തിരൂരങ്ങാടി: പി.വി.സി പൈപ്പുകൾ നിമിഷനേരം കൊണ്ട് മനോഹരമായ വീട്ടുപകരണങ്ങളാക്കി മാറ്റുകയാണ് ചെറുമുക്ക് വെസ്റ്റിലെ തലാപ്പിൽ ഇല്യാസ്. ഇല്യാസിന്റെ അക്വേറിയത്തോടെയുള്ള ടീപ്പോയ് ഇതിനകം ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
മൂന്നടി നീളവും രണ്ടടി വീതിയുമുള്ള ടീപ്പോയ്ക്ക് രണ്ടടി ഉയരവുമുണ്ട്. കെട്ടിടങ്ങൾക്ക് സ്ഥാപിക്കുന്ന പി.വി.സി പാത്തി ചതുരത്തിൽ ഘടിപ്പിക്കുകയും പി.വി.സി പൈപ്പുകൾ കാലുകളാക്കി മാറ്റിയുമാണ് അക്വേറിയത്തോടെയുള്ള ടീപ്പോയ് നിർമ്മിക്കുന്നത്. കൂടുതൽ ബലത്തിന് ടീപ്പോയുടെ കാലുകൾ തമ്മിൽ പരസ്പരം ബന്ധിച്ചിട്ടുണ്ട്. വെള്ളത്തിന്റെ ചോർച്ച തടയാനും പൈപ്പുകൾ വേർപ്പെടാതിരിക്കാനും പശ ചേർത്ത് ഒട്ടിക്കും. പാത്തിയിൽ വെള്ളം നിറച്ച് മത്സ്യങ്ങൾ നിക്ഷേപിക്കുകയും മുകളിൽ എട്ട് എം.എം ഗ്ളാസ്സ് കൂടി സ്ഥാപിക്കുകയും ചെയ്തതോടെ മനോഹരമായ ടീപ്പോയ് റെഡി. ഇത്തരമൊന്ന് നിർമ്മിക്കാൻ മുവായിരം രൂപയോളം ചെലവാകും. സോഷ്യൽ മീഡിയയിൽ ഇതുകണ്ട് നിരവധി ഓർഡറുകളാണ് എത്തുന്നത്. കൊടിഞ്ഞി ചെറുപ്പാറയിൽ ഹാർഡ്വെയർ ഷോപ്പ് നടത്തി വരികയാണ് ഇല്യാസ്. ലോക്ക് ഡൗൺ സമയത്ത് വന്ന ആശയമാണ് തന്റെ നിർമ്മിതിക്കു പിന്നിലെന്ന് ഇല്യാസ് പറഞ്ഞു. സഹോദരിയുടെ മകൾ ഒമ്പതു വയസുകാരി നസ്വയാണ് സഹായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |