കണ്ണൂർ: കമ്മ്യൂണിസ്റ്റുകൾക്ക് പ്രിയഗ്രാമമാണ് കയ്യൂർ.ഇരിപ്പിലും നടപ്പിലും എല്ലാറ്റിലും രാഷ്ട്രീയമുള്ള ഇടം. വിശ്വാസവഴിയിൽ സഞ്ചരിക്കുമ്പോഴും കയ്യൂർ വിഷ്ണുമൂർത്തി മുണ്ട്യയിൽ രക്തചാമുണ്ഡിദേവിയുടെ പ്രതിപുരുഷനായ ഭാസ്കരൻ വെളിച്ചപ്പാട് ആദ്ധ്യാത്മികതയെ വിട്ട് രാഷ്ട്രീയ,സാമൂഹ്യവിഷയങ്ങൾ മുൻനിർത്തി ഒരു നോവൽ എഴുതുന്നതിൽ ആർക്കും എതിരഭിപ്രായമില്ലാത്തതും അതുകൊണ്ടുതന്നെ.
തലമുണ്ഡനം ചെയ്ത് കലശജലം തലയിലേറ്റ് കുണ്ഡലങ്ങളണിഞ്ഞ് കുപ്പായം
ഉപേക്ഷിച്ച് മറ്റൊരു ജീവിതം നയിക്കുമ്പോഴും എഴുത്തിനെ മുറുകെ പിടിച്ചിരിക്കുകയാണ് ഈ 55കാരൻ. 'ഉദയഗിരിയിലെ സൂര്യൻ എന്ന ആദ്യ നോവൽ രണ്ടുവർഷം മുമ്പ് പുറത്തിറക്കി. കയ്യൂരിലെ രാഷ്ട്രീയവും വിശ്വാസവുമൊക്കെ ഇതിവൃത്തമാക്കിയ പുസ്തകം പ്രശംസ പിടിച്ചുപറ്റി.രാഷ്ട്രീയപ്രവർത്തനവും പിന്നീടുണ്ടാകുന്ന ഒറ്റപ്പെടലും വീണ്ടെടുപ്പുമൊക്കെയാണ് ഇപ്പോൾ എഴുതുന്ന നോവലിന്റെ ഇതിവൃത്തം.
ഓട്ടോഡ്രൈവറായിരുന്ന ഇദ്ദേഹം അഞ്ചുവർഷം മുമ്പാണ് വെളിച്ചപ്പാടായി ആചാരമേറ്റത്. നാലാംക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള വെളിച്ചപ്പാട് കുട്ടികൾക്കുള്ള നാടകങ്ങൾ എഴുതിയായിരുന്നു തുടങ്ങിയത്. ഇങ്ങനെ എഴുതിയ ഒരു നാടകം ജില്ലാ സ്കൂൾ കലോത്സവം വരെ എത്തി.കുറച്ചുവർഷങ്ങൾക്ക് മുമ്പ് കയ്യൂരിലെ ഒരു ക്ളബ്ബ് പുറത്തിറക്കിയ പുസ്തകത്തിൽ പ്രത്യക്ഷപ്പെട്ട ഒരു കവിതയാണ് ഭാസ്കരൻ വെളിച്ചപ്പാടിന്റെ എഴുത്തിലുള്ള സിദ്ധി പുറത്തറിയിച്ചത്. ധാരാളം അഭിനന്ദനങ്ങൾ ഇതിന് ലഭിച്ചു. ഉദയഗിരിയിലെ സൂര്യൻ എന്ന നോവൽ എഴുതാൻ പ്രേരണയായതും അക്ഷരപ്രേമികളുടെ അനുമോദനം തന്നെ.
ഓട്ടോഡ്രൈവറാകുന്നതിന് മുമ്പ് കന്നുകാലി മേയ്ക്കൽ, കൽപ്പണി,ഹോട്ടൽജോലി,തയ്യൽ,കിണർനിർമ്മാണം ഇങ്ങനെ പല ജോലികളും ചെയ്തയാളാണ് വെളിച്ചപ്പാട്. ജീവിതത്തിലെ അനുഭവങ്ങളുടെ ചൂട് തന്നെ എഴുത്തിന് പ്രചോദനമെന്ന് അദ്ദേഹം പറയുന്നു.
കയ്യൂരിലെ പരേതനായ കുഞ്ഞമ്പു, വെള്ളച്ചി ദമ്പതികളുടെ മകനാണ് ഭാസ്കരൻ വെളിച്ചപ്പാട്. ബീനയാണ് ഭാര്യ. വെൽഡിംഗ് ജോലി ചെയ്യുന്ന ബിനോയ്, സി.ആർ.പി.എഫിൽ ജോലി നോക്കുന്ന ബിജോയ് എന്നിവ
രാണ് മക്കൾ,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |