തിരുവനന്തപുരം : പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സാ സഹായം ലഭ്യമാകുന്ന കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി (കാസ്‌പ്) ഇന്ന് മുതൽ സർക്കാർ നേരിട്ട് നടത്തും. ഇൻഷ്വറൻസ് അടിസ്ഥാനത്തിൽ ചുമതല നിർവഹിച്ചുവന്ന റിലയൻസിന്റെ കരാർ ഇന്നലെ അവസാനിച്ചു. ഇനി സർക്കാർ രൂപീകരിച്ച സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കാണ് (എസ്.എച്ച്.എ) ചുമതല. ഇതിന്റെ പ്രവർത്തനത്തിന് സർക്കാർ ഇനിയും പണം അനുവദിച്ചിട്ടില്ല.
ക്ലെയിം നൽകി കഴിഞ്ഞാൽ 15ദിവസത്തിനുള്ളിൽ പണം അനുവദിക്കുമെന്നാണ് സർക്കാർ നൽകിയിരിക്കുന്ന ഉറപ്പ്. സർക്കാർ ആശുപത്രികൾക്ക് അടക്കം ഒരുമാസം 20കോടിയോളം രൂപ നൽകേണ്ടിവരും. ഇന്നലെ വരെയുള്ള കുടിശികയായി സർക്കാർ,സ്വകാര്യ ആശുപത്രികൾക്കായി 110 കോടിയോളം നൽകാനുണ്ട്. ഇതിന് പുറമേയാണ് ഇന്നു മുതലുള്ള ബാദ്ധ്യത.
41ലക്ഷം കുടുംബങ്ങൾ പദ്ധതിയിൽ ചേർന്നിട്ടുണ്ട്. 214 സ്വകാര്യ ആശുപത്രികളും 188 സർക്കാർ ആശുപത്രികളും ഇതുപ്രകാരം ചികിത്സ നൽകുന്നുണ്ട്.
ആശുപത്രികളും എസ്.എച്ച്.എയും നേർക്കുനേർ
ഇന്നലെ വരെ ഡോക്ടർമാർ എഴുതുന്ന ചികിത്സാ ചെലവ് റിലയൻസ് പരിശോധിച്ചാണ് തുക അനുവദിച്ചിരുന്നത്. ഇനി മുതൽ എസ്.എച്ച്.എയാണ് പണം നൽകേണ്ടത്. എസ്.എച്ച്.എയ്ക്ക് വേണ്ടി ബില്ല് പരിശോധിക്കാൻ തേർഡ് പാർട്ടി അഡ്മിനിസ്ട്രേറ്ററായി ഏതെങ്കിലും സ്ഥാപനത്തെ നിയോഗിക്കും. ഇവർ അംഗീകരിക്കുന്ന ബില്ല് തുകയാണ് എസ്.എച്ച്.എ കൈമാറുന്നത്. ഡോക്ടർമാർ എഴുതുന്ന തുക റിലയൻസ് വെട്ടികുറയ്ക്കുന്നത് പതിവായിരുന്നു. ഒടുവിൽ ആശുപത്രിയും റിലയൻസും തമ്മിൽ തർക്കിച്ചാണ് അന്തിമധാരണയിലെത്തുന്നത്. എസ്.എച്ച്.എ പണം നൽകുന്നതോടെ ഇനി ആശുപത്രികളും എസ്.എച്ച്.എയും തമ്മിലാകും ഇനി തർക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |