
ന്യൂഡൽഹി; ട്രെയിൻ യാത്രക്കാർ എപ്പോഴും പരാതിപ്പെടുന്നത് എ.സി കോച്ചുകളിൽ നൽകുന്ന വെള്ളകമ്പിളി പുതപ്പുകളെ കുറിച്ചാണ്. യാത്രക്കാർക്ക് എ,സി കോച്ചുകളിൽ നൽകുന്ന വെള്ളപ്പുതപ്പുകൾക്ക് വൃത്തിയില്ല എന്നാണ് വർഷങ്ങളായി ഇവർ പരാതിപ്പെടുന്നത്. ഇപ്പോഴിതാ യാത്രക്കാരുടെ പരാതിക്ക് പരിഹാരം കണ്ടെത്താൻ ഒരുങ്ങുകയാണ് റെയിൽവേ . വെള്ള കമ്പിളി പുതപ്പുകൾക്ക് പകരം സാൻഗനേരി പ്രിന്റഡ് ബ്ലാങ്കറ്റ് കവറുകൾ നൽകുന്ന പദ്ധതിക്ക് ജയ്പൂരിൽ തുടക്കമായി. ജയ്പൂർ - അസർവ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലാണ് പദ്ധതി ആരംഭിച്ചത്.
ജയ്പൂരിലെ ഖാതിപുരെ റെയിൽവേ സ്റ്റേഷനിലായിരുന്നു കഴിഞ്ഞ ദിവസം പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. കഴുകാൻ സാധിക്കുന്ന പുതിയ പ്രിന്റഡ് ബ്ലാങ്കറ്റ് കവറുകളുടെ വരവോടെ വെള്ളപുതപ്പുകൾ മാറ്റണമെന്ന യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യമാണ് പരിഹരിക്കപ്പെട്ടിരിക്കുന്നത്. എ.സി കോച്ചുകളിലെ യാത്രികർക്ക് നൽകുന്ന പുതപ്പുകൾ പലപ്പോഴും വൃത്തിയില്ലാത്തവയാണെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. പരാതികൾ വർദ്ധിച്ചതോടെയാണ് നടപടിക്ക് റെയിൽവേ തീരുമാനിച്ചത്.
ദീർഘകാലം ഉപയോഗിക്കാനുന്ന എളുപ്പം കഴുകി ഉണക്കാനുന്ന പുതപ്പുകളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. പൈലറ്റ് പദ്ധതിയായാണ് ജയ്പൂർ അസർവ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ പ്രിന്റഡ് ബ്ലാങ്കറ്റ് കവറുകൾ അവതരിപ്പിച്ചിരിക്കുന്നത് വിജയമെന്ന് കണ്ടാൽ പദ്ധതി കൂടുതൽ ട്രെയിനുകളിലേക്ക് വ്യാപിപ്പിക്കും. ഓരോ സംസ്ഥാനങ്ങളിലും അതത് സംസ്ഥാനത്തെ കൈത്തറി ഉത്പന്നങ്ങൾ ഉപയോഗിക്കാനാണ് പദ്ധതി.
ഇന്ത്യയിലെ ട്രെയിനുകളിൽ എ.സി കോച്ചുകളിൽ രാത്രി യാത്ര ചെയ്യുന്നവർക്കാണ് പുതപ്പ് നൽകാറുള്ളത്. ഒരു കമ്പിളി പുതപ്പും രണ്ട് പുതപ്പുകളും ഒരു തലയിണയുമാണ് ഒരു കിറ്റായി നൽകുക. ഫസ്റ്റ് എസി, സെക്കൻഡ് എസി യാത്രികർക്ക് ഒരു സെറ്റ് ലഭിക്കും. ദീർഘദൂര യാത്രകളിൽ തേഡ് എസി യാത്രികർക്കും ഇത് ലഭിക്കും. അതേസമയം പകൽ മാത്രം നീളുന്ന യാത്രകൾക്കും ഹ്രസ്വദൂര യാത്രകൾക്കും പുതപ്പ് കിറ്റ് ലഭിക്കുകയില്ല. എക്സിക്യൂട്ടീവ്, ചെയർ കാർ ക്ലാസുകളിലെ യാത്രികർക്കും പുതപ്പ് ലഭിക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |