കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ഗൂഢാലോചന നടത്തിയത് മേയ്ക്കപ്പ്മാൻ ഹാരീസും വരനായി അഭിനയിച്ച റെഫീഖുമാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. മറ്റ് 18 പെൺകുട്ടികളിൽ നിന്ന് ഭീഷണിപ്പെടുത്തി ആഭരണങ്ങളും പണവും തട്ടിയെടുത്തതിന് പിന്നിലും ഇവരാണ്. ഷംനയെ ഭീഷണപ്പെടുത്തി പണം തട്ടിയെടുക്കയായിരുന്നു ലക്ഷ്യമെന്ന് ഹാരീസ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
സിനിമാരംഗത്ത് ഹാരീസിനുള്ള ബന്ധമാണ് തട്ടിപ്പിലേക്കുള്ള വഴി തുറന്നത്. മോഡലുകളായ യുവതികളെ ഇയാൾക്ക് പരിചയമുണ്ട്. കെണിയിൽ വീഴാൻ സാധ്യതയുള്ളവരെ തിരഞ്ഞെടുത്ത് റെഫീഖിന് വിവരങ്ങൾ കൈമാറുന്നതായിരുന്നു രീതി. ക്വാറന്റൈനിൽ കഴിയുന്ന ഷംനയുടെ മൊഴി വിഡിയോ കോൺഫറൻസ് വഴി എടുത്തു തുടങ്ങി.
യുവതികളിൽ നിന്ന് തട്ടിയെടുത്ത മാല,വള ഉൾപ്പെടെ ഒമ്പത് പവൻ സ്വർണാഭരങ്ങൾ തൃശൂർ, എറണാകുളം എന്നിവിടങ്ങളിലെ പണമിടപാട് സ്ഥാപനങ്ങളിൽ നിന്ന് കണ്ടെത്തി. ഇതുവരെ എട്ടു പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. കൊവിഡ് രോഗി ഉൾപ്പെടെ മൂന്നു പേർ കൂടി പിടിയിലാകാനുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ ഈ 11 അംഗ സംഘമാണ് കേസിൽ ഉൾപ്പെട്ടതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. നടൻ ധർമ്മജനെ ചോദ്യം ചെയ്തെങ്കിലും പ്രതിയാക്കേണ്ട സാഹചര്യം നിലവിലില്ല. പ്രതികൾക്ക് ഷംനയുടെ മൊബൈൽ നമ്പർ നൽകിയ പ്രൊഡക്‌ഷൻ കൺട്രോളർ ഷാജി പട്ടിക്കരയും പ്രതിയാകില്ല. തട്ടിപ്പിനെക്കുറിച്ച് അറിയാതെയാണ് നമ്പർ കൈമാറിയതെന്നാണ് ഇയാളുടെ മൊഴി.
വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്: ഷംന കാസിം
പിന്തുണച്ചവർക്ക് നന്ദിയറിച്ച് ഷംന കാസിം ഇൻസ്റ്റഗ്രാമിൽ കുറിപ്പിട്ടു.വാസ്തവ വിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കരുത്. കുറ്റക്കാരെയോ അവരുടെ സംഘത്തെക്കുറിച്ചോ ഒന്നുമറിയില്ല. വ്യാജ പേരിലും മേൽവിലാസത്തിലും വിവാഹ ആലാേചനയുമായി ബന്ധപ്പെട്ട് കബളിപ്പിക്കപ്പെട്ടതിനാലാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. അവർ ബ്ളാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചു. എന്താണ് ചെയ്യാൻ തീരുമാനിച്ചതെന്ന് അറിയില്ല. കേസന്വേഷണം പൂർത്തിയാകുന്നതു വരെ എന്റെയോ കുടുബത്തിന്റെയോ സ്വകാര്യതയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. അന്വേഷണം പൂർത്തിയാകുമ്പോൾ മാദ്ധ്യമങ്ങളെ കാണും. വഞ്ചിക്കുന്നവർക്കെതിരായ പോരാട്ടത്തിൽ മറ്റ് സഹോദരിമാരെ കുറച്ചെങ്കിലും ബോധവതികളാക്കാൻ കേസിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ഷംനയെ തട്ടിക്കൊണ്ടു പോകാനും പദ്ധതിയിട്ടു
ബ്ളാക്ക്മെയിലിംഗിലൂടെ പണം ലഭിച്ചില്ലെങ്കിൽ നടി ഷംന കാസിമിനെ തട്ടികൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാൻ പ്രതികൾ പദ്ധതിയിട്ടതായി തെളിഞ്ഞു. മേയ്ക്കപ്പ്മാൻ ഹാരിസ്, വരനായി അഭിനയിച്ച റെഫീഖ് എന്നിവരെ ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യങ്ങൾ വെളിവായത്.സമാനമായ രീതിയിൽ അറിയപ്പെടുന്ന മറ്റ് നടിമാരെയും തട്ടിപ്പിന് ഇരയാക്കാൻ പ്രതികൾ പദ്ധതി തയ്യാറാക്കിയിരുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ പറഞ്ഞു. ഷംന പരാതി നൽകിയതോടെ തട്ടിക്കൊണ്ട് പോകലെന്ന ദൗത്യം പരാജയപ്പെട്ടുപോയി.
പ്രതികൾ സ്വർണം കടത്താൻ മോഡലുകളായ പെൺകുട്ടികളെ നിർബന്ധിച്ചുവെന്ന് തെളിഞ്ഞെങ്കിലും അത് നടന്നതിന് ഇതുവരെ തെളിവുകൾ ലഭ്യമായിട്ടില്ല. ഷംന കാസിമുമായി ബന്ധപ്പെട്ട കേസിൽ മൂന്നു പ്രതികളും കൂടി അറസ്റ്റിലായാൽ അന്വേഷണം പൂർത്തിയാകുമെന്ന് വിജയ് സാഖറെ വ്യക്തമാക്കി. ഒാൺലൈനായുള്ള ഷംന കാസിമിന്റെ മൊഴി രേഖപ്പെടുത്തലും പൂർത്തിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |