അടച്ചിരുപ്പ് മൃതിയെക്കാൾ ഭയാനകമെന്നു കരുതുന്നവർ ഏറെയുള്ള അമേരിക്കയിൽ കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പാടേ കാറ്റിൽ പറത്തിയാണ് ജനങ്ങൾ തെരുവിലിറങ്ങുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെതിരെ പലേടത്തും വൻ പ്രതിഷേധ പ്രകടനങ്ങൾ തന്നെ നടന്നു. ഇപ്പോഴും അതു തുടരുന്നുമുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള രാജ്യമാണ് അമേരിക്ക. വെള്ളിയാഴ്ചത്തെ കണക്കു പ്രകാരം 25,10,823 പേർക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. മരണം 1,27,000 കടന്നിരിക്കുന്നു. ജനങ്ങളെപ്പോലെ യു.എസ് ഭരണകൂടവും മഹാമാരിയെ ഏതാണ്ട് അവഗണിച്ച മട്ടാണ്. നവംബറിൽ നടക്കേണ്ട പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് എടുത്തുചാടാൻ നിൽക്കുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയാണ് ഒട്ടുവളരെ യു.എസ് പൗരന്മാരുടെയും ആരാദ്ധ്യ പുരുഷൻ. അമേരിക്ക ഇതുപോലുള്ള അനവധി പ്രതിസന്ധികളിലൂടെയാണ് ഇപ്പോഴത്തെ നിലയിൽ എത്തിയിട്ടുള്ളതെന്ന വീമ്പിളക്കലുമായി കൊവിഡ് പ്രോട്ടോകോളിനെപ്പോലും വെല്ലുവിളിച്ചാണ് പ്രസിഡന്റിന്റെ നില്പ്. ജനങ്ങളുടെ കാര്യം പറയാനുമില്ല. എന്നാൽ ഇതിനിടെ മഹാമാരി വീണ്ടും രൗദ്രഭാവം ആർജ്ജിച്ച് കൂടുതൽ മനുഷ്യരെ കൊന്നൊടുക്കാൻ തുടങ്ങിയതോടെ നിയന്ത്രണങ്ങളുടെ അനിവാര്യതയെക്കുറിച്ച് പുനരാലോചിക്കാൻ യു.എസ് ഭരണകൂടം നിർബന്ധിതരായിരിക്കുകയാണത്രെ. കണ്ടാലറിയാത്തവർ കൊണ്ടാലറിയുമെന്നാണല്ലോ പ്രമാണം.
അമേരിക്കയുടേതിൽ നിന്ന് തീർത്തും ഭിന്നമായ സാഹചര്യങ്ങളാണ് ഇവിടെയുള്ളത്. പ്രാണഭയമുള്ളതുകൊണ്ടും സമൂഹത്തിനു താൻ കാരണം ദോഷമൊന്നും ഉണ്ടാകരുതെന്ന് ആഗ്രഹമുള്ളതുകൊണ്ടും കൊവിഡ് നിയന്ത്രണങ്ങൾ ഏതാണ്ട് പൂർണമായും പാലിക്കാൻ ബഹുഭൂരിപക്ഷം ജനങ്ങളും തയ്യാറാകുന്നു. ഇതിന് അപവാദമായി രാഷ്ട്രീയം തലയ്ക്കു പിടിച്ച് വിവേകബുദ്ധി കൈമോശം വന്ന കുറച്ചുപേർ ഇല്ലാതില്ല. എന്നും ഓരോ കാരണമുണ്ടാക്കി തെരുവുകളിലും സർക്കാർ സ്ഥാപനങ്ങൾക്കു മുന്നിലും അണിനിരക്കുകയാണവർ. സംസ്ഥാനത്ത് പലേടത്തും കൊവിഡ് സമൂഹ വ്യാപനത്തിന്റെ തൊട്ടടുത്ത ഘട്ടത്തിലെത്തി നിൽക്കവെ ചുറ്റിലും നടക്കുന്ന സമര വേലിയേറ്റം സാധാരണ ജനങ്ങളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ആളുകൾ സമരങ്ങൾക്കായി കൂട്ടം കൂടുന്നതും സുരക്ഷാ മാനദണ്ഡങ്ങൾ വെടിയുന്നതും ആപത്തിലേക്കുള്ള പോക്കാണ്. തലസ്ഥാന ജില്ലയിൽ സമ്പർക്ക രോഗികളുടെ സംഖ്യ കൂടി വരുന്നത് ആരോഗ്യ വിഭാഗത്തിനു സൃഷ്ടിക്കുന്ന വെല്ലുവിളി ഗൗരവമായിത്തന്നെ കാണണം. ഉറവിടമറിയാതെ പോകുന്ന രോഗവ്യാപനമാണ് ഏറ്റവുമധികം പേടിക്കേണ്ടത്. കാരണം സമൂഹവ്യാപനത്തിനു തുടക്കമിടുന്നത് ഇത്തരം കേസുകളിലൂടെയാണ്. കൊവിഡിന്റെ ആദ്യ നാളുകളിൽ വിവിധ പ്രശ്നങ്ങൾ മുൻനിറുത്തി സംഘടിപ്പിക്കുന്ന സമരങ്ങളിൽ നന്നേ കുറച്ചു പ്രവർത്തകർ മാത്രമാണു പങ്കെടുത്തിരുന്നത്. സാമൂഹിക അകലം പാലിക്കുന്നതിലും നിഷ്‌കർഷ പുലർത്തിയിരുന്നു. എന്നാൽ രോഗതീവ്രത വർദ്ധിക്കുകയും അനുദിനം രോഗികൾ കൂടുകയും ചെയ്യുന്ന ഈ ഘട്ടത്തിൽ ഒരു നിയന്ത്രണവുമില്ലാത്ത മട്ടിലാണ് സമരക്കാരുടെ ഒത്തുചേരൽ. സെക്രട്ടേറിയറ്റിനു മുന്നിലുള്ള സമര വേദികൾ പലപ്പോഴും പൊലീസുമായുള്ള ഏറ്റുമുട്ടലിനും സാക്ഷ്യം വഹിക്കേണ്ടിവരുന്നു. കൊവിഡിനു മുമ്പുള്ള കാലത്തുണ്ടായിരുന്ന സമരരീതികൾ ഈ മഹാമാരിയുടെ കാലത്തും പിന്തുടരണമെന്നു വാശിപിടിക്കുന്നത് ആത്മഹത്യാപരമാണ്. പൊതുനിരത്തുകളിൽ മാസ്ക് ധരിക്കാതെ നടന്നുപോകുന്നവരെ പിടികൂടി കേസെടുക്കാൻ പൊലീസ് ജാഗരൂകരാണ്. നിയന്ത്രണം ലംഘിക്കുന്ന വാഹനങ്ങളും പിടികൂടാറുണ്ട്. നിയമം മറികടക്കുന്ന സമരക്കാർക്കെതിരെ നടപടി ദുർലഭമാണ്. കേസെടുത്താൽത്തന്നെ തുടർ നടപടി ഉണ്ടാകാറില്ല.
വെള്ളിയാഴ്ച നെയ്യാറ്റിൻകര നഗരസഭയ്ക്കു മുന്നിൽ നടന്ന പ്രതിഷേധ സമരവും തുടർന്നു കൗൺസിൽ ഹാളിൽ അരങ്ങേറിയ ഏറ്റുമുട്ടലും വലിയ വാർത്തയായത് സംഘർഷത്തിനിടെ വനിതകളായ ചെയർപേഴ്സനും പ്രതിപക്ഷ നേതാവും പരിക്കേറ്റ് ആശുപത്രിയിലായതിന്റെ പേരിലാണ്. നഗരസഭയിൽ അഴിമതി നടക്കുന്നു എന്ന ആരോപണവുമായി കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ കൗൺസിലർമാർ നഗരസഭാ കവാടത്തിൽ നാലുദിവസമായി സമരം നടത്തുകയായിരുന്നു. വെള്ളിയാഴ്ചത്തെ കൗൺസിൽ യോഗത്തിന് ചെയർപേഴ്സൺ പൊലീസ് സംരക്ഷണത്തിലാണ് എത്തിയത്. ഇവരെ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. ജനങ്ങൾക്ക് മാതൃക കാണിക്കേണ്ടവർ ഇതുപോലെ പെരുമാറാൻ തുടങ്ങിയാൽ എന്താണു ചെയ്യുക. സംയമനവും ജാഗ്രതയും പരമാവധി ജീവിതവ്രതമായി പുലർത്തേണ്ട ഇക്കാലത്ത് രാഷ്ട്രീയ കക്ഷികൾ വീണ്ടുവിചാരമില്ലാതെ നിരന്തരം സമരത്തിനിറങ്ങുന്നത് ഫലത്തിൽ ജനദ്രോഹമാണ്. കൊവിഡ് വ്യാപനം തടയുകയെന്നത് ഓരോ വ്യക്തിയുടെയും ബാദ്ധ്യത കൂടിയാണെന്ന് മനസിലാക്കി വേണം ഓരോ ചുവടും വയ്ക്കാൻ. നിയന്ത്രണങ്ങൾ ലംഘിച്ചു കറങ്ങിനടക്കുന്നതും ക്വാറന്റൈയിൻ ചാടുന്നതും സൽക്കാരങ്ങൾക്കായി ആളുകളെ വിളിച്ചുകൂട്ടുന്നതുമൊക്കെ സമൂഹത്തോടു ചെയ്യുന്ന വലിയ അപരാധമാണ്. മഹാമാരിയെ വരുതിയിലാക്കാൻ സർക്കാരും ആരോഗ്യ പ്രവർത്തകരും നടത്തിക്കൊണ്ടിരിക്കുന്ന കഠിന പരിശ്രമങ്ങൾ നിഷ്‌ഫലമാക്കുന്ന പ്രവൃത്തികൾ ഉണ്ടാകുന്നത് നിർഭാഗ്യകരമാണ്. കൊവിഡ് എന്ന അതിഭീകര ശത്രു ദൂരെയൊന്നും പോയിട്ടില്ലെന്നും തൊട്ടരികിൽത്തന്നെ ഉണ്ടെന്നും മറക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |