തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ മൂന്ന് പ്രധാന നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബറിനകം പൂർത്തിയാകും. പോർട്ട് യൂസർ ബിൽഡിംഗ് (ഓഫീസ് കോംപ്ലക്സ്) ആഗസ്റ്റ് 17ന് ഉദ്‌ഘാടനം ചെയ്യും. ഇതോടെ പോർട്ട് ഓഫീസിന്റെ പ്രാരംഭ പ്രവർത്തനം ആരംഭിക്കാനാകും. തുറമുഖ ശൃംഖലയ്ക്കാകെ വൈദ്യുതി ലഭ്യമാക്കുന്ന സ്വിച്ച് യാർഡ്, സുരക്ഷ ഉറപ്പാക്കുകയും
കണ്ടെയ്‌നർ നീക്കം ഏകോപിപ്പിക്കുകയും ചെയ്യുന്ന ഗേറ്റ് കോംപ്ലക്സ് എന്നിവ ഡിസംബറിനകം ഉദ്‌ഘാടനം ചെയ്യാനാണ് ശ്രമം. ഇതോടെ ഈ സർക്കാരിന്റെ നേതൃത്വത്തിൽ തുറമുഖത്തിന്റെ പ്രാരംഭ പദ്ധതികൾക്ക് തുടക്കം കുറിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
കൊല്ലത്തെ കുമ്മിൾ ക്വാറി, കിളിമാനൂരിലെ കടവിള ക്വാറി എന്നിവിടങ്ങളിൽ നിന്നും കരിങ്കല്ല് എത്തിത്തുടങ്ങിയത്തോടെ പുലിമുട്ട് (ബ്രേക്ക്‌വാട്ടർ)നിർമാണം പകുതിയോളമായി. മൺസൂൺ കാലമായതിനാൽ കടലിലെ ആഴമുള്ള സ്ഥലത്ത് നിക്ഷേപിച്ച കരിങ്കല്ലുകൾ തിരയിൽപെട്ട് നഷ്ടമാകാതിരിക്കാൻ അക്രോപോഡ് എന്ന കോൺക്രീറ്റ് നിർമ്മിത കവചം സ്ഥാപിച്ചുവരികയാണിപ്പോൾ.
നിർമ്മാണ പുരോഗതി
തുടക്കം - 2015 ഡിസംബർ 5
പുലിമുട്ട് - 40 ശതമാനം ( ശേഷിക്കുന്നത് 3100 മീറ്റർ )
ഡ്രജിംഗ് ആൻഡ് റിക്ലറേഷൻ - 60 ശതമാനം (ശേഷിക്കുന്നത് 7.1 ദശലക്ഷം ഘനമീറ്റർ )
കണ്ടയ്‌നർ യാർഡ് - പേവർ ബ്ലോക്കുകളുടെ നിർമ്മാണം പുരോഗമിക്കുന്നു (ശേഷിക്കുന്നത് 30 ഹെക്ടർ)
കണ്ടയ്‌നർ ബർത്ത് - പൈലിംഗ് , ബീമുകൾ,സ്ലാബുകൾ എന്നിവയുടെ നിർമ്മാണം പൂർത്തീകരിച്ചു
യന്ത്രോപകരണങ്ങൾ - 3 ടഗ്ഗ് ബോട്ടുകളുടെ നിർമ്മാണം പൂർത്തിയാക്കി ( കണ്ടെയ്‌നർ ഉയർത്താനായി ഉപയോഗിക്കുന്ന 8 ക്രെയിനുകൾ, 24 യാർഡ് ക്രെയിനുകൾ എന്നിവയ്ക്ക് കരാർ നൽകിട്ടുണ്ടെന്ന് വിശദീകരണം )
കാലാവധി കടന്നാൽ പിഴ
നിർമ്മാണം യഥാസമയം പൂർത്തീകരിക്കാനാവാതെ വന്നാൽ മൂന്ന് മാസം പിഴയില്ലാതെയും തുടർന്നുവരുന്ന ആറു മാസം പിഴയോടുകൂടിയും നിർമ്മാണം പൂർത്തിയാക്കണമെന്ന് കരാറിൽ വ്യവസ്ഥയുണ്ട്. പെർഫോമൻസ് സെക്യൂരിറ്റി തുകയുടെ 0.1 ശതമാനമാണ് ദിവസേനയുള്ള പിഴ .
മനുഷ്യ സാദ്ധ്യമായ വിധത്തിൽ തുറമുഖത്തിന്റെ ധൃതഗതിയിലുള്ള നിർമ്മാണമാണ് നടക്കുന്നത്. പോർട്ട് യൂസർ ബിൽഡിംഗ് ഉദ്‌ഘാടനം നടക്കുന്നതിന് പിന്നാലെ മറ്റു പദ്ധതികളുടെയും ഉദ്‌ഘാടനമുണ്ടാകും. പാറ ലഭ്യത വലിയ വെല്ലുവിളിയാണ്.
-രാമചന്ദ്രൻ കടന്നപ്പള്ളി
തുറമുഖ വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |