" നായകൻ ആരാ വില്ലനാരാ എന്നൊക്കെ പ്രേക്ഷകർക്ക് തീരുമാനിക്കാം." അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ
പൃഥ്വിരാജാണോ നായകൻ? അതോ ബിജുമേനോനോ ? ഡ്രൈവിംഗ് ലൈസൻസിൽ നായകൻ പൃഥ്വിരാജാണോ സുരാജ് വെഞ്ഞാറമൂടാണോ? രണ്ടും എഴുതിയ സച്ചിയോട് ഇതേക്കുറിച്ചു ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു.' ഈ കഥാപാത്രങ്ങളിലെല്ലാം നന്മയും തിന്മയുമുണ്ട്. ചിലരിൽ കുറച്ച് കൂടിയിരിക്കുമെന്നേയുള്ളൂ"
നായകരെക്കുറിച്ചുള്ള പതിവ് സങ്കല്പങ്ങളെല്ലാം പൊളിച്ചെഴുതുകയായിരുന്നു സച്ചിയെന്ന സച്ചിദാനന്ദൻ." നന്മയുടെ നിറകുടമായ നായകനെയും തിന്മയുടെ വിളനിലമായ വില്ലനെയും ഞാൻ നോക്കാറില്ല. രണ്ട് പേരിലും നന്മയും തിന്മയുമുണ്ട്. കുറഞ്ഞും കൂടിയുമിരിക്കും" സച്ചി വിശദീകരിച്ചു. ആദ്യമായിട്ടായിരുന്നു സച്ചിയെ നേരിൽക്കണ്ടതും സംസാരിച്ചതും. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിക്കായി തൃപ്പൂണിത്തുറയിലെ വസതിയിൽ വച്ചായിരുന്നു സംഭാഷണം. സച്ചി ഒരു ചാനലിനു നൽകിയ അവസാന അഭിമുഖമായി അത് മാറി. അതു കഴിഞ്ഞ് മൂന്നോ നാലോ തവണ സച്ചിയുമായി ഫോണിൽ സംസാരിച്ചിരുന്നു. താൻ എഴുതാൻ പോകുന്ന തിരക്കഥകളെക്കുറിച്ചും സംവിധാനം ചെയ്യാൻ പോകുന്ന സിനിമകളെക്കുറിച്ചും സച്ചിക്ക് വ്യക്തമായ കാഴ്ചപ്പാടും ധാരണയും ഉണ്ടായിരുന്നു. സാഹിത്യത്തോട് വലിയ താത്പര്യമായിരുന്നു. ജി.ആർ.ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധയെക്കുറിച്ച് സച്ചി വാതോരാതെ സംസാരിച്ചതോർക്കുന്നു. അത് സിനിമയാക്കാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം.
മലയാള സിനിമയിലെ ഏറ്റവും ഡിമാൻഡിംഗ് റൈറ്ററായി സച്ചി വളരുകയായിരുന്നു. ആ ആത്മവിശ്വാസം സംസാരിക്കുമ്പോഴെല്ലാം സച്ചിയിൽ പ്രകടമായിരുന്നു. " ഒരു നടനോടും ഞാൻ തിരക്കഥയല്ലാതെ കഥയുടെ ത്രെഡ് പറഞ്ഞു കേൾപ്പിച്ചിട്ടില്ല. കഥയുടെ ആശയം രണ്ടുവരിയിൽ പറയും. പിന്നെ പൂർണ സ്ക്രിപ്റ്റാകുമ്പോൾ അവരെ വായിച്ചു കേൾപ്പിക്കും. എനിക്ക് നൂറുതവണ തൃപ്തിയായ ശേഷമേ ആരെയും വായിച്ചു കേൾപ്പിക്കുകയുള്ളൂ. കഥയായി ചർച്ച ചെയ്താൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവും. ഫുൾ സ്ക്രിപ്റ്റ് എഴുതി വായിച്ചു കേൾപ്പിച്ചാൽ പിന്നെ അവർക്ക് പ്രശ്നമുണ്ടാകില്ല."
കൈയിലുള്ള ക്രാഫ്റ്റിന്റെ ഷെല്ലുകൾ ചെറുതായി പൊട്ടിച്ചു തുടങ്ങിയിട്ടേയുള്ളൂവെന്നും ഇനിയും പൊട്ടിക്കാൻ പല ഷെല്ലുകൾ ബാക്കിയുണ്ടെന്നും സച്ചി അഭിമുഖത്തിൽ പറഞ്ഞിരുന്നു. പക്ഷേ, കാലം അവസരം നൽകിയില്ല. മലയാള സിനിമയ്ക്ക് വലിയ വാഗ്ദാനമായ ഒരു സംവിധായകനെയും തിരക്കഥാകൃത്തിനെയുമാണ് സച്ചിയുടെ വേർപാടിലൂടെ നഷ്ടമാകുന്നത്. വളരെ നേരത്തേ ആയിപ്പോയി സച്ചിയുടെ മടക്കം.
(സച്ചിയുമായുള്ള കൗമുദി ടിവി അഭിമുഖം യൂട്യൂബിൽ ലഭ്യമാണ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |