തിരുവനന്തപുരം: 'എനിക്ക് രാഷ്ട്രീയമുണ്ട് - അത് സാമൂഹ്യനീതിയും മനുഷ്യത്വവുമാണ്. അതിനെ ഏതെങ്കിലും രാഷ്ട്രീയത്തിന്റേയോ സ്ഥാപനവൽക്കരിക്കപ്പെട്ട സംഘടനയുടേയോ മൂടുപടമണിയിക്കാൻ താത്പര്യമില്ല'-അകാലത്തിൽ മരണം കവർന്ന ചലച്ചിത്രകാരൻ സച്ചിയുടെ നിലപാട് അതായിരുന്നു.
'അയ്യപ്പനും കോശിയും' എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെയാണ് സച്ചി രാഷ്‌ട്രീയം പറഞ്ഞുതുടങ്ങുന്നത്. പ്രതിഷേധത്തിന്റെ പ്രതിനിധികളാണ് ചിത്രത്തിലെ അയ്യപ്പൻനായരും ഭാര്യ കണ്ണമ്മയും. നായന്മാരുടെ പറമ്പിലെ ജോലിക്കാരിയായ അമ്മയുടെ പ്രതിഷേധമായിരുന്നു അയ്യപ്പനൊപ്പം നായർ എന്ന വാല്. മേലാളന്മാരും അധികാര വർഗ്ഗവും ചേർന്ന് ഭീകരവാദി ആക്കിയ ആദിവാസിപ്പെണ്ണിനെ താലി കെട്ടിയ മനുഷ്യൻ.
രണ്ട് വ്യവസ്ഥിതികൾ തമ്മിലുള്ള സംഘർഷം. ഇതിനോടു ചേർന്നു നിൽക്കുന്നതാണ് മുണ്ടൂര് കുമ്മാട്ടി. സി.ഐയുടെ വേഷത്തിലെത്തിയ അനിൽ നെടുമങ്ങാടിന്റെ ഡയലോഗിലൂടെയാണ് അത് സച്ചി പറയുന്നത് - ''കുമ്മാട്ടിയെന്നു കേട്ടിട്ടുണ്ടോ നീ...പണ്ട് ജന്മിമാര് പാണ്ടികളെ ഇറക്കും കുമ്മാട്ടിക്കോലത്തിൽ. യൂണിയൻ പ്രവർത്തനമുള്ള ഹരിജൻസഖാക്കളെ തീർക്കാൻ. രണ്ടു കുമ്മാട്ടി കഴിഞ്ഞു. കുറെ സഖാക്കള് തീർന്നു.പക്ഷെ, അടുത്ത കുമ്മാട്ടിക്ക് തീർന്നത് 13 പാണ്ടികളാണ്.ചെയ്തതാരെന്ന് പൊലീസിന് പിടികിട്ടിയില്ല പക്ഷെ, പാർട്ടിക്ക് കിട്ടി. 25 വയസുള്ള ഒരു ചെക്കനെ കുമ്മാട്ടിവേഷത്തിൽ കൊണ്ടു നിറുത്തി എം.എൽ.എ ചാത്തൻ മാഷിന്റെ മുന്നിൽ.മാഷ് അവനോടു പറഞ്ഞു: നീ ചെയ്തത് തെറ്റല്ല, ചെറുത്ത് നിൽപ്പാണ്. പക്ഷെ, ഇനി നീ എന്തു ചെയ്യുമ്പോഴും നിയമം വേണം നിന്റെ കൂടെ എന്നു പറഞ്ഞ് മാഷ് അവനെ പൊലീസിൽ ചേർത്തു അവന്റെ പേരാണ് അയ്യപ്പൻ നായർ. പിന്നീട് മുണ്ടൂര് മാടൻ എന്ന വിളിപ്പേരും കിട്ടി...''
സിനിമയിലെ സംഗീതത്തിനു പോലും സച്ചിയുടെ രാഷ്ട്രീയം ഉണ്ടായിരുന്നു. നാച്ചിഅമ്മയെ കൊണ്ട് പാടിച്ചതുപോലും ആ രാഷ്ട്രീയത്തിന്റെ ശുദ്ധിക്ക് വേണ്ടിയാണ്. അതേസമയം, സിനിമയുടെ ത്രില്ലർസ്വഭാവം സൂക്ഷിക്കുകയും ചെയ്തു. രക്തത്തിന് കൊഴുപ്പ് കൂടുതലാണെന്ന് പറഞ്ഞ് കോശിയും കൂമ്പിന് മരുന്നടിയാണെന്ന് പറഞ്ഞ് അയ്യപ്പനും തകർക്കുകയായിരുന്നു.
സച്ചിയും സേതുവും ചേർന്നെഴുതിയ 'ചോക്ക്‌ലേറ്റ്' എന്ന കച്ചവട സിനിമയിൽ പൃഥ്വിരാജ് പറയുന്നൊരു ഡയലോഗുണ്ട്. 'ഞാനൊന്നു അറിഞ്ഞു വിളയാടിയാൽ പിന്നെ പത്തു മാസം കഴിഞ്ഞേ നീ ഫ്രീയാകൂ'. അതേ പൃഥ്വിരാജ് കോശിയാകുമ്പോൾ അയ്യപ്പന്റെ ഭാര്യ കണ്ണമ്മ (ഗൗരിനന്ദ) പറയുന്നു.''അടങ്ങടാ ചെക്കാ, നീ കുറെ ലോകം കണ്ടിട്ടുണ്ടാകും പക്ഷെ, അടുത്തു നിന്നു കാണേണ്ടതൊന്നും നീ കണ്ടിട്ടുണ്ടാകില്ല. കേട്ടോ.''
കേസും ജയിലുമൊക്കെയായി നടൻ ദിലീപിന്റെ ഇമേജ് മങ്ങിയപ്പോഴാണ് സച്ചിയുടെ രചനയിൽ 'രാമലീല' എത്തുന്നത്. ചിത്രം വൻവിജയം.
ചിത്രത്തിലെ ഒരു സീൻ:
ദുശീലം വല്ലതും ഉണ്ടോ?
'ഉണ്ടായിരുന്നു നിറുത്തി'
കുടിയാണോ?
'അല്ല കമ്മ്യൂണിസം'
ഡ്രൈവിംഗ് ലൈസൻസിൽ 'ഖദർ ഇട്ടവർക്ക് നോ പറയാൻ അറിയില്ലല്ലോ' എന്നു പറയുന്നുണ്ട്.
ഇതൊക്കെ കഥാപാത്രങ്ങളുടെ രാഷ്ട്രീയം ആണെന്ന് പറയുമ്പോഴും കൂടുതൽ ശക്തമായി രാഷ്ട്രീയം പറയുന്ന സിനിമകൾക്കായുള്ള തയ്യാറെടുപ്പിനിടെയാണ് സച്ചി വിടവാങ്ങിയത്...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |