മലപ്പുറം: തെരുവുനായ ശല്യം രൂക്ഷമായതിന് പിന്നാലെ വന്ധ്യംകരണത്തിനായി തുടങ്ങിയ എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതി ജില്ലയിൽ വീണ്ടും നിലച്ചു. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ കുടുംബശ്രീ മിഷനെ ചുമതലപ്പെടുത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലെ ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ അലംഭാവത്തിൽ പദ്ധതി മുന്നോട്ടുപോയില്ല. 2019 മേയിൽ കുടുംബശ്രീയെ ഏൽപ്പിക്കാൻ തീരുമാനിച്ചെങ്കിലും സെപ്തംബറിലാണ് ഇതു സംബന്ധിച്ച ഉത്തരവുണ്ടായത്. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ നിന്ന് 57 ലക്ഷം രൂപ പദ്ധതിക്കായി മാറ്റിവച്ചു.
നേരത്തെ സ്വകാര്യ ഏജൻസി പദ്ധതി ഏറ്റെടുത്ത കാലയളവിൽ ചുങ്കത്തറ കേന്ദ്രീകരിച്ചാണ് വന്ധ്യംകരണ പ്രവൃത്തികൾ ചെയ്തിരുന്നത്. ഇതിനാവശ്യമായ സൗകര്യങ്ങൾ ജില്ലാ മൃഗസംരക്ഷണ വകുപ്പ് നൽകിയിരുന്നു. പിന്നീട് പൊന്നാനിയിലെ കുടുംബശ്രീ യൂണിറ്റിന് നായകളെ പിടികൂടാനുള്ള പരിശീലനം നൽകി. മലപ്പുറം എം.എസ്.പി പരിസരം, സിവിൽ സ്‌റ്റേഷൻ, കോട്ടക്കുന്ന് എന്നിവിടങ്ങളിൽ നിന്നായി എട്ട് നായകളെ പിടികൂടി. ഇടുക്കിയിൽ എ.ബി.സി പദ്ധതിയുടെ ചുമതലയുള്ള കുടുംബശ്രീ യൂണിറ്റിന്റെ മൊബൈൽ സംവിധാനം ഉപയോഗിച്ചാണ് നായകളെ പിടികൂടിയത്. ഒരു നായയെ പ്രായമായില്ലെന്ന കാരണത്താൽ വിട്ടയച്ചു.
ഒന്നും നടന്നില്ല
ചുങ്കത്തറയിലേക്ക് വന്ധ്യംകരണത്തിനായി നായകളെ കൊണ്ടുപോയതോടെ എതിർപ്പുമായി നാട്ടുകാർ രംഗത്തെത്തി. മാലിന്യങ്ങൾ പരിസരത്ത് ഉപേക്ഷിക്കുന്നെന്നായിരുന്നു പരാതി. തുടർന്ന് നായകളെ തിരിച്ച് കുടുംബശ്രീ മിഷനിലേക്ക് എത്തിച്ചു. ഇക്കാര്യം മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. തിരൂർ, മഞ്ചേരി, ചുങ്കത്തറ എന്നിവിടങ്ങളിൽ വന്ധ്യംകരണത്തിനുള്ള സംവിധാനങ്ങൾ ഒരുക്കാമെന്നായിരുന്നു വാഗ്ദാനം. ഒന്നരദിവസം കുടുംബശ്രീ തന്നെ നായകളെ പാർപ്പിച്ചു. തൃശൂർ ചാവക്കാട്ടെ എ.ബി.സി യൂണിറ്റിലെ ഡോക്ടറെയായിരുന്നു മലപ്പുറത്തേക്കും നിയോഗിച്ചിരുന്നത്. ചാവക്കാട് എത്തിച്ചാൽ വന്ധ്യംകരിക്കാമെന്ന വാഗ്ദാനത്തെ തുടർന്ന് പിടികൂടിയ നായകളെ ഇവിടെ എത്തിക്കുകയായിരുന്നു. വന്ധ്യംകരിച്ച് മുറിവ് ഉണങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം കുടുംബശ്രീ വാഹനത്തിൽ നായകളെ തിരിച്ചുകൊണ്ടുവന്ന് പിടികൂടിയ സ്ഥലത്ത് തന്നെ വിട്ടയച്ചു. ആദ്യശ്രമത്തിൽ തന്നെ പുലിവാല് പിടിച്ചതോടെ നായകളെ പിടികൂടുന്നത് കുടുംബശ്രീ അവസാനിപ്പിച്ചു. ഏഴ് നായകളെ പിടികൂടിയതിനുള്ള തുക ഇതുവരെ ലഭിച്ചിട്ടില്ല.
വന്ധ്യംകരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിത്തരണമെന്ന് ആവശ്യപ്പെട്ട് ജില്ലാ മൃഗസംരക്ഷണ വകുപ്പിന് കത്ത് നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ല. ഒരുവർഷത്തേക്കായിരുന്നു കുടുംബശ്രീയെ പദ്ധതി ഏൽപ്പിച്ചിരുന്നത്. പുതുക്കിക്കൊണ്ടുള്ള യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല.
ഹോമലത, ജില്ലാ കുടുംബശ്രീ മിഷൻ കോർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |