തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപിച്ച വൈദ്യുതി ബില്ലിലെ ഇളവ് ജൂലായ് മുതലുള്ള ബില്ലിൽ കിട്ടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
അതുവരെ ഉപഭോക്താക്കൾ ബിൽ തുകയുടെ 70 % അടച്ചാൽ മതി. ജൂലായ് മുതലുള്ള ബില്ലിൽ ഇത് ക്രമപ്പെടുത്തും. തവണകളായി അടയ്ക്കണമെന്നുള്ളവർ ഇതിനായി അതത് സെക്ഷൻ ഒാഫീസുകളിൽ പ്രത്യേക അപേക്ഷ നൽകണം. ഒാൺലൈനിലും തവണകളായി അടയ്ക്കാം.
2020 ഏപ്രിൽ 20 മുതൽ ജൂൺ 19 വരെ നൽകിയ വൈദ്യുതി ബില്ലുകൾക്കാണ് സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചത്. സോഫ്ട്‌വെയറിൽ മാറ്റം വരുത്തേണ്ടതിനാൽ ജൂലായ് ആദ്യ ആഴ്ച മുതലുള്ള ബില്ലുകളിൽ ഇളവുകൾ ഉൾപ്പെടുത്തും. ഓൺലൈനായും ഇപ്പോഴത്തെ ബില്ലിന്റെ 70% തുക അടയ്ക്കുന്നതിന് സൗകര്യമുണ്ടാവും. തവണകളായി അടയ്ക്കുന്നവർ അക്കാര്യം 1912 എന്ന കെ എസ് ഇ ബി യുടെ കാൾ സെന്റർ നമ്പറിൽ വിളിച്ചറിയിക്കണം.ആദ്യമായി ഓൺലൈൻ മുഖാന്തിരം പണമടയ്ക്കുന്നവർക്കു ബിൽ തുകയുടെ 5 ശതമാനം, പരമാവധി 100 രൂപ വരെ കാഷ് ബാക്ക് ആനുകൂല്യം ഡിസംബർ 31വരെ ദീർഘിപ്പിച്ചു.
ലോക്ക് ഡൗണിനു മുമ്പുള്ള ആറു മാസത്തെ ബില്ലിന്റെ ശരാശരിയും മാർച്ച് മുതൽ ജൂൺവരെയുള്ള ശരാശരിയും കണക്കാക്കി വ്യത്യാസം കണ്ടെത്തും. ഇതിൽ ലോക്ക് ഡൗൺ കാലത്തുണ്ടായ വർദ്ധനവിനാണ് സബ്സിഡി . ഇപ്പോൾ ബിൽ തുകയുടെ 70% അടയ്ക്കേണ്ടത് താൽക്കാലിക ക്രമീകരണമായാണ്.
1000 രൂപയുടെ ബില്ലിന് 700 രൂപ . അടുത്ത റീഡിംഗിൽ ,ശരിക്കുള്ള തുക 800 രൂപയാണെങ്കിൽ 100 രൂപ കൂടി അടയ്ക്കണം. 600 രൂപയെങ്കിൽ അടുത്ത ബില്ലിൽ 100 രൂപ കുറയ്ക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |