തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് കെ.എസ്.ആർ.ടി.സി യൂണിറ്റിലെ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്ററായ കുറ്റിച്ചൽ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ ഒരു ബന്ധു വിദേശത്ത് നിന്ന് വന്നിരുന്നു. അവരുടെ അടുത്തേക്ക് പോയില്ലെങ്കിലും അവർ കൊണ്ടുവന്ന പെട്ടികൾ ഇയാൾ ചുമന്നുവെന്നാണ് വിവരം.
ഇദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ട മുഴുവൻ ജീവനക്കാരോടും ആരോഗ്യവകുപ്പുമായി ബന്ധപ്പെടാനും തുടർനടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവീസുകൾ ഉണ്ടായിരിക്കുന്നതല്ല. ഇന്ന് സർവീസ് നടത്തിയ മുഴുവൻ ബസുകളും ഡിപ്പോയിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ട്.
ഡിപ്പോയും ബസുകളും അണുനശീകരണം നടത്തുവാനുള്ള സജ്ജീകരണം ഏർപ്പെടുത്തി കഴിഞ്ഞു. ആര്യനാട് ഡിപ്പോയിൽ നിന്നും നടത്തിവന്നിരുന്ന പ്രധാന സർവീസുകൾ താത്ക്കാലികമായി തൊട്ടടുത്ത നെടുമങ്ങാട്, കാട്ടാക്കട എന്നീ ഡിപ്പോകളിൽ നിന്നും നടത്തുന്നതാണ്. വെള്ളനാട് ഡിപ്പോ തീവ്രബാധിത മേഖല ആയതിനാൽ അവിടെനിന്നും സർവീസുകൾ നടത്താൻ സാധിക്കില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |