തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് വിഭാഗം രാഷ്ട്രീയനിലപാട് പ്രഖ്യാപിക്കുന്നതുവരെ കാത്തിരിക്കാൻ സി.പി.എം നേതൃത്വത്തിൽ ധാരണ. തത്കാലം ഒറ്റയ്ക്ക് നിൽക്കുമെന്ന് അവർ പ്രഖ്യാപിച്ച സ്ഥിതിക്ക് അങ്ങോട്ട് അഭിപ്രായം പറയേണ്ടതില്ലെന്നാണ് കോടിയേരി രണ്ട് ദിവസം മുമ്പ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചയിൽ സൂചിപ്പിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് നിലപാട് പ്രഖ്യാപിച്ചാലും തത്കാലം മുന്നണിക്ക് പുറത്ത് സഹകരിപ്പിക്കാനേ സാദ്ധ്യതയുള്ളൂ. സി.പി.ഐ അതിനപ്പുറത്തൊരു നീക്കുപോക്കിന് വഴങ്ങാനിടയില്ല.
ഈ മാസം എട്ടിന് പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റിയിൽ ജോസ് രാഷ്ട്രീയനിലപാട് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയുണ്ട്. അതിലും യു.ഡി.എഫുമായി അങ്ങോട്ട് പോയി ബന്ധത്തിനില്ലെന്ന തീരുമാനമാകും എടുക്കുക. ജനാധിപത്യ കേരള കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണനെ കണ്ടപ്പോൾ വിഷയം ചർച്ചയായി. ജോസ് വിഭാഗം വരുന്നതിനോട് അവർക്ക് വിയോജിപ്പില്ല. ജോസിന്റെ തീരുമാനം വന്നുകഴിഞ്ഞാൽ സി.പി.എം- സി.പി.ഐ ഉഭയകക്ഷി ചർച്ചയിൽ വിഷയം ഉയർന്നുവരും.
പ്രശ്നപരിഹാരത്തിന് മുൻകൈയെടുക്കണമെന്ന ഡോ.എം.കെ. മുനീറിന്റെ നിർദ്ദേശം ജോസ് നിരാകരിച്ചിരുന്നു. എന്നാൽ, യു.ഡി.എഫിനെ തള്ളിപ്പറയാൻ ജോസ് വിഭാഗത്തിലെ ജനപ്രതിനിധികളിൽ ചിലരെങ്കിലും തയാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ജോസ് പോയതിലെ ക്ഷീണം തീർക്കാൻ പി.സി. ജോർജിനെ ജോസഫ് വിഭാഗത്തിൽ ലയിപ്പിച്ച് മുന്നണിയിലെത്തിക്കാനുള്ള നീക്കം യു.ഡി.എഫ് സജീവമാക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |