തിരുവനന്തപുരം: സ്വർണക്കളളക്കടത്തിനെക്കുറിച്ചുളള അന്വേഷണം ഏജന്റുമാരിൽ മാത്രം പോരെന്നും ആർക്കുവേണ്ടിയാണ് കളളക്കടത്ത് നടത്തിയത് എന്നതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇങ്ങനെ ആവശ്യപ്പെട്ടത്.
സ്വർണ കളളക്കടത്തിലെ കാരിയർമാരെയും ഏജന്റുമാരെയും കുറിച്ചാണ് ചർച്ചകളത്രയും. ഇവരെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതാണ്.എന്നാൽ സ്വർണം കൊടുത്തയയ്ക്കുന്നത് ആര്? ആർക്കുവേണ്ടിയാണ് സ്വർണം കൊണ്ടുവന്നത് എന്നതല്ലേ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ഇത് ആരും ഉന്നയിച്ചു കേട്ടില്ല എന്നും അദ്ദേഹം പറയുന്നുണ്ട്. ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന സ്വർണത്തിൽ നല്ലൊരു പങ്കും കളളപ്പണം വെളുപ്പിക്കാനോ അതല്ലെങ്കിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കുളള ഫണ്ടിംഗിനുവേണ്ടിയാണ് എന്നും അദ്ദേഹം പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സ്വർണ്ണം കള്ളക്കടത്തിലെ കാരിയർമാരെയും ഏജന്റുമാരെയും കുറിച്ചാണ് ചർച്ചകളത്രയും. ഇവരെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതാണ്. പക്ഷെ, സ്വർണ്ണ കൊടുത്തയയ്ക്കുന്നത് ആര്? ആർക്കുവേണ്ടി സ്വർണ്ണം കൊണ്ടുവരുന്നു?
ഇതല്ലേ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ഇത് ആരും ഉന്നയിച്ചു കേട്ടില്ല. മുമ്പുള്ള സ്വർണ്ണവേട്ടകളിലൊന്നിലും ഇതുപോലുള്ളവർക്ക് എന്തെങ്കിലും സംഭവിച്ചതായി അറിയില്ല. കഴിഞ്ഞൊരു പോസ്റ്റിൽ ഞാൻ പറഞ്ഞ 650 കോടി രൂപയുടെ സ്വർണ്ണ കള്ളക്കടത്തിൽ കസ്റ്റംസ് മേധാവി രാധാകൃഷ്ണന്റെ ജോലി പോയി. പക്ഷെ, അതിനുശേഷം നമ്മൾ ആരെങ്കിലും എന്തെങ്കിലും കേട്ടോ? ആർക്കു വേണ്ടിയിട്ടാണ് കേരളത്തിലേയ്ക്ക് ഇത്രയും സ്വർണ്ണം കൊണ്ടുവന്നതെന്ന് പരിശോധിച്ചോ?
ഇന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്ന സ്വർണ്ണത്തിൽ നല്ലപങ്കും കള്ളപ്പണം വെളുപ്പിക്കാൻ കൊണ്ടുവരുന്നതാണ്. അതല്ലെങ്കിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിംഗാണ്. മുമ്പ് ഇതിനുപുറമേ ഔദ്യോഗിക വിനിമയ നിരക്കും കമ്പോളത്തിലെ വിനിമയ നിരക്കും തമ്മിലുള്ള വ്യത്യാസത്തിൽ നിന്നും നേട്ടമുണ്ടാക്കാൻ സാധാരണ പ്രവാസി വരെ ഹവാല വഴിയും പണം അയക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പരിഷ്കാരങ്ങളുടെ ഭാഗമായി രൂപയുടെ മൂല്യം കുത്തനെയിടിഞ്ഞ് കമ്പോളനിരക്കും ഔദ്യോഗിക നിരക്കും തമ്മിൽ വലിയ വ്യത്യാസമില്ലാത്ത സ്ഥിതിയാണ്. ഇതോടെയാണ് സ്വർണ്ണ കള്ളക്കടത്തലിന്റെ മുഖ്യലക്ഷ്യം കള്ളപ്പണം വെളുപ്പിക്കലായി മാറിയത്.
വിദേശത്താണ് കള്ളപ്പണത്തിൽ നല്ലപങ്കും സൂക്ഷിക്കുന്നത്. ഇത് നിയമപരമായ മാർഗ്ഗങ്ങളിലൂടെ നാട്ടിലേയ്ക്ക് കൊണ്ടുവരാനാകില്ലല്ലോ. അവിടെയാണ് സ്വർണ്ണത്തിന്റെ റോൾ. വിദേശത്തു ഡോളർ നൽകിയാൽ ആ വിലയ്ക്കുള്ള സ്വർണ്ണം കള്ളക്കടത്തുകാർ നാട്ടിൽ എത്തിച്ചുതരും. കള്ളപ്പണക്കാർ നല്ല മാർജിൻ കൊടുക്കാൻ എപ്പോഴും തയ്യാറായിരിക്കുകയും ചെയ്യും. ഇറക്കുമതി തീരുവ സമീപകാലത്ത് വർദ്ധിപ്പിച്ചതോടെ ആഭരണശാലകൾ വലിയ തോതിൽ സ്വർണ്ണം കള്ളക്കടത്തായി കൊണ്ടുവരാനും തുടങ്ങിയിട്ടുണ്ട്.
അന്വേഷണം ഏജന്റുമാരെക്കുറിച്ചു മാത്രം പോരാ. ആർക്കുവേണ്ടിയിട്ടാണ് സ്വർണ്ണം കള്ളക്കടത്ത് നടത്തിയത് എന്നതിനെക്കുറിച്ചുള്ള അന്വേഷണവും നിർണ്ണായകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |