഷിത വിയോഗവാർത്തയാണ് വ്യാഴാഴ്ച രാത്രി നഞ്ചിയമ്മ അറിഞ്ഞത്. താൻ ദൈവത്തെപ്പോലെ കാണുന്ന സച്ചിസാറിനെ അവസാനമായി ഒരുനോക്ക് കാണാൻ നഞ്ചിയമ്മ കൊച്ചിയിലെ അദ്ദേഹത്തിന്റെ ഫ്ലാറ്റിലെത്തി. മൃതദേഹം കണ്ട് നെഞ്ചുപൊട്ടി കരഞ്ഞു. മറ്റുള്ളവർ ഏറെ പണിപ്പെട്ടാണ് നഞ്ചിയമ്മയെ അവിടെനിന്ന് മാറ്റിയത്.
അട്ടപ്പാടിയിൽ നക്കുപതി ആദിവാസി ഊര് നിവാസിയായ ആരുമറിയാതിരുന്ന നഞ്ചിയമ്മയെ വെള്ളിവെളിച്ചത്തിലെത്തിച്ചതും ഗായികയാക്കി പ്രശസ്തയാക്കിയതും സച്ചിയായിരുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ നഞ്ചിയമ്മ സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയ ഗാനങ്ങൾ മലയാളികൾ നെഞ്ചോട് ചേർത്തിരുന്നു.
സച്ചിയെപ്പോലെ ഒരാൾ ഇനിയുണ്ടാവില്ലെന്ന് നഞ്ചിയമ്മ പറയുന്നു. രോഗം കലശലായപ്പോൾ ആശുപത്രിയിലെത്തി കാണാനിരിക്കെയാണ് മരണവിവരം അറിയുന്നത്. അയ്യപ്പനും കോശിയിലും അഭിനയിച്ച അട്ടപ്പാടി സ്വദേശിയായ പഴനിസ്വാമിയോടൊപ്പമാണ് നഞ്ചിയമ്മ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |