തിരുവനന്തപുരം: വൈദ്യുതി ബസ് നിർമ്മാണ പദ്ധതി കേരളത്തിൽനിന്ന് പറിച്ചുകൊണ്ടുപോകാൻ പ്രതിപക്ഷനേതാവ് വളംവച്ചുകൊടുക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.വിവാദം ഉയർത്തി നിക്ഷേപകരെ ഓടിക്കുകയല്ല ഉത്തരവാദപ്പെട്ടവർ ചെയ്യേണ്ടത്. വൈദ്യുതി വാഹന നയത്തിൽ നിന്ന് പിന്നോട്ടുപോവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പദ്ധതികളെ വിവാദങ്ങളുയർത്തി തളർത്താനുള്ള ശ്രമങ്ങൾ ജനവിരുദ്ധമാണ്. ഉത്തരവാദപ്പെട്ട ഉയർന്ന പദവിയിലാണ് ഇരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് തിരിച്ചറിയണം.
സ്വിസ് കമ്പനിയായ ഹെസുമായി ചേർന്നുള്ള വൈദ്യുതി വാഹന നിർമ്മാണപദ്ധതി അഴിമതിയാണെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പറഞ്ഞത്
പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടിട്ടില്ല. തെറ്റായി ഒന്നും നടന്നിട്ടില്ല, നടക്കുകയുമില്ല. ആക്ഷേപം കേട്ടതുകൊണ്ട് കേരളത്തിന്റെ ഭാവി പദ്ധതികൾ ഉപേക്ഷിക്കില്ല.
കേരളത്തെ വൈദ്യുതി വാഹന നിർമ്മാണത്തിന്റെ ഹബ്ബാക്കുകയാണ് സർക്കാർ നയം. വൈദ്യുതി ബസുകൾ ഉൾപ്പെടെ നിരത്തിലിറക്കുക, പുതിയ തൊഴിലവസരമുണ്ടാക്കുക, ബാറ്ററി നിർമ്മാണമടക്കമുള്ള അനുബന്ധ വ്യവസായം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.
2018ലാണ് ഹെസ് കമ്പനി കേരളത്തിൽ നിക്ഷേപത്തിന് താൽപര്യം പ്രകടിപ്പിച്ചത്. താൽപര്യപത്രം ക്ഷണിച്ചിട്ടും മറ്റ് കമ്പനികൾ വരാത്തതിനാൽ ഹെസുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു.
നടപടികൾ സുതാര്യമാക്കാൻ ഫയൽ ചീഫ്സെക്രട്ടറിയും നിയമ, ധനവകുപ്പും കാണണമെന്ന് മുഖ്യമന്ത്രിയാണ് എഴുതിയത്. എം.ഒ.യു ഒപ്പിടാൻ കേന്ദ്ര സർക്കാർ 2019 ജൂലായ് 22ന് അനുമതി നൽകി.
മുഖ്യമന്ത്രിയുടെ യൂറോപ് യാത്ര 2019 മേയ് എട്ടു മുതലായിരുന്നു. ഹെസിന്റെ നിക്ഷേപവാഗ്ദാനം 2018 നവംബറിലാണ്.
സ്വിസ് കമ്പനിയുമായി ധാരണാപത്രം അംഗീകരിക്കുന്നത് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരാനിരിക്കുന്നതേയുള്ളൂ. മന്ത്രിസഭ കണ്ടില്ലെന്ന ആക്ഷേപം എന്ത് അടിസ്ഥാനത്തിലാണ്.
സത്യം ഗ്രൂപ്പ് കമ്പനികളുടെ ഓഡിറ്റിംഗിൽ പിഴവ് വരുത്തിയെന്ന കാരണത്താൽ സെബി, പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ ബംഗളൂരു എൽ.എൽ.പി എന്ന സ്ഥാപനത്തിന് ഏർപ്പെടുത്തിയത് ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഡിറ്റിംഗിൽ നിന്ന് രണ്ടുവർഷത്തേക്കുള്ള വിലക്കാണ്. കൺസൾട്ടൻസിക്ക് വിലക്ക് ഉണ്ടെങ്കിൽ കേന്ദ്രം അതു പറയില്ലേ?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |