തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പൊലീസിനെതിരെ വാർത്ത നൽകിയ മാദ്ധ്യമങ്ങൾക്കെതിരെ പ്രസ് കൗൺസിൽ ഒഫ് ഇന്ത്യയ്ക്ക് പരാതിയുമായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ. പൊലീസിനെതിരെ ചില മാദ്ധ്യമങ്ങൾ വ്യാജവാർത്തകൾ നൽകുന്നുവെന്നാരോപിച്ചാണ് പരാതി. ഉന്നത ഉദ്യോഗസ്ഥർക്കെതിര വ്യാജ വാർത്തകൾ നൽകുന്നതിൽ നടപടി വേണമെന്നാവശ്യപ്പെട്ട് ഐ.ജി ശ്രീജിത്ത് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ഈ കത്തും വാർത്തകളും ചേർത്താണ് പ്രസ് കൗൺസിലിന് ഡി.ജി.പി പരാതി നൽകിയത്.
അതേസമയം സ്വർണക്കടത്ത് കേസിൽ ദുബായിലുള്ള ഫൈസൽ ഫരീദിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ഇയാളെ പിടികൂടാൻ ഇന്റർപോൾ സഹായം തേടും. സന്ദീപിന്റെ ബാഗ് നാളെയാകും പരിശോധിക്കുക. ഇതിൽ നിർണായക തെളിവുണ്ടെന്നാണ് എൻ.ഐ.എ നിഗമനം.
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിൽ സ്വപ്ന സുരേഷിനെതിരായ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയേക്കും. ഇന്നലെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്വപ്നയ്ക്കെതിരെ കേസടുത്തത്. ഡോ. ജയശങ്കർ പ്രസാദിന്റെ പരാതിയിലാണ് സ്വപ്നയ്ക്കെതിരെയും പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ, വിഷൻ ടെക്നോളജി എന്നീ സ്ഥാപനങ്ങൾക്കെതിരെയും പൊലീസ് കേസെടുത്തത്. വ്യാജരേഖ, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |