പുതിയ കാർ വാങ്ങാൻ തയ്യാറെടുക്കുമ്പോൾ പലരും ചിന്തിക്കുന്നത് വിലയെ കുറിച്ചായിരിക്കും. പിന്നെ, സ്‌റ്റൈൽ, ബ്രാൻഡ്, സൗകര്യം, മൈലേജ് എന്നിവയും. മിക്കവരും മറക്കുന്ന, എന്നാൽ ഏറ്രവുമധികം ശ്രദ്ധിക്കേണ്ടുന്ന ഒന്നാണ് സുരക്ഷ. വാങ്ങാനുദ്ദേശിക്കുന്ന കാർ, എത്രത്തോളം സുരക്ഷിതമാണ്? ഈ ചോദ്യവും മനസിലുണ്ടാവണം.
വാഹനങ്ങളുടെ സുരക്ഷാ പരീക്ഷണം നടത്തി, റേറ്റിംഗ് നൽകുന്ന പദ്ധതിയാണ് ഗ്ളോബൽ എൻ.സി.എ.പി അഥവാ ന്യൂ കാർ അസെസ്‌മെന്റ് പ്രോഗ്രാം. ആഗോളതലത്തിൽ പുറത്തിറങ്ങുന്ന പുതിയ കാറുകളെ സുരക്ഷാ പരിശോധന നടത്തി ഗ്ളോബൽ എൻ.സി.പി സ്‌റ്രാർ റേറ്റിംഗ് നൽകുകയാണ് ചെയ്യുന്നത്. ഏറെക്കാലം മുമ്പുവരെ ഇന്ത്യൻ നിരത്തിൽ ഓടിയിരുന്ന മിക്ക കാറുകളും ഗ്ളോബൽ എൻ.സി.എ.പിയുടെ ക്രാഷ് ടെസ്‌റ്റിൽ പങ്കെടുത്തിരുന്ന് പോലുമില്ല.
മാത്രമല്ല, ഇന്ത്യയിലെ മിക്ക കാറുകൾക്കും റേറ്റിംഗിൽ ഒറ്റ സ്‌റ്റാർ പോലും കിട്ടിയിരുന്നുമില്ല. ഇപ്പോൾ, സ്ഥിതി മാറി. ആഗോളതലത്തിൽ തന്നെ കിടപിടിക്കുന്ന സുരക്ഷാ മികവുകൾ ഇന്ത്യയിലെ കാറുകൾക്കും സ്വന്തം. മറ്റൊരു പ്രത്യേകത കൂടി അടുത്തിടെ നടന്ന ടെസ്‌റ്റിലുണ്ടായി. വിദേശ ബ്രാൻഡുകളേക്കാൾ ക്രാഷ് ടെസ്‌റ്റിൽ മുന്നിട്ടു നിന്നത് ഇന്ത്യയുടെ സ്വന്തം ബ്രാൻഡുകളാണ്.
തുടക്കം
അമേരിക്കയിൽ
1978ൽ അമേരിക്കയാണ് വാഹനങ്ങളുടെ സുരക്ഷാ ടെസ്‌റ്റിനായി എൻ.സി.എ.പിക്ക് തുടക്കമിട്ടത്. പിന്നീട്, ഓസ്‌ട്രേലിയ, ചൈന, ജപ്പാൻ, യൂറോപ്പ്, ആസിയാൻ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലും ഇതു വന്നു. തുടർന്നാണ്, 2011ൽ ബ്രിട്ടനിൽ രജിസ്‌റ്റർ ചെയ്‌ത് ഗ്ളോബൽ എൻ.സി.എ.പി ആരംഭിച്ചത്.
2014ലെ ഇന്ത്യ
ഗ്ളോബൽ എൻ.സി.എ.പിയിൽ പങ്കെടുക്കാനുള്ള യോഗ്യത പോലും ഇന്ത്യൻ ബ്രാൻഡ് കാറുകൾക്ക് 2014ൽ ഉണ്ടായിരുന്നില്ല. ഇത് ഏറെ ചർച്ചകൾക്ക് വഴിവച്ചു. തുടർന്നാണ്, വാഹനത്തിന്റെ നിർമ്മാണവേളയിൽ സുരക്ഷയ്ക്കും മുൻതൂക്കം നൽകാൻ കമ്പനികൾ ശ്രദ്ധിച്ചത്.
ഇന്ത്യയുടെ പദ്ധതി
പുതുതായി വിപണിയിലെത്തുന്ന എല്ലാ കാറുകൾക്കും ഡ്യുവൽ എയർബാഗ്, ഇ.ബി.ഡിയോട് കൂടിയ എ.ബി.എസ് തുടങ്ങിയവ നിർബന്ധമാക്കുന്ന കേന്ദ്ര ചട്ടമാണ് ഭാരത് ന്യൂ വെഹിക്കിൾ സേഫ്‌റ്റി അസെസ്‌മെന്റ് പ്രോഗ്രാം അഥവാ ബി.എൻ.വി.എസ്.എ.പി. ഈ പദ്ധതി വന്നതോടെ, ഇന്ത്യൻ വാഹനങ്ങളുടെ സുരക്ഷാ ഫീച്ചറുകളിൽ ഉണ്ടായത് വൻ മാറ്റങ്ങളാണ്.
ഇന്ത്യയുടെ താരങ്ങൾ
മൂന്നു കാറുകൾക്കാണ് ഇന്ത്യയിൽ ഗ്ളോബൽ എൻ.സി.എ.പിയുടെ 5 സ്‌റ്രാർ റേറ്റിംഗ് ലഭിച്ചത്; മൂന്നും ഇന്ത്യൻ ബ്രാൻഡുകൾ. മൂന്നിൽ രണ്ടും ടാറ്റയുടെ താരങ്ങൾ.
കാറുകളും സ്‌റ്റാർ റേറ്റിംഗും:
പരീക്ഷ എങ്ങനെ?
മണിക്കൂറിൽ 64 കിലോമീറ്റർ വേഗത്തിൽ ശക്തമായ മതിലിലേക്ക് വാഹനം ഇടിപ്പിച്ചാണ് ക്രാഷ് ടെസ്‌റ്ര് നടത്തുന്നത്. എയർബാഗ്, എ.ബി.എസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുള്ള കാറുകൾക്കേ ടെസ്‌റ്റിൽ പങ്കെടുക്കാനാകൂ. നിർമ്മാണ പ്ളാന്റിൽ നിന്ന് നേരിട്ടായിരിക്കും ക്രാഷ് ടെസ്‌റ്രിനായി വാഹനം കൊണ്ടുപോകുക. സുരക്ഷാ ഫീച്ചറുകളുടെ എണ്ണം കൂടുന്ന മുറയ്ക്കാണ് 5 സ്‌റ്റാർ ടെസ്‌റ്രിന് പങ്കെടുക്കാനാവുക. ഫീച്ചറുകളുടെ എണ്ണം കുറവെങ്കിൽ അതിനനുസൃതമായ സ്‌റ്റാർ റേറ്റിംഗ് ടെസ്‌റ്രിലേ പങ്കെടുക്കാനാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |