ശ്രീനഗർ: ജമ്മുകാശ്മീരിലെ അനന്ത് നാഗിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. വാഗ്മ പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസും സുരക്ഷാ സൈനികരും തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിവയ്ക്കുകയായിരുന്നു. ഇതോടെ സേന തിരിച്ചടിച്ചു. ഇതിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ജമ്മുകാശ്മീരിലെ ഐസിസ്ബന്ധമുള്ള ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.
കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ കഴിഞ്ഞ ദിവസം ബീജ്പഹാരയിൽ സി.ആർ.പി.എഫ് സംഘത്തിന് നേരെ ആക്രമണം നടത്തിയ സാഹിദ് ദാസ് എന്ന ഭീകരനാണെന്നാണ് സുരക്ഷാ സേന നൽകുന്ന വിവരം. ഇവിടെ നടന്ന ആക്രമണത്തിൽ ഒരു സി.ആർ.പി.എഫ് ജവാനും ഒരു കുട്ടിയുമാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് കൂടുതൽ ഭീകരർ ഉണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാസേന പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്.
കഴിഞ്ഞ ദിവസവും അനന്ത്‌നാഗിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. മൂന്ന് ഭീകരരെയാണ് കൊലപ്പെടുത്തിയത്. ഖുൽചോഹർ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഇവിടെ ഹിസ്ബുൾ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതോടെ സൈന്യം പ്രദേശം വളയുകയായിരുന്നു . ഹിസ്ബുൾ ഗ്രൂപ്പിലെ കമാൻഡറടക്കം കൊല്ലപ്പെട്ടതോടെ സൈന്യം ദോദാ മേഖലയെ തീവ്രവാദ മുക്തമാക്കിയിട്ടുണ്ട്.
കൃത്യമായ പ്ലാനുകളോടെ ഭീകരരെ ഉൻമൂലനം ചെയ്യാനുള്ള പ്രവർത്തനമാണ് സേന ഈ മേഖലകളിൽ നടത്തുന്നത്. ജൂണിൽ ഇന്നലെവരെ സൈന്യം ഏറ്റുമുട്ടലിലൂടെ വധിച്ചത് 35 ഭീകരരെയാണ്. ഇതിൽ കൊടും ഭീകരരും ഉൾപ്പെടും. ഈ വർഷം ഏറ്റുമുട്ടലിലൂടെ 116 ഭീകരാണ് വധിക്കപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |