തിരുവനന്തപുരം: ജീവിതകാലം മുഴുവൻ അന്യ രാജ്യങ്ങളിൽപോയി കേരളത്തിനുവേണ്ടി കഷ്ടപ്പെടുന്ന പ്രവാസികളെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സമീപനമാണ് സംസ്ഥാന സർക്കാരിന്റേതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. അതിഥി തൊഴിലാളികളായിപ്പോലും പ്രവാസികളെ പരിഗണിക്കാനാകില്ലന്ന നോർക്ക സെക്രട്ടറിയുടെ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നൽകിയ സൗകര്യങ്ങൾപോലും പ്രവാസികൾക്ക് നൽകാനാകില്ലന്ന് ധ്വനിപ്പിക്കുന്നതാണ് നോർക്ക സെക്രട്ടറി ഇറക്കിയ ഉത്തരവ്.
കേരളത്തിൽ എന്തു പ്രതിസന്ധി വന്നാലും പണം പിരിക്കാനായി പ്രവാസികൾക്കരികിലേക്ക് ഓടുന്നവരാണ് ഇപ്പോൾ അവരെയാകെ കയ്യൊഴിയുന്ന സമീപനം സ്വീകരിക്കുന്നത്.
വിദേശത്ത് കൊവിഡ് ടെസ്റ്റ് നടത്തി രോഗമില്ലാത്തവരെ മാത്രം കൊണ്ടുവരിക പ്രായോഗികമല്ലന്ന് മുഖ്യമന്ത്രിക്ക് അറിയാം. രോഗമുള്ള പ്രവാസികളെ വിദേശത്ത് ഉപേക്ഷിക്കാമെന്ന സമീപനമാണ് പിണറായിക്കെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |