കോലഞ്ചേരി: പിതാവ് തലയ്ക്കു മർദ്ദിച്ച് വലിച്ചെറിഞ്ഞ പിഞ്ചുകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. മരുന്നുകളോട് പ്രതികരിക്കാത്തതിനാൽ ആശങ്ക അകന്നിട്ടില്ല.കുഞ്ഞിന്റെ ജീവനുവേണ്ടിയുള്ള പ്രാർത്ഥനയിലാണ് നാട്.
കോലഞ്ചേരി മെഡിക്കൽ കോളേജിലെ അതിതീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന 56 ദിവസം മാത്രം പ്രായമുള്ള ജെസീറ്റയുടെ തലച്ചോറിലെ രക്തസ്രാവവും നീർക്കെട്ടുമാണ് വെല്ലുവിളി ഉയർത്തുന്നത്.
തലച്ചോറിന് ക്ഷതമേറ്റതിനെ തുടർന്നുണ്ടായ അപസ്മാരം നിയന്ത്റിക്കാനായിട്ടില്ല. കൈകാലുകൾ അനക്കുന്നുണ്ട്. എം.ആർ.ഐ റിപ്പോർട്ട് കിട്ടിയശേഷം തുടർചികിത്സ ആരംഭിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു.
നേപ്പാൾ സ്വദേശിയായ അമ്മ ആശുപത്രിയിൽ തങ്ങുന്നുണ്ട്. കണ്ണൂർ സ്വദേശിയായ പിതാവ് റിമാൻഡിലാണ്. സംസ്ഥാന ശിശുക്ഷേമസമിതി ചികിത്സാചെലവുകൾ ഏറ്റെടുത്തു. മെഡിക്കൽ കോളേജിൽ ഡോക്ടർമാരെയും കുട്ടിയുടെ മാതാവിനെയും സന്ദർശിച്ച എറണാകുളം ജില്ലാ ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് അഡ്വ. കെ.എസ്. അരുൺകുമാറാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന വനിത കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജിയും കുട്ടിയുടെ അമ്മയെ സന്ദർശിച്ചു.
18ന് പുലർച്ചെ 2 മണിയോടെയാണ് ദമ്പതികൾ അബോധാവസ്ഥയിലായ കുഞ്ഞുമായി ആശുപത്രിയിലെത്തിയത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് ഇവിടേയ്ക്ക് അയച്ചത്.കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്നായിരുന്നു പറഞ്ഞത്.
സംശയം തോന്നിയ ഡോക്ടർമാരുടെ ചോദ്യങ്ങൾക്ക് മാതാപിതാക്കൾ പരസ്പര വിരുദ്ധമായ മറുപടികൾ നൽകിയതോടെ പുത്തൻകുരിശ് പൊലീസിനെ അറിയിക്കുകയായിരുന്നു.പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ചുരുൾ അഴിഞ്ഞത്. പിതൃത്വത്തിൽ സംശയം ആരോപിച്ച് കുഞ്ഞിനെ തലയ്ക്ക് അടിച്ച് കട്ടിലിലേക്ക് വലിച്ചെറിയുകയായിരുന്നു.
റിമാൻഡിൽ കഴിയുന്ന പിതാവ് ഷൈജു തോമസിനെ വിശദമായി ചോദ്യം ചെയ്യാൻ ഇന്ന് പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. ഒരു വർഷം മുമ്പ് നേപ്പാൾ സ്വദേശി യുവതിയെ ഇയാൾ പ്രണയിച്ച് വിവാഹം കഴിച്ചതാണ്. നേപ്പാളിലെ പള്ളിയിലായിരുന്നു വിവാഹം. അങ്കമാലിയിലെ വാടക വീട്ടിൽ ഷൈജുവിന്റെ അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |