അഞ്ചാമത് ബ്രിക്സ് ഉച്ചകോടി.
ദക്ഷിണാഫ്രിക്കയിലെ ഡർബൻ.
കാലം 2013, ( മാർച്ച്,25-28)
ഉദ്ഘാടന വേദിയിൽ ബ്രിക്സ് അംഗ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗ്,റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്, ബ്രസീൽ പ്രസിഡന്റ് ദിൽമാ റൂസേഫ്, ആതിഥേയൻ കൂടിയായ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമ എന്നിവർ.ചൈനീസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായി പങ്കെടുത്ത അന്താരാഷ്ട്ര ഉച്ചകോടിയായതിനാൽ താരം ഷി ജിൻ പിംഗായിരുന്നു..ഇന്ത്യൻ പ്രധാനമന്ത്രിയുടെ മാധ്യമ സംഘത്തിൽ കേരളകൗമുദിയുടെ പ്രതിനിധിയായി ഇതെഴുതുന്നയാളും ഉച്ചകോടി റിപ്പോർട്ട് ചെയ്യാൻ ഡർബനിലെത്തിയിരുന്നു.
കൺമുന്നിൽ ലോക നേതാക്കൾ. ഇന്ത്യയിൽ നിന്നാണെന്നറിഞ്ഞപ്പോൾ അരികിലിരുന്ന ചൈനീസ് പത്ര ലേഖിക ചെൻ നാലാം ബ്രിക്സ് ഉച്ചകോടി റിപ്പോർട്ട് ചെയ്യാൻ ഡൽഹിയിലെത്തിയതിനെക്കുറിച്ച് വാചാലയായി. എന്നാൽ കേരളത്തെക്കുറിച്ച് അവർ കേട്ടിട്ടു പോലുമുണ്ടായിരുന്നില്ല.ഷീ ജിൻ പിംഗിനെക്കുറിച്ച് ആവേശം കൊണ്ട ചെൻ ചൈനയിലെ പത്ര സ്വാതന്ത്ര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ നിശബ്ദയായി. പത്രസ്വാതന്ത്ര്യമല്ല സ്വാതന്ത്ര്യം തന്നെയില്ലെന്നും വേറെന്തെങ്കിലും സംസാരിക്കാമെന്നും പറഞ്ഞ് അവർ ഭയാശങ്കയോടെ വിഷയം മാറ്റി.
പാരമൗണ്ട് ലീഡർ അഥവാ സർവ്വാധികാരിയാണിപ്പോൾ ഷി ജിൻ പിംഗ്. ചൈനീസ് റിബ്ളിക്കിന്റെ പ്രസിഡന്റ്,ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി,സേനയുടെ രാഷ്ട്രീയ നേതൃത്വം കൈയ്യാളുന്ന സെൻട്രൽ മിലിട്ടറി കമ്മീഷന്റെ ചെയർമാൻ. 2012 ൽ പാർടി ജനറൽ സെക്രട്ടറിയായ ഷി അഞ്ച് വർഷം വീതമുള്ള രണ്ട് ടേം പൂർത്തീകരിക്കുന്നതോടെ പ്രസ്തുത സ്ഥാനം ഒഴിയേണ്ടതാണ്.എന്നാൽ വീണ്ടും തുടരാനുള്ള ഭരണഘടനാ ഭേദഗതിയിലൂടെ മാവോയ്ക്കും ഡെംഗ് സിയാവോ പിംഗിനും ശേഷം ചൈന കണ്ട ഏറ്റവും വലിയ ഏകാധിപതിയാകാനുള്ള നീക്കത്തിലാണ് ഷി .2023 ലും ഭരണത്തിൽ തുടരാനുള്ള ഭേദഗതി പത്തൊമ്പതാം പാർടി കോൺഗ്രസിൽ അദ്ദേഹം പാസ്സാക്കിയെടുത്തു. " തന്റെ നേതൃത്വത്തിൽ ഒന്നാം നമ്പർ ലോകശക്തിയാക്കി ചൈനീസ് സാമ്രാജ്യം പണിയാനാണ് ഷിയുടെ ശ്രമം.ഡിക്ടേറ്റർ ശൈലിയാണ് അദ്ദേഹത്തിന്റേത്." പ്രമുഖ നയതന്ത്രജ്ഞൻ ഡോ.ടി.പി.ശ്രീനിവാസൻ പറഞ്ഞു.
എന്നാൽ ഷി ആഗ്രഹിക്കുന്നതുപോലെ അതത്ര എളുപ്പമായിരിക്കുമോ? കൊവിഡിലൂടെ നിറം മങ്ങിയ തന്റെ നേതൃത്വത്തെ ചൈനയുടെ ദേശാഭിമാന വികാരം വളർത്തി മിനുക്കിയെടുക്കാൻ ഇന്ത്യയുൾപ്പെടെ പ്രധാന അയൽ രാജ്യങ്ങളുമായി ഏറ്റുമുട്ടൽ മാർഗം സ്വീകരിച്ചിരിക്കുന്ന ഷി ഹോങ്കോംഗിലും ചൈനീസ് പരമാധികാരം ഉറപ്പിക്കാൻ തയ്യാറെടുക്കുകയാണ്.ചൈനയിൽ പ്രസിഡന്റ് കഴിഞ്ഞാൽ ആകെ പുറം ലോകം അറിയുന്നത് പ്രധാനമന്ത്രിയുടെ പേരാണ്.എന്നാൽ രണ്ടാം നിര നേതൃത്വം ചൈനയിലില്ലേ? ഉണ്ട്.ആരെയും അങ്ങനെ പുറത്തറിയില്ലെന്നു മാത്രം.
ഒമ്പതര കോടി പാർടി മെമ്പർമാരുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർടിയുടെ പരമാധികാരം ഇരുനൂറിലധികം അംഗങ്ങളുള്ള പാർടി കേന്ദ്ര കമ്മിറ്റിക്കാണ്.എന്നാൽ വർഷത്തിൽ ഒരു തവണ മാത്രമേ ഈ കമ്മിറ്റി ചേരുകയുള്ളു .19 മുതൽ 22 അംഗങ്ങളുള്ള പൊളിറ്റ് ബ്യൂറോയുണ്ടാകും.എന്നാൽ പതിനൊന്ന് അംഗങ്ങളുള്ള പി.ബി സ്റ്റാൻഡിംഗ് കമ്മിറ്റിക്കാണ് ദൈനം ദിന ഭരണകാര്യങ്ങളിൽ ഏറ്റവും സ്വാധീനമുള്ളത്. ഒമ്പത് പുരുഷൻമാരും രണ്ട് സ്ത്രീകളുമെന്നതാണ് അംഗ സംഖ്യയെങ്കിലും ഇപ്പോൾ ഏഴുപേർ മാത്രമാണുള്ളത്.കഴിഞ്ഞ പാർടി കോൺഗ്രസിൽ 67 വയസ് പിന്നിട്ട അഞ്ച് പേർ വിരമിക്കുകയും പുതിയ അംഗങ്ങൾ വരികയും ചെയ്തു.ഷിയും പ്രധാനമന്ത്രി ലീ കെക്വിയാംഗും തുടർന്നു.പുറമെ നിന്ന് നോക്കുമ്പോൾ പാർടിയും ഭരണവും സൈന്യവും എല്ലാം ഷി യിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്.എന്നാൽ ഷിയുടെ ഏകാധിപത്യത്തിനെതിരെ മുറുമുറുപ്പുകൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്.
ഏത് ഭരണാധികാരിയേയും എത്ര ശക്തനാണെങ്കിലും അട്ടിമറിച്ച ചരിത്രം ചൈനയ്ക്കുണ്ട്.ഹൂ യാവോ ബാംഗ് മാവോയുടെ കാലത്തേ പാർട്ടിയിൽ സജീവമാവുകയും കാലാന്തരത്തിൽ ഡെംഗ് സിയാവോ പെംഗിന്റെ പ്രിയ ശിഷ്യനായി മാറുകയും ചെയ്ത വലിയ നേതാവായിരുന്നു. ഡെംഗിന്റെ കാലത്ത് 1981-82 വരെ പാർട്ടി ചെയർമാനും( ആ പദവി അതോടെ ഒഴിവാക്കി) 1982 മുതൽ 1987 വരെ പാർടി ജനറൽ സെക്രട്ടറിയുമായിരുന്നു.അന്ന് ചൈനീസ് പ്രസിഡന്റ് ലീ സിയാനിനും പ്രധാനമന്ത്രി ഷാവോ സിയാംഗുമായിരുന്നെങ്കിലും അധികാരം കേന്ദ്രീകരിച്ചിരുന്നത് ഹൂ യാവോ ബാംഗ് എന്ന ഹൂ വിലായിരുന്നു.
1985 ൽ ഇന്ത്യൻ വിദ്യാർത്ഥി യുവജന ഡെലിഗേഷനുകളെ നയിച്ച് ചൈനയിലെത്തിയ എം.എ.ബേബിയും രമേശ് ചെന്നിത്തലയും ഹൂ വിനെ ഓർമ്മിക്കുന്നുണ്ടാകും .സ്വന്തം സംഘടനകളുടെ ഡെലിഗേഷനെ നയിച്ചവരെന്ന ലേബലിൽ അവർക്ക് ഹൂ വുമായി കൂടിക്കാഴ്ചയ്ക്കുള്ള അപൂർവ്വ അവസരം ലഭിച്ചിരുന്നു. അന്ന് മറ്റൊരു ചൈനീസ് നേതാവും പിന്നീടൊരിക്കലും തേടിയിട്ടില്ലാത്ത ചോദ്യത്തിനുള്ള ഉത്തരമാണ് ഹൂ അവരോട് ചോദിച്ചത്.എന്താണ് ചൈനയുടെ കുറവ്?പുറത്തു നിന്ന് വരുന്നവർക്കല്ലേ കുറവ് അറിയാൻ കഴിയുകയുള്ളുവെന്നായിരുന്നു ഹൂ പറഞ്ഞത്.ചൈനയിൽ സുതാര്യതയും ഉദാരവത്ക്കരണവും വേണമെന്ന് ചിന്തിച്ച നേതാവായിരുന്നു ഹൂ എന്നറിയപ്പെട്ട ഹൂ യാവോ ബാംഗ്.
വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും പ്രിയങ്കരനായിരുന്നു.കൂടുതൽ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ചൈനയിലെ പല കേന്ദ്രങ്ങളിലും വിദ്യാർത്ഥികൾ പ്രക്ഷോഭം നടത്തിയപ്പോൾ അതിന് നേതൃത്വം നൽകിയവരെ പുറത്താക്കാൻ പാർടിയിലെ ഒരു വിഭാഗം നിർദ്ദേശിച്ചു.പക്ഷേ ഹൂ വിന്റെ മനസ് വിദ്യാർത്ഥികൾക്കൊപ്പമായിരുന്നു.പാർടി നേതാക്കളുടെ അഴിമതിക്കും സർവകലാശാലകളിൽ നേതാക്കൻമാരുടെ മക്കൾക്ക് ലഭിക്കുന്ന വഴിവിട്ട ആനുകൂല്യങ്ങൾങ്ങൾക്കുമെതിരെ ഹൂ വിരൽ ചൂണ്ടിയിരുന്നതിനാൽ ഹൂവിനെതിരായ സംഘം പാർട്ടിയിൽ സജീവമായിരുന്നു.1987 ൽ ഹൂവിനെ നിർബന്ധിച്ച് പാർടി ജനറൽ സെക്രട്ടറി പദവി രാജിവപ്പിച്ചു.പൊളിറ്റ് ബ്യൂറോയിൽ നിലനിർത്തിയെങ്കിലും ഹൂ ഒതുക്കപ്പെട്ടു.
1989 ൽ ഹൂ മരണമടഞ്ഞു.അർഹിക്കുന്ന ആദരവോടെ സംസ്കാരം നടത്താൻപോലും ചൈനീസ് ഭരണകൂടം തയ്യാറായില്ല.എന്നിട്ടും വൻ ജനാവലി ആ ചടങ്ങിൽ പങ്കെടുത്തത് പാർടിയെ ഞെട്ടിച്ചു.ഹൂവിന് അർഹമായ ആദരവ് നൽകണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ വിദ്യാർത്ഥികളാണ് ടിയാനെൻമെൻ ചത്വരത്തിൽ തടിച്ചു കൂടിയത്.വിദ്യാർത്ഥികളോട് ചർച്ച നടത്താൻ പോയ പ്രധാനമന്ത്രി ഷാ വോ സിയാംഗ് അവിടെ വച്ച് പൊട്ടിക്കരഞ്ഞു.ഹൂ വിന്റെ പിൻഗാമിയായി പാർടി സെക്രട്ടറിയായെങ്കിലും രണ്ട് വർഷത്തിനുള്ളിൽ ഷാവോയ്ക്ക് പടിയിറങ്ങേണ്ടി വന്നത് ഇക്കാരണത്താലായിരുന്നു. 2005 ൽ മരിച്ച ഷാവോയ്ക്കും അർഹമായ ആദരം ചൈന ഒരിക്കലും നൽകിയില്ല.
ടിയാനെൻമെന്നിൽ സംഘടിച്ച വിദ്യാർത്ഥികൾ പാശ്ചാത്യ ശക്തികളുടെ സഹായത്തോടെ ചൈനീസ് ഭരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ഉരുക്കുമുഷ്ടികൊണ്ട് നേരിട്ടു.
" വിമാനവേധ ടാങ്കുകൾ വിദ്യാർത്ഥികൾക്കു നേരെ ഓടിച്ചു കയറ്റുകയായിരുന്നു".അന്ന് ചൈനയിലുണ്ടായിരുന്ന ബിഷപ്പ് പൗലോസ് മാർ പൗലോസ് തിരുമേനി ഇതെഴുതുന്നയാളിനോട് മുമ്പ് പറഞ്ഞിട്ടുണ്ട്.പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ ചതച്ചരയ്ക്കപ്പെട്ടു. പിന്നീട് വന്ന ജിയാൻ സെമിംഗിന്റെ കാലത്തും ഹൂവിന്റെ സ്മരണകളെ അടിച്ചമർത്തി..എന്നാൽ ഹൂ ജിന്റാവോ അധികാരത്തിൽ വന്നപ്പോൾ അർഹിക്കുന്ന വിധം സ്മരണ പുതുക്കാൻ പാർട്ടി തയ്യാറായി.പാരമൗണ്ട് ലീഡർ ആയിട്ടും ഹൂ ജിന്റാവോയ്ക് ജിയാൻ സെമിംഗ് പക്ഷക്കാരുടെ എതിർപ്പ് നേരിടേണ്ടിവന്നിരുന്നു.
ഹൂ ജിന്റാവോയുടെ പിൻഗാമിയായെത്തിയ ഷി പരമാധികാരിയാണ് .പക്ഷേ മാവോയെപ്പോലെയും ഡെംഗിനെപ്പോലെയും ജീവിതാന്ത്യം വരെ സർവാധികാരിയായി തുടരാൻ ഷീയ്ക്ക് കഴിയുമോ?മാവോയും ഡെംഗും വലിയ സമര പോരാട്ടങ്ങളുടെ പാരമ്പര്യമുള്ളവരായിരുന്നു.67 കാരനായ ഷി യ്ക് അങ്ങനെ ഒരു പാരമ്പര്യം അവകാശപ്പെടാനില്ല. ഏകാധിപതിയാകുന്നതിനുള്ള മാർഗങ്ങളാണ് ഭരണത്തിൽ വന്നശേഷം ഷി അവലംബിച്ചത്.അഴിമതിക്കെതിരായ പോരാട്ടം എന്ന പേരിൽ തന്റെ നല്ലൊരു പങ്ക് എതിരാളികളെയും ഷി ഉന്മൂലനം ചെയ്തു. എന്നാൽ ഷീ യ്ക് ആരായിരിക്കും മണികെട്ടുക?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |