ചൈനയിലെ വുഹാൻ ചന്തയിൽ നിന്ന് 6- 7 മാസം മുമ്പ് പുറപ്പെടുമ്പോൾ ഇത്രയ്ക്കൊന്നും പ്രതീക്ഷിച്ചിട്ടില്ലായിരുന്നുവെന്നാണ് കൊറോണ വൈറസിന്റെ ആത്മഗതം. ആത്മഗതമായിരുന്നെങ്കിലും അല്പം ഉച്ചത്തിലായിപ്പോയത് കാരണമാണ് മറ്റ് ചിലരൊക്കെ അത് കേട്ടത്.
വൈറസിനെ ഇരുത്തിച്ചിന്തിപ്പിച്ച ഒന്നാമത്തെ സംഭവം പ്രാക്കുളം ഏംഗൽസ് ബേബി സഖാവിന്റെ പ്രഭാഷണമായിരുന്നു. കൊവിഡിനെതിരായ യുദ്ധം തീവ്രമുതലാളിത്ത സാമ്പത്തികശക്തികൾക്കെതിരായ യുദ്ധമാണെന്നും കൊവിഡിനെ സൃഷ്ടിച്ചത് ഈ പഹയന്മാരാണെന്നുമാണ് ബേബി സഖാവ് പറഞ്ഞുകളഞ്ഞത്. പെട്ടെന്നൊരു ഞെട്ടൽ തോന്നിയെങ്കിലും 'ബേബി സഖാവല്ലേ..' എന്ന സമാധാനത്തിൽ പിന്നെയും വൈറസ് മുമ്പോട്ട് നീങ്ങുകയായിരുന്നു.
അങ്ങനെ സഞ്ചരിച്ച് ഗാൽവൻ പ്രവിശ്യ കടന്ന് ഡൽഹിയിലെത്തി അവിടെ നിന്ന് വിമാനം പിടിച്ച് തിരുവനന്തപുരത്തെത്തിയപ്പോഴാണ് പിണറായിസഖാവ് സന്ധ്യാനേരത്ത് ടെലിവിഷനിലിരുന്ന് എന്തൊക്കെയോ പറയുന്നത് വൈറസിന്റെ ശ്രദ്ധയിൽ പെട്ടത്. ഒരു ദിവസം കണ്ടപ്പോൾ അതത്ര കാര്യമാക്കിയില്ലെങ്കിലും പിറ്റേന്നും അതിന്റെ പിറ്റേന്നും സഖാവിനെ ടെലിവിഷനിൽ കണ്ടതോടെ കൊറോണ വൈറസ് അത് കാര്യമായൊന്ന് ശ്രദ്ധിക്കുകയുണ്ടായി. മഹാസാധു ആണ് ഇയാളെന്നാണ് കൊറോണ വൈറസ് കേട്ടിട്ടുണ്ടായിരുന്നത്. ഇയാളത്ര നിസ്സാരനല്ലല്ലോയെന്ന് കൊറോണ വൈറസിൽ നിന്ന് വീണ്ടുമൊരു ആത്മഗതമുയരുകയുണ്ടായി. അതും അല്പം ഉച്ചത്തിലായിരുന്നു.
ഇതുവരെ ശീലിച്ചതൊന്നുമായിരിക്കില്ല ഇനിയങ്ങോട്ട് വേണ്ടിവരിക എന്നും ഇതുവരെ കാണാത്തതും ചെയ്യാത്തതുമൊക്കെ കാണുകയും ചെയ്യുകയും വേണ്ടിവരുമെന്നുമൊക്കെ പിണറായി സഖാവ് പറയുകയുണ്ടായി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പരിസരത്തെത്തിയിട്ടുണ്ടായിരുന്നു വൈറസ്. പിണറായിസഖാവിന്റെ വർത്തമാനം കേട്ട സ്ഥിതിക്ക് മാസ്കറ്റ് ഹോട്ടലിന്റെ അതുവഴി ഒന്ന് കറങ്ങി നോക്കിയാലോ എന്ന ആഗ്രഹം വൈറസിലുണ്ടായി. അതിനപ്പുറത്ത് ചെന്നിത്തല ഗാന്ധി പാർപ്പുള്ളതായി അവൻ കേട്ടിട്ടുണ്ടായിരുന്നു. ഇതുവരെ കാണാത്തതൊക്കെ ഇനി കാണേണ്ടി വരുമെന്ന് പിണറായി സഖാവ് പറഞ്ഞത്, ചെന്നിത്തലഗാന്ധിക്കും ബാധകമായിരിക്കുമല്ലോ, അപ്പോൾ ആ മുഖത്തെ റിയാക്‌ഷൻ ഒന്നറിയാമല്ലോ എന്ന ആകാംക്ഷയാണ് വൈറസിനെ അന്നേരം നയിച്ചത്. ആകാംക്ഷ ഏത് വൈറസിനും ഉണ്ടാകും.
പക്ഷേ കന്റോൺമെന്റ് ഹൗസിന്റെ പരിസരത്തെത്തിയ വൈറസ് കണ്ടത് കിലുക്കം സിനിമയിൽ ലോട്ടറിഫലം കേട്ടിരിക്കുന്ന ഇന്നസെന്റിനെ പോലെ ചെന്നിത്തല ഗാന്ധി കൈയും കെട്ടി ഇരിക്കുന്നതാണ്. 'ഉം, ഉം... കേട്ടിട്ടുണ്ട്... കേട്ടിട്ടുണ്ട്...' എന്ന ഭാവം. പിണറായി സഖാവല്ലേ, എന്തും പറഞ്ഞുകളയും എന്ന് വല്ലാതെ ധരിച്ച് ജീവിക്കുന്ന ആളായത് കാരണമായിരിക്കാം ചെന്നിത്തലഗാന്ധിയുടെ ഈ മുഖഭാവം എന്ന് കൊറോണവൈറസ് ചിന്തിക്കാതിരുന്നില്ല.
ഒരൊന്നൊന്നര മാസം അവിടെയുമിവിടെയുമെല്ലാം കറങ്ങിയടിച്ച് നടന്ന കൊറോണവൈറസ് ഈയടുത്ത ദിവസം വീണ്ടും കന്റോൺമെന്റ് ഹൗസിന്റെ പരിസരത്ത് പാത്തും പതുങ്ങിയുമെത്തി നോക്കുകയുണ്ടായി. ചെന്നിത്തല ഗാന്ധിയുടെ മുഖത്ത് അന്നേരം കണ്ട മുഖഭാവം ആദ്യം കണ്ടതിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു. മുഖലക്ഷണം വായിച്ചെടുക്കാൻ വൈറസിന് കുറേശ്ശെയൊക്കെ സാധിച്ചതായി മറ്റൊരു ഉച്ചത്തിലുള്ള ആത്മഗതത്തിൽ അവൻ പറയുന്നത് കേട്ടവരുണ്ട്.
പിണറായി സഖാവ് പറഞ്ഞത് പോലുള്ള ചിലതെല്ലാം കണ്ട് തുടങ്ങിയതായി വേണം ചെന്നിത്തലഗാന്ധിയുടെ ആ മുഖഭാവത്തിൽ നിന്ന് അനുമാനിക്കാൻ എന്ന് വൈറസ് പറയുന്നു. അതായത്, കഴിഞ്ഞ നാല് കൊല്ലത്തിനിടയിൽ, വൈറസ് വുഹാനിൽ നിന്ന് ഇറങ്ങിത്തിരിക്കുന്നത് വരെയും ഏറെക്കുറെ കേൾക്കാനേ ഇല്ലായിരുന്ന ഒരു ശബ്ദമിപ്പോൾ നിരന്തരം കേൾക്കുന്നു. ഓ.സി ഗാന്ധിയുടേതാണ് ആ ശബ്ദമെന്ന് ചെന്നിത്തലഗാന്ധി തിരിച്ചറിഞ്ഞിടത്താണ് മുഖഭാവത്തിൽ അല്ലറചില്ലറ മാറ്റമൊക്കെയെന്നാണ് വൈറസ് എത്തിച്ചേർന്നിട്ടുള്ള നിഗമനം. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നേതാവാര് എന്ന് ഹൈക്കമാൻഡ് പറയുമെന്ന് വരെ ഓ.സി ഗാന്ധി പറഞ്ഞുകളഞ്ഞു. പിന്നെ, ഏതോ രാജകുമാരിയെപ്പറ്റി പറഞ്ഞ മുല്ലപ്പള്ളിഗാന്ധിയെപ്പറ്റി നാട്ടുകാരാകെ സംസാരിക്കുന്നു. കേരളം വിട്ടൊരു കളിയില്ലെന്ന് വേണുഗോപാൽഗാന്ധി പറയുന്നു. എന്തിനേറെ വയനാട് എം.പി രാഹുൽഗാന്ധി പോലും കേരളത്തിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മുഖ്യമന്ത്രിയായി വന്നുകൂടായ്കയില്ലെന്നാണത്രെ സംസാരം. പുതിയത് പലതും കേൾക്കേണ്ടിവരുമെന്ന് പിണറായി സഖാവ് പറഞ്ഞപ്പോൾ, അതിത്രത്തോളം വരുമെന്ന് ചെന്നിത്തല ഗാന്ധി പ്രതീക്ഷിച്ചതല്ല. അടുത്തിടെയുണ്ടായ സൂര്യഗ്രഹണത്തോടടുപ്പിച്ചാണ് നേതാവിന്റെ പ്രശ്നം ഓ.സി ഗാന്ധി തൊട്ട് കെ.മുരളീധരഗാന്ധി വരെ സജീവമാക്കിയതെന്നാണ് നിഗമനം. ഗ്രഹണത്തിന് ആര് തലപൊക്കുമെന്നൊന്നും പറയാനാവില്ല. ഇനിയങ്ങോട്ട് സമ്പൂർണ ഗ്രഹണമാണോ എന്ന് പോലും ചിന്തിച്ച് ചെന്നിത്തലഗാന്ധി ഉറങ്ങാതെ കഴിക്കുകയാണെന്നാണ് ഏറ്റവുമൊടുവിലത്തെ റിപ്പോർട്ട്.
.....................................
- പ്രവാസികൾക്ക് കോപ്പും പടച്ചട്ടയും മാസ്കും ഷീൽഡും മലപ്പുറം കത്തിയും വരെ ഏർപ്പാടാക്കണമെന്ന് ന.മോ.ജിയോട് പിണറായി സഖാവ് പറഞ്ഞപ്പോൾ ന.മോ.ജി, 'കൊടുകൈ...' എന്ന് പറയുകയുണ്ടായി. പിണറായി സഖാവ് ഈയിടെയായി ന.മോ.ജി തൊട്ട് നോംചോംസ്കി വരെയുള്ളവർ എന്ത് പറഞ്ഞാലും അത് പത്രക്കാർക്ക് കൊടുക്കുന്നത് ശീലമാക്കിയിരിക്കുകയാണ്. അതുകൊണ്ട് ന.മോ.ജിയുടെ 'കൊടുകൈ'യും പത്രക്കാർക്ക് കൊടുത്തു. ന.മോ.ജി 'ഇതാ രേഖ...' എന്നും പറഞ്ഞ് കൈ മലർത്തി കാണിച്ചാൽ അതും പിണറായിസഖാവ് പത്രക്കാരെ അറിയിക്കുന്നതാണ് കൊവിഡ്കാലത്തെ ശീലമെന്നതിനാൽ സംഭവിച്ചതിൽ അദ്ഭുതമൊന്നുമില്ല. ന.മോ.ജിയുടെ സഹമന്ത്രി വി.മുരളീധർജി പക്ഷേ ന.മോ.ജി എന്ത് പറഞ്ഞാലും അതിനെ തലനാരിഴ കീറി മുറിച്ച് പരിശോധിക്കാൻ ബദ്ധശ്രദ്ധനായി നിലകൊള്ളുന്നയാളാണ്. ഇദ്ദേഹത്തിനിതെന്ത് പറ്റി എന്ന് ഇടയ്ക്കിടെ പിണറായി സഖാവ് വി.മുരളീധർജിയെപ്പറ്റി ചോദിക്കുന്നതും അതുകൊണ്ടാണ്. മുരളീധർജി നടത്തിയ സൂക്ഷ്മപരിശോധനയിൽ ന.മോ.ജിയുടെ കൊടുകൈക്ക് പകരം കണ്ടെത്തിയത് 'കടുംകൈ...' എന്നാണ്. ഇതിലേതാണ് കറക്ട് എന്ന് തീരുമാനിക്കാൻ ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള തന്നെ വരേണ്ടിവരുമെന്നാണ് തോന്നുന്നത്. അദ്ദേഹം ഇഹലോകം വിട്ടുപോയ സ്ഥിതിക്ക് അടുത്തകാലത്തൊന്നും ഇതിലൊരു തീർപ്പ് നമ്മൾ പ്രതീക്ഷിക്കേണ്ടതില്ല.
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |