കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിൽ കോട്ടൂളിക്കും പൊറ്റമ്മലിനും മദ്ധ്യേ പുതുതായി തുടങ്ങിയ അപ്പോളോ ജുവലറി ഷോറൂമിലുണ്ടായ വൻ തീപിടിത്തത്തിൽ 12 ബെെക്കുകളും മൂന്ന് കാറുകളും ഒരു ആട്ടോറിക്ഷയും കത്തി നശിച്ചു. ബേസ്‌മെന്റ് ഫ്ലോറിൽ കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് തീപിടിച്ചതാണ് അപകടത്തിന് കാരണം. ആളപായമില്ല. ജുവലറിക്കുള്ളിലേക്ക് പടരുന്നതിന് മുമ്പ് തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. പാർക്കിംഗ് ഗ്രൗണ്ടിലുണ്ടായിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. നാല് ഉപഭോക്താക്കളും ക്ലീനിംഗ് സ്റ്റാഫുൾപ്പെടെ 17 ജീവനക്കാരാണ് മൂന്ന് നിലയുള്ള കെട്ടിടത്തിലുണ്ടായിരുന്നത്. ബേസ്‌മെന്റിൽ നിന്ന് പുക ഉയരുന്നത് കാമറയിലൂടെ കണ്ട ജീവനക്കാർ മറ്റുള്ളവരോട് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു. രണ്ടാമത്തെ നിലയിലുണ്ടായിരുന്ന സ്ത്രീയെ കെട്ടിടത്തിന്റെ പിന്നിലൂടെയും ബാക്കിയുള്ളവരെ ചില്ല് പൊട്ടിച്ചുമാണ് രക്ഷിച്ചത്. ബീച്ച്, മീഞ്ചന്ത, വെള്ളിമാട് കുന്ന് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
അര മണിക്കൂറിനകം തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും പ്രദേശമാകെ കനത്ത പുക വ്യാപിച്ചിരുന്നു. വായുസഞ്ചാരം കുറഞ്ഞ കെട്ടിടത്തിൽ പുക പുറത്തുപോകാതിരുന്നതും ആശങ്കയുണ്ടാക്കി. തുടർന്ന് മുൻവശത്തെ ചില്ലുകൾ തകർത്ത് പുക പുറത്തേക്ക് വിടുകയായിരുന്നു. അതിനിടെ കെട്ടിടത്തിലുണ്ടായിരുന്ന പാചക വാകത സിലിണ്ടറുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
കെട്ടിടത്തിന്റെ തറ ഭാഗത്തുണ്ടായിരുന്ന ഏതോ രാസവസ്തുവമാണ് തീ പിടിത്തമുണ്ടുകാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് കളക്ടറേറ്റിൽ നിന്ന് വിദഗ്ദ്ധ സമിതി സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |