ന്യൂഡൽഹി: ഡൽഹി എയിംസിൽ ട്രോമ കെയർ സെന്ററിൽ കൊവിഡ് ബാധിച്ച് മരിച്ച യുവതികളുടെ മൃതദേഹം പരസ്പരം മാറി ബന്ധുക്കൾക്ക് നൽകി. മുസ്ലിം വിഭാഗത്തിൽ പെട്ട യുവതിയുടെ മൃതദേഹം ഹിന്ദു കുടുംബത്തിന് അവരുടെ മകളുടേതാണെന്ന പേരിൽ നൽകുകയും അവർ അത് ദഹിപ്പിക്കുകയും ചെയ്തു. മുസ്ലിം വിഭാഗത്തിൽ പെട്ട നസ്‌റീൻ (യഥാർഥ ത്ഥപേരല്ല) എന്ന യുവതിയുടെ ബന്ധുക്കൾക്ക് ലഭിച്ച മൃതദേഹം അന്ത്യകർമങ്ങൾക്കായി കൊണ്ടു പോകവേ മക്കൾക്ക് അമ്മയുടെ മുഖം കാണണമെന്ന് പറഞ്ഞപ്പോൾ തുറന്നു നോക്കിയപ്പോഴാണ് മാറിപ്പോയ വിവരം അറിയുന്നത്.
ചൊവ്വാഴ്ച രാവിലെയാണ് നസ്‌റീൻ മരിച്ചതായി ബന്ധുക്കൾക്ക് ആശുപത്രിയിൽ നിന്ന് അറിയിപ്പു ലഭിക്കുന്നത്. സഹോദരിയുടെ മുഖം കാണണമെന്ന് നസ്‌റീന്റെ സഹോദരൻ ആവശ്യപ്പെട്ടെങ്കിലും കബറടക്കുന്ന സ്ഥലത്ത് വച്ചല്ലാതെ മൂടിപ്പൊതിഞ്ഞ മൃതദേഹം തുറക്കാനാകില്ലെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ഉച്ചയോടെ പ്ലാസ്റ്റിക്കിൽ മൂടിപ്പൊതിഞ്ഞ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. കബറടക്കുന്നതിന് മുമ്പായി അമ്മയുടെ മുഖം കാണണമെന്ന് നസ്‌റീന്റെ കുട്ടികളും ആവശ്യപ്പെട്ടു. എന്നാൽ, ഡൽഹി ഗേറ്റിലെ ശ്മശാനത്തിലെ അധികൃതർക്ക് 500 രൂപ നൽകിയാൽ മാത്രമേ മുഖം കാണിക്കൂ എന്നാണ് ബന്ധുക്കളോട് പറഞ്ഞത്.
ഒടുവിൽ 500 രൂപ നൽകാൻ തയാറായതോടെ മൃതദേഹത്തെ മൂടിപ്പൊതിഞ്ഞിരുന്ന പ്ലാസ്റ്റിക് അഴിച്ചു മാറ്റി. അപ്പോഴാണ് അത് നസ്‌റീന്റെ മൃതദേഹം അല്ലെന്നു തിരിച്ചറിയുന്നത്.
ആരതി (യഥാർത്ഥ പേരല്ല) എന്ന യുവതിയുടേതായിരുന്നു മൃതദേഹം. അബദ്ധം പറ്റിയതാണെന്നും ഒരു മണിക്കൂറിനുള്ളിൽ യഥാർത്ഥ മൃതദേഹം എത്തിക്കാമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ മണിക്കൂറുകൾ കാത്തു നിന്നിട്ടും ഫലമുണ്ടായില്ല. അപ്പോഴേക്കും ആരതിയുടെ കുടുംബം മൃതദേഹം ദഹിപ്പിച്ചിരുന്നു. പഞ്ചാബി ബാഗ് ശ്മശാനത്തിലാണ് ചടങ്ങുകൾ നടന്നത്. എന്നാൽ, അന്ത്യകർമങ്ങൾ നടത്തി ദഹിപ്പിച്ചത് തങ്ങളുടെ മകളുടെ മൃതദേഹം അല്ലെന്ന് വ്യക്തമായതോടെ അവരും അങ്കലാപ്പിലായി.സംഭവുമായി ബന്ധപ്പെട്ട് ഒരു മോർച്ചറി ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. മറ്റൊരാളെ പുറത്താക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |