തിരുവനന്തപുരം: സ്വജനപക്ഷപാതത്തിന് പേരുകേട്ട മുഖ്യമന്ത്രിയും സർക്കാരുമാണ് കേരളത്തിലേതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബാലാവകാശ കമ്മീഷനിലെ രാഷ്ട്രീയ നിയമനത്തിനെതിരെ രമ്യാ ഹരിദാസ് എം.പി നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാലപീഡനങ്ങളും ലൈംഗിക അതിക്രമങ്ങളും വർദ്ധിക്കുന്ന ഇക്കാലത്ത് ബാലാവകാശ കമ്മീഷന്റെ പ്രാധാന്യം വലുതാണ്. അതിന്റെ ചെയർമാൻ പദവിയിലേക്കാണ് യോഗ്യതയും കഴിവുമുള്ള പ്രഗത്ഭരായ ന്യായാധിപൻമാരെ ഒഴിവാക്കി സി.പി.എം അനുഭാവിയായ ഒരു സാധാരണ വക്കീലിനെ നിയമിച്ചത്. ഇടതുസർക്കാർ ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി ഇഷ്ടക്കാരെ തിരുകി കയറ്റുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി, കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ ശരത്ചന്ദ്ര പ്രസാദ്,മൺവിള രാധാകൃഷ്ണൻ,ജനറൽ സെക്രട്ടറി പാലോട് രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,വി.എസ്. ശിവകുമാർ എം.എൽ.എ,മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |