ആലപ്പുഴ: ആഘോഷങ്ങളുടെയും ആൾക്കൂട്ടത്തിന്റെയും കൊഴുപ്പില്ലാതെ കെ.ആർ.ഗൗരിഅമ്മയുടെ 102-ാം പിറന്നാൾ ഇന്നലെ കടന്നുപോയി. ചാത്തനാട്ടെ കളത്തിപ്പറമ്പിൽ വീടിനു മുന്നിൽ ജെ.എസ്.എസ് പ്രവർത്തകർ നടത്തിയ മധുരവിതരണത്തിലൊതുങ്ങി ആഘോഷം. കസവ് മുണ്ടും നേര്യതും ധരിച്ച്, ചന്ദനക്കുറിയണിഞ്ഞ് രാവിലെ ഗൗരിഅമ്മ ഉഷാറായെങ്കിലും വീടിനു പുറത്തേക്കിറങ്ങിയില്ല.
7.30 ന് മുഖ്യമന്ത്രിയുടെ പിറന്നാൾ ആശംസ അറിയിക്കാൻ ജില്ലാ കളക്ടർ എ.അലക്സാണ്ടർ എത്തി. സ്വീകരണ മുറിയിൽ എത്തിയ കളക്ടറുമായി ചെറിയ കുശലം പറച്ചിൽ. തൊട്ടു പിന്നാലെ ആലപ്പുഴ എം.പി എ.എം. ആരിഫ് എത്തി. ഷാൾ അണിയിച്ച് കാൽ തൊട്ടു വണങ്ങി ആശംസ നേർന്നു. ഗൗരിഅമ്മയ്ക്കായി പ്രത്യേകം മാസ്കുമായാണ് ആരിഫ് എത്തിയത്.
10 മണിയായപ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഫോണിൽ വിളിച്ച് പിറന്നാൾ ആശംസ നേർന്നു. 'എവിടാടോ തന്റെ മുഖ്യമന്ത്രി?' ഗൗരിഅമ്മയുടെ ചോദ്യം. 11.30 ആയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ വിളിയെത്തി. കുറെ സമയം ഇരുവരും സംസാരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മിസോറം ഗവർണറും ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റുമായ പി.എസ്. ശ്രീധരൻപിള്ള തുടങ്ങിയവരും പിറന്നാൾ ആശംസകൾ നേർന്നു.
ഇതിനിടെ വീടിനു പുറത്ത് പാർട്ടി പ്രവർത്തകരും പഴയകാല പാർട്ടിക്കാരും എത്തിക്കൊണ്ടിരുന്നു.12 മണിയോടെ കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠത്തിലെ സ്വാമി ശിവബോധനാനന്ദ എത്തി. ഈ സമയത്ത് സഹായികൾക്കൊപ്പം ഗൗരിഅമ്മ മുറ്റത്തേക്ക് വന്നു. പുറത്തു നിന്നവരെ നോക്കി ചിരിച്ച് കൈവീശി. നിമിഷങ്ങൾക്കുള്ളിൽ വീടിനുള്ളിലേക്ക്.
ചേച്ചിയുടെ മകൾ ഇൻഡസ്, പാർട്ടി സഖാവ് ദേവി ദേവരാജൻ, ഡ്രൈവർ ജോസ്, ഡ്യൂട്ടിക്കെത്തിയ പൊലീസുകാരായ ജോൺ, ബ്രില്യന്റ് എന്നിവർക്കൊപ്പമായിരുന്നു ഉച്ചയൂണ്.
തിങ്കളാഴ്ച വൈകിട്ട് ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ പിറന്നാൾ ആശംസ അറിയിച്ച് വിളിച്ചിരുന്നു. ഇംഗ്ളീഷിൽ ഇരുവരും കുറെനേരം സംസാരിച്ചു. ഗവർണർ രാജ് ഭവനിലേക്ക് ക്ഷണിച്ചെങ്കിലും ആരോഗ്യ പ്രശ്നം ഗൗരിഅമ്മ ചൂണ്ടിക്കാട്ടി. എം.എ.ബേബി, മന്ത്രിമാരായ ജി.സുധാകരൻ, എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കോൺഗ്രസ് നേതാക്കളായ, വയലാർ രവി, വി.എം.സുധീരൻ എന്നിവരും പിറന്നാൾ ആശംസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |