ബംഗളൂരു: കർണാടകയിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 32 വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. സർക്കാർ പുറത്തു വിട്ട കണക്കുകൾ പ്രകാരം ഇതിൽ 14 പേർക്കും ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. 80 വിദ്യാർത്ഥികൾ വീടുകളിൽ നിരീക്ഷണത്തിലാണ്. ഏഴരലക്ഷത്തോളം വിദ്യാർത്ഥികളാണ് കർണാടകയിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. കഴിഞ്ഞയാഴ്ച ഹാസനിലാണ് ആദ്യമായി എസ്.എസ്.എൽ.സി പരീക്ഷ എഴുതിയിരുന്ന കുട്ടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. പിന്നാലെ ഈ കുട്ടിയുമായി സമ്പർക്കമുണ്ടായ വിദ്യാർത്ഥികൾക്കും രോഗബാധ പകരുകയായിരുന്നു.
കർണാടകയിലെ കണ്ടെയിൻമെന്റ് സോണുകളിൽ നിന്ന് മാത്രം 3911 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. പരീക്ഷയ്ക്ക് മുമ്പ് വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിച്ച ശേഷമാണ് കുട്ടികളെയെല്ലാം ക്ലാസ് മുറികളിൽ പ്രവേശിപ്പിച്ചത്. എന്നിട്ടും രോഗം സ്ഥിരീകരിച്ചത് ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കർണാടകയിൽ ആയിരത്തിലധികം കേസുകളാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം 1600ലധികം പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ബംഗളൂരു നഗരത്തിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |