തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ സർക്കാരിനെ വിമർശിച്ച് സി പി ഐ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്റോറിയൽ.സ്വർണക്കടത്ത്; സമഗ്ര അന്വേഷണത്തിലൂടെ വസ്തുതകൾ പുറത്തു വരണം എന്ന തലക്കെട്ടിലുളള മുഖപ്രസംഗത്തിൽ സർക്കാരിനെതിരെ പരോക്ഷ വിമർശനമാണ് ഉയർത്തുന്നത്.
കളളക്കടത്തുകേസിലെ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ സ്ഥാനങ്ങളിൽ നിന്ന് മാറ്റി. എന്നാൽ ഇത്തരം ആരോപണങ്ങൾ പോലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്തുനടന്ന ചില കുറ്റങ്ങളുമായി ഇപ്പോഴത്തെ സംഭവത്തെ താരതമ്യം ചെയ്യാനുളള ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനുളള ആദ്യ മറുപടിയാണ് ശിവശങ്കറിനെ സ്ഥാനത്തുനിന്ന് മാറ്റിയതും സ്വപ്നസുരേഷിനെ പുറത്താക്കിയതും.
സ്വർണ കടത്തുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെടേണ്ടതുണ്ട്.അതിനായി സമഗ്രമായ അന്വേഷണം നടത്തി വസ്തുതകൾ സത്യസന്ധമായി പുറത്തു കൊണ്ടുവരാനുള്ള നടപടികളുണ്ടാവണം.ഏത് അന്വേഷണത്തെയും സംസ്ഥാന സർക്കാർ സ്വാഗതം ചെയ്തിട്ടുണ്ട്. ഈ തട്ടിപ്പിന്റെ എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരിക തന്നെ വേണം. കുറ്റാരോപിതർക്കുള്ള ബന്ധങ്ങളും അതിന് ലഭിച്ച സഹായങ്ങളും കണ്ടെത്തണം. അതിൽ ഏത് ഉന്നതർക്ക് പങ്കുണ്ടെങ്കിലും പുറത്തുകൊണ്ടുവരികയും അർഹമായ ശിക്ഷ ലഭ്യമാക്കുകയും വേണം- മുഖപ്രസംഗം പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |