കറുത്ത സ്വർണമെന്ന ഓമനപ്പേര് നൽകി വിളിക്കുന്ന കുരുമുളകിന്റെ ഗുണഗണങ്ങളെ പറ്റി അറിയാത്തവരായി ആരും ഉണ്ടാകാറില്ല. മാർക്കറ്റുകളിൽ നിന്ന് കിട്ടുന്ന കുരുമുളക് പൊടിയിൽ പലതും മായം കലർന്നാണ് നമുക്ക് മുന്നിൽ എത്തുന്നത്. ഇത് ശരിക്കും നമ്മളെ ബുദ്ധിമുട്ടിക്കുകയാണ്. അപ്പോൾ പിന്നെ ഇതിൽ നിന്നും രക്ഷനേടാനുള്ള ഒരേയൊരു മാർഗ്ഗം എന്ന് പറയുന്നത് വീടുകളിൽ കൃഷി ചെയ്യുക എന്നതാണ്. അതിന് ഏറ്റവും നല്ലത് ചട്ടികളിൽ വളർത്തിയെടുക്കാവുന്ന കുറ്റക്കുരുമുളക് തന്നെയാണ്. എങ്ങനെ ഇതിനെ ശരിയായ പരിചരണത്തിലൂടെ വളർത്തിയെടുക്കാം എന്ന് നോക്കാം.
തൈകൾ തയ്യാറാക്കുന്നതിന് മുമ്പ് പോട്ടിംഗ് മിശ്രിതം നിറച്ച് പോളിത്തീൻ കവറുകൾ തയ്യാറാക്കണം. മൂന്ന് ചട്ടി മണൽ, മൂന്ന് ചട്ടി മണ്ണ്, മൂന്ന് ചട്ടി ചാണപ്പൊടി അല്ലെങ്കിൽ രണ്ട് ചട്ടി കംമ്പോസ്റ്റ്, ഒരു കിലോ വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് കൂട്ടിക്കലർത്തിയതാണ് പോട്ടിംഗ് മിശ്രിതം തയ്യാറാക്കേണ്ടത്. അത്യാവശ്യം നീളമുള്ള പോളിത്തീൻ കവറിന്റെ പകുതിയായിരിക്കണം പോട്ടിംഗ് മിശ്രിതം. ഒരു വർഷം പ്രായമെങ്കിലുമുള്ള കുരുമുളകിന്റെ പാർശ്വ ശിഖരങ്ങൾ നട്ടാണ് കുറ്റികുരുമുളക് ഉണ്ടാക്കുന്നത്. പാർശ്വ ശിഖരങ്ങൾ മൂന്ന് മുതൽ അഞ്ച് മുട്ടുകളുള്ള തണ്ടുകളായി മുറിച്ച് സെപ്തംബർ - ഡിസംബർ മാസങ്ങളിൽ പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീൻ കൂടുകളിൽ നടണം. വേര് പിടിക്കുന്നതിന്റെ അളവ് പകുതിയിൽ താഴെ മാത്രമേ വരാവൂ.
ഇങ്ങനെ പോളിത്തീൻ കവറുകളിൽ നിന്ന് വേര് പിടിപ്പിച്ച തൈകൾ മൂന്നെണ്ണം വീതം പോട്ടിംഗ് മിശ്രിതം നിറച്ച ചട്ടികളിലേക്ക് മാറ്റി നടുക. ചട്ടികളിൽ നടുന്ന കുറ്റിക്കുരുമുളകിന് മാസത്തിലൊരിക്കൽ ജൈവ വളങ്ങൾ ചേർത്ത് കൊടുക്കണം. ചാണകപ്പൊടി, മണ്ണിരക്കമ്പോസ്റ്റ്, ഗോമൂത്രം നേർപ്പിച്ചത് എന്നിവ മിതമായ തോതിൽ ഒഴിച്ചുകൊടുക്കാം. ഒരു ചട്ടിക്ക് ഒരു മാസം 20 ഗ്രാം വേപ്പിൻപിണ്ണാക്ക് പൊടിച്ചത്, കടലപ്പിണ്ണാക്ക് കുതിർത്ത് കലക്കി നേർപ്പിച്ച വെള്ളം എന്നിവയൊഴിച്ച് കൊടുക്കാവുന്നതാണ്. ഇത് ചെടികൾക്ക് വേണ്ടത്ര നൈട്രജൻ കിട്ടുന്നതിന് സഹായിക്കും. മാസത്തിലൊരിക്കൽ 3 മില്ലിലിറ്റർ അക്കോമിൻ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഓരോ ചെടിക്കും ഒഴിച്ചുകൊടുക്കുന്നത് രോഗ-കീട ബാധതടയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |