കൊച്ചി :ആനക്കൊമ്പുകൾ കൈവശം വച്ചതിന്റെ പേരിൽ ചലച്ചിത്രതാരം മോഹൻലാലിനെതിരെ എടുത്ത കേസ് പിൻവലിക്കാൻ സർക്കാർ പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. ജൂലായ് 24ന് കേസ് പരിഗണിക്കും.
2011ൽ തേവരയിലെ വസതിയിൽ ആദായനികുതിവകുപ്പാണ് രണ്ടു ജോഡി ആനക്കൊമ്പുകൾ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പ് കേസെടുക്കുകയായിരുന്നു.
ആന ഉടമകളായ കൃഷ്‌ണകുമാർ, നളിനി എന്നിവരാണ് ഇവ കൈമാറിയതെന്നും അവർ നിയമപരമായാണ് കൈവശം വച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് 2016 ജനുവരി ഒന്നിന് മോഹൻലാലിന് നൽകുകയും ചെയ്തു. ഇതേതുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ പ്രോസിക്യൂഷൻ നടപടി പിൻവലിക്കാൻ അനുമതി നൽകിയിരുന്നു.
ഉടമകളിൽനിന്നാണ് ലഭിച്ചതെന്നിരിക്കെ അനധികൃതമായി കൈവശംവച്ചെന്ന കേസ് നിലനിൽക്കില്ലെന്ന് മോഹൻലാൽ കോടതിയിൽ വാദിച്ചിരുന്നു.കേസെടുത്ത് ഏഴുവർഷം കഴിഞ്ഞാണ് കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |