കൊച്ചി: കേന്ദ്ര സർക്കാർ ടിക്ക് നിരോധിച്ചതിൽ വിഷമമുണ്ടെന്നും എന്നാൽ നമ്മുടെ സുരക്ഷയ്ക്കാണ് താൻ പ്രാമുഖ്യം നൽകുന്നതെന്നും പ്രതികരിച്ച് ടിക് ടോക് താരവും ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന ഫുക്രു. രാജ്യത്തിന് വേണ്ടിയുള്ള തീരുമാനമായത് കൊണ്ട് താൻ കേന്ദ്രത്തിന്റെ തീരുമാനത്തോട് യോജിക്കുന്നുവെന്നും എല്ലാവരും ഈ തീരുമാനത്തെ അംഗീകരിക്കുന്നതായിട്ടാണ് താൻ മനസിലാക്കിയിരിക്കുന്നതെന്നും ഫുക്രു പറയുന്നു.
ഒരു മലയാള ചാനലിന്റെ ചർച്ചാ പരിപാടിയിലാണ് ഫുക്രു തന്റെ അഭിപ്രായം വ്യക്തമാക്കിയത്. താൻ 'ടിക് ടോക്' കാരണമാണ് ഇവിടെവരെ എത്തിയതെന്നും എന്നാൽ സുരക്ഷയ്ക്ക് കോട്ടം തട്ടുന്നതായി വന്നാൽ 'ടിക് ടോക്കിനെ' ഒരു ആപ്പായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ എന്നും അതിൽ വികാരം കൊണ്ടിട്ട് കാര്യമില്ലെന്നും ഫുക്രു വ്യക്തമാക്കി.
ഇന്നലെയാണ് ടിക് ടോക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചത്. ശേഷം ഇന്ന് ആപ്പ് പൂർണമായും പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്. സ്വകാര്യതാ പ്രശ്നങ്ങളും മറ്റും പരിഗണിച്ചാണ് ആപ്പുകൾ രാജ്യത്ത് നിരോധിച്ചത്. കേന്ദ്ര ഐ.ടിമന്ത്രാലയമാണ് ഈ ആപ്പുകൾ നിരോധിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.ഐ.ടി നിയമപ്രകാരമാണ് ആപ്പുകൾ നിരോധിച്ചിരിക്കുന്നത്. രാജ്യത്ത് യുവാക്കൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള ആപ്പാണ് ടിക് ടോക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |