ശ്രീകാര്യം: ഗവ. എൻജിനിയറിംഗ് കോളേജ് വളപ്പ്, മൺവിളയിലെ റേഡിയോ സ്റ്റേഷൻ കോമ്പൗണ്ട് എന്നിവിടങ്ങളിൽ നിന്നു ഒൻപതു തവണ മുറിച്ച് കടത്തിയത് 16 ചന്ദന മരങ്ങളാണ്. സി.ഇ.ടി. കാമ്പസിൽ ആറ് തവണയും റേഡിയോ സ്റ്റേഷൻ വളപ്പിൽ മൂന്ന് തവണയും നടന്ന മോഷണങ്ങളിലാണ് ചന്ദന മരങ്ങൾ നഷ്ടപ്പെട്ടത്. അതി സുരക്ഷയിൽ പ്രവർത്തിക്കുന്ന ഈ രണ്ട് സർക്കാർ സ്ഥാപനങ്ങളിലുണ്ടായ മോഷണങ്ങളിൽ ദുരൂഹതയുള്ളതായി നാട്ടുകാർ ആരോപിക്കുന്നു. പലപ്പോഴായി ലക്ഷങ്ങൾ വിലവരുന്ന ചന്ദനമരങ്ങൾ അതിസുരക്ഷാ മേഖലകളിൽ നിന്ന് മുറിച്ച് കടത്തിയിട്ടും ഇതുവരെ കുറ്റവാളികളെ കണ്ടെത്താൻ പൊലീസിന് കഴിയാത്തതിന് പിന്നിൽ ഒത്തുകളിയെന്ന ആരോപണം ബലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം സി.ഇ.ടി. വളപ്പിൽ നിന്ന് മുറിച്ചു കടത്തിയ നാല് ചന്ദന മരങ്ങളിൽ മൂന്നെണ്ണം ഏറെ പഴക്കം ചെന്നതും ലക്ഷങ്ങൾ വില വരുന്നതുമാണ്. എല്ലാത്തവണയും മരം മുറി യന്ത്രം ഉപയോഗിച്ചാണ് മരങ്ങൾ മുറിച്ച് കടത്തിയതെന്ന് സംഭവ സ്ഥലം പരിശോധിച്ചാൽ മനസിലാകും. ഇത്തവണ മോഷണം പോയത് കോളേജിലെ സിവിൽ ഡിപ്പാർട്ട്മെന്റിന് സമീപത്തെ പുതിയ കെട്ടിടം പണി നടക്കുന്ന സ്ഥലത്തു നിന്ന് കോളേജ് കാന്റിൻ ഭാഗത്തും പമ്പ് ഹൗസിന് സമീപത്തും നിന്ന മരങ്ങളാണ്. മുറിച്ചുകടത്തിയ ചന്ദനമരത്തിന്റെ ചുവടുഭാഗങ്ങൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്നലെ പരിശോധിച്ചു. സംഭവം പൊലീസിലെ മറ്റെതെങ്കിലും ഏജൻസികളെ കൊണ്ട് അന്വേഷിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |