അഭിനയ ജീവിതത്തിലേക്ക്തിരിച്ചു വരുന്നരശ്മി സോമന്റെ വിശേഷങ്ങൾ
രശ്മി സോമന് ഇഷ്ടമാണ് നൂറുവട്ടം അഭിനയം. പിന്നേ അഭിനയത്തോട് അനുരാഗം. ഇതു രണ്ടും ചേരുന്നതാണ് രശ് മി സോമൻ എന്ന താരം. വിവാഹം കഴിഞ്ഞു നാലുവർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും അഭിനയരംഗത്തേക്ക് വരവ്. 'അനുരാഗം"സീരിയലിൽ അഡ്വ. ഹേമാംബിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് വരവ്. രശ്മി ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമാണ് അഡ്വ. ഹേമാംബിക.രാജാ നാരായണൻ സംവിധാനം ചെയ്യുന്ന അനുരാഗം നിർമ്മിക്കുന്നത് കൃഷ്ണകുമാർ നായനാർ.പുഞ്ചിരി തൂവി രശ്മി സോമൻ സംസാരിക്കാൻ തുടങ്ങി.
അഭിനയ രംഗത്തേക്ക് വീണ്ടും
മടങ്ങി വരണമെന്ന് എത്ര
പ്രാവശ്യം ആഗ്രഹിച്ചു?
ഒരു പ്രാവശ്യം ഇവിടേക്ക് വന്നവർ പിന്നെ തിരികെ പോവില്ല. പോയാലും മടങ്ങി വരും. അതു അഭിനയം മാത്രമല്ല, ഈ മേഖലയിൽ മറ്റു ജോലി ചെയ്യുന്നവരും അധികനാൾ മാറിനിൽക്കില്ല. വിവാഹശേഷം ദുബായ് ജീവിതം. ഞാൻ വീണ്ടും അഭിനയിക്കണമെന്ന ആഗ്രഹമാണ് വീട്ടുകാർക്കും. സിനിമയിലൂടെ മടങ്ങിവരാനാണ് ആഗ്രഹിച്ചത്. എന്നാൽ മികച്ച കഥാപാത്രം വന്നത് സീരിയിലിൽ. സിനിമയിൽ വീണ്ടും അഭിനയിക്കാൻ ആഗ്രഹിക്കുന്നു. നല്ല കഥാപാത്രത്തിലൂടെ വരണം.
പുതിയ കാഴ്ചകൾ, യാത്രകൾ, സ്വന്തം യുടൂബ് ചാനൽ?
ഭർത്താവ് ഗോപിമേനോൻ ദുബായിൽ എപ് സ്കോ എന്ന കമ്പനിയിൽ റീജണൽ മാനേജർ. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കമ്പനിയാണത്. ഞങ്ങൾ രണ്ടുപേരും യാത്രകളെ സ്നേഹിക്കുന്നവർ. പാലക്കാടാണ് ഗോപിഏട്ടന്റെ നാട്. വിവാഹം കഴിഞ്ഞു പത്താം ദിവസം ദുബായിൽ പോയി. പിന്നെ യാത്രകൾ തുടങ്ങി. പാരീസ്, ഫിൻലാൻഡ്,വിയന്ന, സിംഗപ്പൂർ, മലേഷ്യ മിക്ക രാജ്യങ്ങളും കണ്ടു. പാരീസ് സ്നേഹത്തിന്റെ സിറ്റിയാണ്. യാത്രകളാണ് യുടൂബ് ചാനൽ തുടങ്ങണമെന്ന ചിന്ത നൽകിയത്.ദുബായിലെ ഒരു ക്ഷേത്രത്തിന്റെ പരീക്ഷണ വിഡിയോ ആദ്യം ഇട്ടു. അത് ക്ളിക്കായി. ഒരു വർഷമായി യുടൂബിൽ ഞാനും റെയ്സ് വേൾഡ് ഒഫ് കളേഴ്സ് എന്ന ചാനലും സജീവം.വ്ളോഗറായതിനാൽ ദുബായിൽ നല്ല സ്ഥലങ്ങൾ എവിടെയെന്ന് അറിയാൻവേണ്ടി വിളിക്കുന്നവരുണ്ട്.
ദുബായ് ജീവിതം എന്താണ് സമ്മാനിച്ചത്?
ആദ്യത്തെ കുറച്ചുദിവസം ബുദ്ധിമുട്ട് തോന്നി.ഏട്ടൻ ഒാഫീസിൽ പോയാൽ ഞാൻ ഒറ്റയ്ക്ക്. പിന്നേ പുറത്തുപോവാൻ പഠിച്ചു. നല്ല സ്വാതന്ത്ര്യവും സുരക്ഷിതത്വവും നൽകുന്ന നഗരമാണ് ദുബായ്. ഞങ്ങൾ രണ്ടുപേരും ഫുഡിയാണ്. മുപ്പത്തിയഞ്ചുവർഷമായി ഗോപിഏട്ടൻ ദുബായിൽ. വ്യത്യസ്തമായ ഭക്ഷണം കിട്ടുന്ന സ്ഥലം അറിയാം. പുതിയ ഭക്ഷണം പരീക്ഷിക്കാറുണ്ട്. അത്യാവശ്യം വണ്ണംവച്ചു. ദുബായിൽ എത്തി നല്ല നോർത്ത് ഇന്ത്യൻ ഭക്ഷണം കഴിച്ചപ്പോഴാണ് ആ ഭക്ഷണത്തിന്റെ യഥാർത്ഥ രുചി അറിഞ്ഞത്.
ഇഷ്ടമാണ് നൂറുവട്ടത്തിനുശേഷം പിന്നീട് സിനിമയിൽ നായികയായി കണ്ടില്ല?
ഒരുപാട് അവസരം വന്നു. എന്നാൽ ചെയ്തില്ല. ഇഷ്ടമാണ് നൂറുവട്ടത്തിനുശേഷം അഭിനയിക്കുന്നത് ലാലേട്ടന്റെ വർണ്ണപ്പകിട്ടിൽ.അതുകഴിഞ്ഞു എന്ന് സ്വന്തം ജാനകികുട്ടിക്ക്.സീരിയൽ ചെയ്യാൻ തുടങ്ങിയപ്പോൾ സിനിമ വീണ്ടും വന്നു.പിന്നേ സീരിയൽ മാത്രമായി.ഇനി കൂടുതൽ സിനിമ ചെയ്യാനാണ് ആഗ്രഹം.
ഗുരുവായൂർ ലിറ്റിൽ ഫ്ളവർ സ്കൂളിലെ ആ പഴയ ഒാട്ടൻതുള്ളൽകാരിയെക്കുറിച്ച് ഇടയ്ക്ക് ആലോചിക്കാറുണ്ടോ?
സംശയമെന്ത്. രണ്ടു പ്രാവശ്യം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി.'അനുരാഗ'ത്തിൽ ഒപ്പം അഭിനയിക്കുന്ന ദേവിയും ഞാനും കലാമണ്ഡലം ഗീതാശാന്റെ ശിഷ്യരാണ്. ചാക്യാർകൂത്തിലും സംഘനൃത്തത്തിലും പങ്കെടുത്തിട്ടുണ്ട്.
എല്ലാവർക്കും അറിയുന്നതല്ലാതെ ഒട്ടും പരിചിതയല്ലാത്ത ഒരു രശ്മിസോമനുണ്ടോ?
മുൻപ് ജീൻസ് ധരിച്ച് എന്നെ കണ്ടു ആളുകൾ അദ്ഭുതപ്പെട്ടിട്ടുണ്ട്.ദാവണി ധരിച്ചപ്പോൾ 'എന്താ ഇങ്ങനെ'യെന്ന ഭാവം. സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ വന്നതോടെ ഇതിനു മാറ്റം വന്നു. സീരിയലിൽ കരഞ്ഞുകൊണ്ടു കാണുന്നവരല്ല പുറത്തു ഞാനും അതിൽ അഭിനയിക്കുന്നവരും. ഞാൻ പാവമല്ല. എനിക്ക് എന്റേതായ നിലപാടുണ്ട്. ഞാൻ എന്നെ തന്നെയാണ് സന്തോഷിപ്പിക്കുക. സ്വയം സ് നേഹിക്കുന്ന വ്യക്തിയാണ് . എങ്കിൽ മാത്രമേ മറ്റൊരാൾക്ക് നമ്മെ സ് നേഹിക്കാൻ കഴിയൂ.ഇരുപതുവയസിൽ ഉണ്ടായിരുന്നതിനേക്കാൾ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഇപ്പോഴുണ്ട്.അന്നു സ് നേഹിച്ചതിനേക്കൾ കൂടുതൽ ഞാൻ ഇപ്പോൾ എന്നെ സ്നേഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |